ഉംറക്ക് പോകുന്ന പ്രമേഹ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എച്ച് എം സി

Posted on: June 14, 2016 8:12 pm | Last updated: June 14, 2016 at 8:12 pm

ദോഹ: റമസാനില്‍ ഉംറക്ക് നിര്‍വഹിക്കുന്ന പ്രമേഹരോഗികള്‍ പുറപ്പെടുന്നതിന് മുമ്പ് വിശദ ആരോഗ്യ പരിശോധന നടത്തണമെന്ന് വിദഗ്ധര്‍. പരിശോധനയില്‍ എല്ലാം ശരിയാണെങ്കിലും നിശ്ചിത അളവില്‍ മരുന്നും ബ്ലഡ് ഷുഗര്‍ പരിശോധിക്കുന്ന ഉപകരണവും കൈവശം കരുതണം. ചൂട് ശക്തമായ പകലിന് പകരം രാത്രിയില്‍ ഉംറ നിര്‍വഹിക്കാന്‍ തിരഞ്ഞെടുക്കുക, ഉംറക്കിടെയുള്ള തുടര്‍ച്ചയായ നടത്തത്തിനടയില്‍ വെള്ളവും മറ്റ് പാനീയങ്ങളും കുടിക്കുക, സ്വന്തം ആരോഗ്യ സ്ഥിതി അറിയുന്ന മറ്റൊരാളുടെ കൂടെ ഉംറ നിര്‍വഹിക്കുക, രക്തത്തില്‍ ഷുഗറിന്റെ അളവ് കുറഞ്ഞാല്‍ മറികടക്കാന്‍വേണ്ട മരുന്നുകള്‍ കഴിക്കുക, ക്ഷീണവും തളര്‍ച്ചയും മയക്കവും അനുഭവപ്പെട്ടാല്‍ ചെയ്യുന്ന പ്രവൃത്തി നിര്‍ത്തി ഡോക്ടറുടെ സഹായം തേടുക തുടങ്ങിയ കാര്യങ്ങളും ഉംറ നിര്‍വഹിക്കുന്ന പ്രമേഹരോഗികള്‍ ശ്രദ്ധിക്കണമെന്ന് എച്ച് എം സി മെഡിസിന്‍ ചെയര്‍മാന്‍ പ്രൊഫ. അബുസംറ പറഞ്ഞു.
പ്രമേഹ രോഗികള്‍ റമസാനില്‍ ചുരുങ്ങിയത് 30 മിനുട്ടെങ്കിലും കായിക വ്യായാമം ചെയ്യണം. അതേസമയം നോമ്പ് സമയത്ത് അമിതമായ കായിക പ്രവര്‍ത്തനം നടത്തുകയുമരുത്. ഇഫ്താറിന് രണ്ട് മണിക്കൂര്‍ മുമ്പ് തീരെയരുത്. ഇഫ്താറിന് ശേഷമോ അത്താഴത്തിന് മുമ്പോ ആണ് കായിക പ്രവര്‍ത്തനം നടത്താന്‍ യോജിച്ച സമയം.
നടത്തം, നീന്തല്‍, സൈക്കിളിംഗ് തുടങ്ങിയ വ്യായാമങ്ങള്‍ നടത്താം. അമിതഭാരമുള്ളവര്‍ ഒരു മണിക്കൂര്‍ വ്യായാമം ചെയ്യണം. പ്രമേഹരോഗികള്‍ രാത്രിയില്‍ ആവശ്യത്തിന് ഉറങ്ങണം. സൂര്യപ്രകാശത്തിലും കനത്ത ചൂടിലും കൂടുതല്‍ നേരം നില്‍ക്കരുത്. നിര്‍ജലീകരണം മൂലം വൃക്ക തകരാര്‍ തടയുന്നതിന് വ്യായാമത്തിനിടയിലും അതിന് മുമ്പും വെള്ളം കുടിക്കണം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് 100 മില്ലിഗ്രാമിനേക്കാള്‍ കുറഞ്ഞാലും 300നേക്കാള്‍ കൂടിയാലും വ്യായാമം ചെയ്യരുത്. ഉയര്‍ന്ന ഷുഗര്‍ കാരണം മൂത്രത്തിലൂടെ ധാരാളം വെള്ളം പോകുകയും നിര്‍ജലീകരണം സംഭവിക്കുകയും ചെയ്യും.