മെസേജുകള്‍ ‘ക്വാട്ട്’ ചെയ്ത് മറുപടി അയക്കാന്‍ പുതിയ സംവിധാനവുമായി വാട്‌സ്ആപ്

Posted on: June 14, 2016 3:02 pm | Last updated: June 14, 2016 at 3:02 pm

whatsuppദുബൈ:സന്ദേശങ്ങള്‍ക്ക് മറുപടി അയക്കുന്നതിനായി പുതിയ സംവിധാനവുമായി വാട്‌സ്ആപ്. ക്വാട്ട് എന്ന പുതിയ സവിശേഷതയോടുകൂടിയ സംവിധാനമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ മറുപടി അയക്കുമ്പോള്‍ നമുക്ക് കിട്ടിയ മെസേജ് പ്രത്യേകം എടുത്തു കാണിച്ച് (ക്വാട്ട് ചെയ്ത്) അയക്കാനാകും. വ്യക്തികള്‍ക്കും ഗ്രൂപ്പിലും അയക്കുന്ന മറുപടി സന്ദേശങ്ങള്‍ക്ക് ഈ സൗകര്യം ലഭ്യമാണ്.
വളരെ ലളിതമായ രീതിയില്‍ ഇത് ഉപയോഗിക്കാനാകും. ഇതിനായി സ്വീകരിച്ച ടെക്സ്റ്റ് മെസേജോ വീഡിയോ മെസേജോ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് മറുപടി നല്‍കേണ്ട സന്ദേശത്തില്‍ അമര്‍ത്തി പിടിച്ചാല്‍ പോപ്-അപ് ആയി മറുപടി സന്ദേശം കാണാനാകും. ഇതില്‍ ഫോര്‍വേഡ്, റീപ്ലേ, ഡിലീറ്റ്, കോപ്പി ഒപ്ഷനുകള്‍ കാണാം. അടുത്തഘട്ടം വളരെ എളുപ്പമാണ്. റീപ്ലേ ഒപ്ഷനില്‍ അമര്‍ത്തിയാല്‍ ഏതാണോ സന്ദേശം അത് ക്വാട്ട് ആയി മാറും. ശേഷം അതിന് താഴെ ഉപഭോക്താക്കള്‍ക്ക് മറുപടി അയക്കാവുന്നതാണ്.
ബീറ്റ വേര്‍ഷനില്‍ ചില ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കു മാത്രം ലഭിച്ചിരുന്ന സംവിധാനം ഇപ്പോള്‍ എല്ലാ ആന്‍ഡ്രോയ്ഡ്, ഐ ഒ എസ് ഉപഭോക്താക്കള്‍ക്കും ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. പുതിയ വേര്‍ഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാനാകും.അതേസമയം സന്ദേശം അയച്ചയാള്‍ക്ക് ഇത്തരത്തില്‍ ലഭിക്കുന്ന ക്വാട്ടഡ് മറുപടികള്‍ പ്രത്യേക നിറത്തിലുള്ള ബോക്്‌സിലായാണ് കാണുക.