Connect with us

Articles

കാലവര്‍ഷം: അപകടങ്ങള്‍ക്കെതിരെ മുന്‍കരുതലെടുക്കാം

Published

|

Last Updated

തിമിര്‍ത്ത് പെയ്ത് വീണ്ടുമൊരു മണ്‍സൂണ്‍ കാലമെത്തിയിരിക്കുന്നു. സംസ്ഥാനത്ത് പരക്കെ നല്ല മഴ പെയ്യുകയാണ്. ശക്തമായ ചൂടും കുടിവെള്ള ദൗര്‍ലഭ്യവും വെല്ലുവിളിയായ വേനലില്‍ നിന്ന് മണ്‍സൂണിലേക്കുള്ള മാറ്റം വലിയ ആശ്വാസമാണ്. അതേസമയം, മഴക്കാല ദുരന്തങ്ങളും തീരദേശത്തെ കടലാക്രമണ ഭീഷണിയുമെല്ലാം പതിവു പോലെ ഈ മേഖലകളില്‍ നെഞ്ചിടിപ്പ് കൂട്ടുന്നു. മഴക്കാല രോഗങ്ങളുടെ ആധി വേറെയും. ആവശ്യമായ മുന്‍കരുതലുകളെടുക്കുന്നതില്‍ വരുന്ന വീഴ്ച്ചയാണ് പലപ്പോഴും ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പാക്കിയാല്‍ മണ്‍സൂണ്‍ കാലം ആഹ്ലാദം നിറക്കും. കാലവര്‍ഷമെത്തിയെന്ന് സ്ഥിരീകരിച്ച ദിവസം തന്നെ പലയിടത്തും അപകടങ്ങള്‍ നടന്നു. മട്ടന്നൂരില്‍ മതില്‍ ഇടിഞ്ഞു വീണ് ഉമ്മയും കുഞ്ഞും മരിച്ചത് കഴിഞ്ഞ ദിവസമാണ്. ഇടുക്കിയില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കോട്ടയത്ത് താഴത്തങ്ങാടിയില്‍ സര്‍ക്കാര്‍ യു പി സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന അംഗനവാടി കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നു. അപകടത്തിന് തൊട്ടുമുമ്പ് കുട്ടികളെ മാറ്റിയതിനാല്‍ വന്‍ ദുരന്തമാണ് വഴിമാറിയത്. മലപ്പുറം മങ്കടയില്‍ സ്‌കൂള്‍ തകര്‍ന്നു. അവധി ദിവസമായതിനാലാണ് ദുരന്തം ഒഴിവായത്.
ഇത്തവണ കാലവര്‍ഷത്തില്‍ രാജ്യത്ത് ആറ് ശതമാനം കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. മഴ തുടങ്ങിയതോടെ തീരപ്രദേശങ്ങളെല്ലാം കടലാക്രമണ ഭീഷണിയിലാണ്. പലയിടങ്ങളിലും ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മഴയില്‍ വ്യാപക കൃഷി നാശവും ഉണ്ടായി. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തിനടിയിലായി. തെക്കന്‍ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു. മഴ കനത്തതോടെ മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാശനഷ്ടങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശമുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങളടക്കമുള്ളവയില്‍ കലക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാം.
പുനലൂരിലും ഇടുക്കിയിലുമാണ് ഇതുവരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. കേരളത്തില്‍ ഇത്തവണ കാലവര്‍ഷം കൂടുതല്‍ ശക്തമാകുമെന്നാണ് കണക്കുകൂട്ടല്‍. ശരാശരി 220 സെന്റീമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിക്കാറുള്ളതെങ്കിലും ഇക്കുറി ഇതില്‍ 8.9 ശതമാനത്തിന്റെ വര്‍ധന പ്രതീക്ഷിക്കുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം മഴ 14 ശതമാനം കുറവായിരുന്നു. കാലവര്‍ഷം തുടങ്ങിയതോടെ തന്നെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴ ലഭിച്ചു തുടങ്ങി എന്നതാണ് ഇത്തവണത്തെ പ്രത്യേകത.
കഴിഞ്ഞമാസം പകുതിക്ക് ശേഷം ആന്‍ഡമാന്‍ തീരത്തെത്തിയ കാലവര്‍ഷക്കാറ്റ് ബംഗാള്‍ ഉള്‍ക്കടല്‍വഴി ശ്രീലങ്കന്‍തീരം പിന്നിട്ട് അറബിക്കടല്‍ വഴിയാണ് എത്തുന്നത്. അറബിക്കടലിലെ സംവഹനപ്രക്രിയ, പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം, ദക്ഷിണാര്‍ധ ഗോളത്തില്‍ നിന്നുള്ള കാറ്റിന്റെ ശക്തി തുടങ്ങിയവയാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വരവിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍. ഇടവപ്പാതിക്ക് ശക്തിപകരാന്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂന മര്‍ദ്ദവും രൂപപ്പെട്ടിട്ടുണ്ട്.
ഗതാഗതം, കൃഷി, മറ്റ് ജീവനോപാധികള്‍ എന്നിവക്കെല്ലാം മഴ മൂലം നഷ്ടം സംഭവിക്കാറുണ്ട്. റോഡുകള്‍ തകരുന്നതും രൂപപ്പെടുന്ന കുഴികളില്‍ വെള്ളം നിറഞ്ഞ് അപകടവും മരണവും സംഭവിക്കുന്നത് മഴക്കാലത്തെ പതിവ് വാര്‍ത്തകളാണ്. ഒരു ചെറിയ ശ്രദ്ധ പുലര്‍ത്തിയാല്‍ ഒഴിവാക്കാന്‍ കഴിയുന്നതാണ് ഈ അപകടങ്ങള്‍. മഴയെത്തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടും ചെളിയും കാല്‍നട യാത്രയും വാഹന ഗതാഗതവും ദുരിതത്തിലാക്കുന്നു. ഇടവിട്ട് പെയ്ത മഴ കച്ചവട വ്യാപാര സ്ഥപനങ്ങളേയും ബാധിച്ചു. പ്രധാന ആറുകളിലെല്ലാം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. പൊന്‍മുടി അടക്കമുള്ള വിനോദസഞ്ചര മേഖലകളില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെയ്യാറില്‍ ഉല്ലാസബോട്ട് ഇറക്കുന്നത് അധികൃതര്‍ വിലക്കിയിട്ടുണ്ട്.
അപകടം ക്ഷണിച്ച് വരുത്തുന്ന മറ്റൊരു മേഖല വൈദ്യുതിരംഗമാണ്. അറ്റ് വീഴുന്ന വൈദ്യുതി കമ്പികളില്‍ സ്പര്‍ശിച്ച് ഷോക്കേറ്റ് മരിക്കുന്നവര്‍. വൈദ്യുതി ബോര്‍ഡും പൊതുസമൂഹവും ഇക്കാര്യത്തില്‍ ഒരു പോലെ കുറ്റക്കാരാണ്. അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുതി കമ്പികള്‍ അറ്റകുറ്റപണി നടത്തുന്നതില്‍ വരുത്തുന്ന വീഴ്ച്ചയാണ് ഇതിന് ഒരു കാരണം. വൈദ്യുതി ലൈനുമായി ചേര്‍ന്ന് നില്‍ക്കുന്ന മരങ്ങളുടെ ശിഖിരങ്ങള്‍ വെട്ടിമാറ്റുന്നതിലെ വീഴ്ച്ചയും അപകടത്തിന് വഴിവെക്കുന്നു. കട്ടിയുള്ള കമ്പി ഫ്യൂസ് വയറുകളായി ഉപയോഗിക്കുന്നത് അപകടമുണ്ടായാലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാതിരിക്കാന്‍ കാരണമാകുന്നു. അറ്റകുറ്റപ്പണി നടത്തുന്ന വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്കും മഴക്കാലത്ത് അപായം സംഭവിക്കാറുണ്ട്. അശ്രദ്ധമൂലമാണ് ഇത്തരം അപകടങ്ങളുണ്ടാകാറുള്ളത്. അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കാതിരിക്കുന്നതും അപകടം ക്ഷണിച്ച് വരുത്തും.
മണ്‍സൂണ്‍ കാലം നെഞ്ചിടിപ്പ് കൂട്ടുന്നത് പ്രധാനമായും തീരവാസികളെയാണ്. ഇപ്പോള്‍ തന്നെ തിരുവനന്തപുരം ജില്ലയുടെ പല തീരപ്രദേശങ്ങളും ശക്തമായ കടലാക്രമണ ഭീഷണിയിലാണ്. കടലാക്രമണം ശക്തമാവാന്‍ സാധ്യത ഉള്ളതിനാല്‍ സമീപത്തെ പലരും ബന്ധുവീടുകളിലേക്ക് മാറി. മത്സ്യത്തൊഴിലാളികള്‍ കരയില്‍ ഉണക്കാനിട്ടിരുന്ന മത്സ്യബന്ധന ഉപകരണങ്ങളും കടലെടുത്തു. സ്ഥലത്തെ വൈദ്യുതി പോസ്റ്റുകളും കെട്ടിടങ്ങളും ഇളകി. കൂടാതെ ശക്തമായ തിരയില്‍ കടപ്പുറത്തുണ്ടായിരുന്ന വള്ളങ്ങള്‍ കൂട്ടിയിടിച്ച് കേടുപാടുകള്‍ പറ്റിയതായും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
മഴക്കാലത്തെ കൃഷി നാശം പതിവ് വാര്‍ത്തയാണ്. കാറ്റിലും മഴയിലും ഈ രംഗത്ത് വലിയ നഷ്ടമാണ് എല്ലാവര്‍ഷവും സംഭവിക്കാറുള്ളത്. ജാഗ്രത പാലിക്കേണ്ട മറ്റൊരു മേഖല ആരോഗ്യരംഗമാണ്. മണ്‍സൂണ്‍ കാലത്താണ് പകര്‍ച്ചാവ്യാധികള്‍ പടരുന്നത്. പലപേരുകളിലുള്ള പനിയും മറ്റു മഴക്കാല രോഗങ്ങളും കേരളത്തിലും പതിവാണ്. ഇത്തവണ കോഴിക്കോട് ജില്ലയില്‍ മലേറിയ റിപ്പോര്‍ട്ട് ചെയ്തുവെന്ന വാര്‍ത്തകള്‍ ഇതിനകം വന്ന് കഴിഞ്ഞു. ശക്തമായ ജാഗ്രതാ നിര്‍ദേശമാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്. എച്ച് 1 എന്‍ 1, ഡെങ്കിപ്പനി തുടങ്ങി പലതരം രോഗങ്ങള്‍ ഇക്കാലത്ത് പടര്‍ന്ന് പിടിക്കാറുണ്ട്.
ഡെങ്കി പനി വര്‍ഷം തോറും തീവ്രത ഏറി വരുന്ന രോഗാതുരതയിലും മരണനിരക്കിലും മറ്റെല്ലാ കൊതുകുജന്യരോഗങ്ങളേക്കാളും ബഹുദൂരം മുന്നിലാണ്. നൂറിലേറെ രാജ്യങ്ങളിലായി പ്രതിവര്‍ഷം ഏകദേശം 10 കോടി ആളുകള്‍ക്ക് ഡെങ്കി പനി ബാധിക്കുന്നതായാണ് കണക്ക്. ഇതില്‍ അഞ്ച് ലക്ഷത്തോളം പേര്‍ക്ക് രക്തസ്രാവത്തോട് കൂടിയ ഡെങ്കിപ്പനി അഥവാ ഡെങ്കി ഹെമറെറ്റിക്ക് ഫീവര്‍ ബാധിക്കുന്നവരാണ്. ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേ ചികില്‍സിക്കാത്ത പക്ഷം ഡെങ്കി പനി ഡെങ്കി ഹെമെറെറ്റിക് ഫീവര്‍ ആയി മാറി മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്
നൂറിലേറെ രാജ്യങ്ങളെ ഭീതിയുടെ മുനയില്‍ നിര്‍ത്തിയ എച്ച്1എന്‍1 മഹാമാരിയായും മുദ്രകുത്തപ്പെട്ടിരുന്നു. പകര്‍ച്ചപ്പനിയുണ്ടാക്കുന്ന ഇന്‍ഫഌവെന്‍സ വൈറസിന്റെ ജനിതക സങ്കലനം മൂലമുണ്ടായതാണ് ഒ1 ച1 ഇന്‍ഫഌവെന്‍സ വൈറസ്. ലോകാരോഗ്യ സംഘടന ജാഗ്രതാ നില ആറ് ആയി പ്രഖ്യാപിച്ചിട്ടുള്ള പന്നിപ്പനി സൂക്ഷിച്ചില്ലെങ്കില്‍ മരണം തന്നെ സംഭവിക്കാവുന്ന രോഗമാണ്. പ്രതികൂലമാകുന്ന ഇത്തരം സാഹചര്യങ്ങള്‍ മുന്‍കരുതല്‍ നടപടികളിലൂടെ നേരിടാന്‍ കഴിയും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രചാരണ പരിപാടികള്‍ നടത്തുന്നുണ്ട്. ശുചിത്വം ഇതിലൊരു വലിയ ഘടകമാണ്. സംസ്ഥാന സര്‍ക്കാറിന്റെ മഴക്കാല പൂര്‍വശുചീകരണം തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇതിനകം നടന്നു കഴിഞ്ഞു.
മഴക്കാലം വലിയ പ്രതീക്ഷയുടെ കാലംകൂടിയാണ്. അതികഠിനമായ നീണ്ട വേനലിനൊടുവില്‍ മഴയെത്തുമ്പോള്‍ കാര്‍ഷിക, ഉത്പാദന രംഗങ്ങളില്‍ ആഹ്ലാദം നിറഞ്ഞ് നില്‍ക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും കാലവര്‍ഷം കുറവായിരുന്നു. കഴിഞ്ഞതവണ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ സംസ്ഥാനത്ത് 1514.3 മില്ലീമിറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. 26 ശതമാനം കുറഞ്ഞിരുന്നു. സാധാരണ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍വരെ 204 സെന്റിമീറ്റര്‍ മഴയാണ് കേരളത്തില്‍ കിട്ടേണ്ടത്. എന്നാല്‍ ഇത്തവണ ആറ് മുതല്‍ 10 വരെ ശതമാനം അധികം മഴകിട്ടുമെന്നാണ് പ്രതീക്ഷ.
പസഫിക് സമുദ്രതാപനില ഉയര്‍ന്നതുമായ ബന്ധപ്പെട്ട എല്‍നിനോ എന്ന പ്രതിഭാസത്തിന്റെ ഫലമായി കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യന്‍ കാലവര്‍ഷം പരാജയമായിരുന്നു. എന്നാല്‍ എല്‍ നിനോ മാറി ലാ നിനോ എന്ന എതിര്‍ പ്രതിഭാസം പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ വര്‍ഷം പതിവിലും കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്.