യൂനിഫോമിന് ‘യൂനിഫോമിറ്റി’ വരുന്നു

Posted on: June 15, 2016 5:40 am | Last updated: June 15, 2016 at 12:41 am
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ വ്യത്യസ്ത യൂനിഫോം ധരിക്കുന്നത് അടുത്ത അധ്യയനവര്‍ഷം മുതല്‍ അനുവദനീയമല്ലെന്നു വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. യൂനിഫോം അടിക്കടി മാറ്റുന്ന പ്രവണത ഒഴിവാക്കണമെന്നും മൂന്ന് വര്‍ഷത്തിനിടയില്‍ യൂനിഫോം മാറ്റരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
എയ്ഡഡ് സ്‌കൂളുകളിലെ യൂനിഫോം മാറ്റുന്നതിന് ഹെഡ്മാസ്റ്റര്‍, എസ് എം സി അഥവാ പി ടി എ പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍, അധ്യാപക പ്രതിനിധി, വിദ്യാര്‍ഥി പ്രതിനിധി, എം പി ടി എ പ്രസിഡന്റ് എന്നിവരടങ്ങിയ കമ്മിറ്റിയുടെ തീരുമാനം ആവശ്യമാണ്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പി ടി എ, ഹെഡ്മാസ്റ്റര്‍, വിദ്യാര്‍ഥി പ്രതിനിധി എന്നിവര്‍ അടങ്ങിയ സമിതിയുടെ തീരൂമാനമാണ് ആവശ്യം. യൂനിഫോമിനായി അനുവദിച്ച തുക മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ പാടില്ല. എസ് എം സിയുടെ അംഗീകാരത്തോടെ സുതാര്യമായ നടപടിക്രമങ്ങളിലൂടെ മാത്രം യൂനിഫോം തുണി വാങ്ങുന്ന നടപടി പൂര്‍ത്തിയാക്കണം. യൂനിഫോമിന്റെ വിതരണോദ്ഘാടനപരിപാടിയില്‍ ജനപ്രതിനിധികളെ പങ്കെടുപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ എട്ടുവരെയുളള ക്ലാസുകളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും പട്ടികജാതി – വര്‍ഗ്ഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും ദാരിദ്ര്യരേഖക്ക് താഴെയുളള ആണ്‍കുട്ടികള്‍ക്കും യൂനിഫോം നല്‍കുന്നതിന് എസ് എസ് എ മുഖേന ഫണ്ട് നല്‍കിവരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here