ഇറാഖിലെ സിറിയന്‍ അഭയാര്‍ഥി ക്യാമ്പിലെ വാഷ് പദ്ധതി പൂര്‍ത്തിയായി

Posted on: June 14, 2016 8:22 pm | Last updated: June 14, 2016 at 8:22 pm
SHARE

washദോഹ: ഇറാഖി കുര്‍ദിസ്ഥാനിലെ സിറിയന്‍ അഭയാര്‍ഥി ക്യാംപില്‍ ഖത്വര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ വാഷ് (വാട്ടര്‍, സാനിറ്റേഷന്‍, ഹൈജീന്‍) പദ്ധതി പൂര്‍ത്തിയായി. ഇര്‍ബിലിലെ ഖുശ്താപ സിറിയന്‍ അഭയാര്‍ഥി ക്യാംപില്‍ പൂര്‍ത്തിയാക്കിയ പദ്ധതി കുര്‍ദിശ് സര്‍ക്കാറിന് കൈമാറി.
2.25 ലക്ഷം ഡോളര്‍ ചെലവായ പദ്ധതിയുടെ 60 ശതമാനം യൂനിസെഫ് ഫണ്ട് ആയിരുന്നു. 40 ശതമാനത്തിന് പുറമെ പദ്ധതി നിര്‍വഹണവും ക്യു ആര്‍ സി എസ് നടത്തി. 969 ശൗച്യാലയങ്ങളും ക്യാംപിലുടനീളം മലിനജല ശൃംഖലയും നിര്‍മിച്ചു. 892 ടെന്റുകളിലായി 5300 അഭയാര്‍ഥികളാണ് ഇവിടെയുള്ളത്. അധികവും സ്ത്രീകളും കുട്ടികളുമാണ്. ഇറാഖി കുര്‍ദിസ്ഥാനിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി 23 ലക്ഷം ഡോളറിന്റെ പദ്ധതികള്‍ക്ക് ക്യു ആര്‍ സി എസും യൂനിസെഫും കൈകോര്‍ത്തിട്ടുണ്ട്.