ബുര്‍ജ് ഖലീഫയിലെ താമസക്കാര്‍ക്ക് നോമ്പ് ദൈര്‍ഘ്യമേറിയത്

Posted on: June 14, 2016 3:24 pm | Last updated: June 15, 2016 at 4:50 pm

003_skidmore_owings_merrill_burj_khalifa_theredlistദുബൈ:ലോകത്തിലെ ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ ഉയര്‍ന്ന നിലകളില്‍ താമസിക്കുന്നവര്‍ക്ക് വ്രതാനുഷ്ഠാനത്തിന് ദൈര്‍ഘ്യമേറുമെന്ന് ദുബൈ ഗ്രാന്റ് മുഫ്തി അഹ്മദ് അല്‍ ഹദ്ദാദ്. സമുദ്ര നിരപ്പില്‍ നിന്ന് ഉയരം കൂടിയ സ്ഥലങ്ങളില്‍ സൂര്യാസ്തമയ സമയത്തില്‍ മാറ്റം വരും എന്നതിനാലാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാന ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സമുദ്ര നിരപ്പില്‍ നിന്നും ഓരോ 1.5 കിലോമീറ്റര്‍ ഉയരത്തില്‍ എത്തുംതോറും സൂര്യാസ്തമയം ഒരു മിനിറ്റ് വൈകിയാണ് സംഭവിക്കുക. അതുപോലെ സൂര്യോദയവും നേരത്തേ നടക്കുന്നുണ്ട്, അദ്ദേഹം ചൂണ്ടിക്കാട്ടി.

ബുര്‍ജ് ഖലീഫയിലെ 80 മുതല്‍ 150 വരെയുള്ള നിലകളില്‍ താമസിക്കുന്നവര്‍ക്ക് രണ്ട് മിനുറ്റുകളുടെയും ഉയര്‍ന്ന നിലകളില്‍ താമസിക്കുന്നവര്‍ക്ക് മൂന്ന് മിനുറ്റുകളുടെയും വ്യത്യാസം അനുഭവപ്പെടും. മഗ്‌രിബ് ബാങ്ക് കേട്ടതിന് ശേഷവും ഉയര്‍ന്ന പ്രതലങ്ങളില്‍ നിന്ന് സൂര്യനെ ദര്‍ശിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ സൂര്യാസ്തമയം ദര്‍ശിച്ച ശേഷമേ ഇഫ്താറിന് സമയമാകുകയുള്ളൂ. പ്രഭാത നിസ്‌കാരത്തിനും അത്താഴ സമയ ക്രമീകരണത്തിനും ഇതേ രീതി പിന്‍പറ്റണം, അദ്ദേഹം ഓര്‍മിപ്പിച്ചു.

ജനങ്ങള്‍ അവര്‍ താമസിക്കുന്ന അതാതു രാജ്യത്തെ സൂര്യാസ്തമയ സമയത്തിനനുസരിച്ച് നോമ്പ് മുറിക്കണം. എന്നാല്‍ വിമാന യാത്രികര്‍ യാത്രാവേളയില്‍ സൂര്യാസ്തമയം ഉറപ്പ് വരുത്താതെ നോമ്പ് മുറിക്കരുത്. യാത്ര പുറപ്പെട്ട രാജ്യത്തിന്റെയോ പോകേണ്ടുന്ന രാജ്യത്തിന്റെയോ ഇഫ്താര്‍ സമയം വൈമാനികന് ബാധകമല്ല. യാത്രാമധ്യേ സൂര്യാസ്തമയം ദര്‍ശിക്കുകയോ നടന്നുവെന്ന് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളില്‍ നിന്ന് അറിയിപ്പ് ലഭിക്കുകയോ ചെയ്തതിന് ശേഷം മാത്രമേ ഇഫ്താറിന് ഒരുങ്ങാവൂവെന്നും അദ്ദേഹം നിര്‍ദേശിച്ചു.