ദുബൈയുടെ എണ്ണയിതര വാണിജ്യത്തില്‍ വന്‍ വര്‍ധന

Posted on: June 14, 2016 2:51 pm | Last updated: June 14, 2016 at 2:51 pm

dubaiദുബൈ:ദുബൈയുടെ എണ്ണയിതര വാണിജ്യ ഇടപാട് 17 ശതമാനം വര്‍ധിച്ചതായി ദുബൈ കസ്റ്റംസ് വെളിപ്പെടുത്തി. 31900 കോടിയുടെ വ്യാപാരമാണ് ഈ വര്‍ഷം ആദ്യപാദം നടന്നത്. 2.4 കോടി ടണ്‍ ഉല്‍പന്നങ്ങളുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. പുനഃകയറ്റുമതി 35 ശതമാനം വര്‍ധിച്ചു. 41 ലക്ഷം ടണ്ണാണ് പുനഃകയറ്റുമതി നടന്നത്. കയറ്റുമതിയില്‍ 26 ശതമാനത്തിന്റെ വര്‍ധനവുണ്ട്.

19600 കോടി ദിര്‍ഹമിന്റെ ഇറക്കുമതി, 3600 കോടി ദിര്‍ഹമിന്റെ കയറ്റുമതി, 8700 കോടി ദിര്‍ഹമിന്റെ പുനഃകയറ്റുമതി നടന്നിട്ടുണ്ട്. മൊബൈല്‍ ഫോണുകളാണ് ഏറ്റവും കൂടുതലായി കയറ്റിറക്കുമതി ചെയ്തത്. 4300 കോടി ദിര്‍ഹമിന്റെ ഇടപാട് നടന്നു. സ്വര്‍ണം 3200 കോടിയുടെ ഇടപാട് നടത്തി രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്ത് രത്‌നങ്ങളാണ്. 2300 കോടി ദിര്‍ഹമിന്റെ വാണിജ്യമാണ് നടന്നത്. ആഭരണങ്ങള്‍ 1800 കോടി ദിര്‍ഹമിന്റെ വ്യാപാരം നടത്തി.

ദുബൈയുടെ വാണിജ്യ പങ്കാളിത്തത്തില്‍ ചൈനക്കാണ് ഒന്നാം സ്ഥാനം. 3900 കോടി ദിര്‍ഹമിന്റെ ഇടപാടാണ് ചൈനയുമായി നടത്തിയത്. ഇന്ത്യക്ക് രണ്ടാം സ്ഥാനമുണ്ട്. 2400 കോടി ദിര്‍ഹമിന്റെ ഇടപാട് നടന്നിട്ടുണ്ട്. അമേരിക്കയുമായി 2200 കോടി ദിര്‍ഹമിന്റെ ഇടപാട് നടന്നു. ജി സി സി രാജ്യങ്ങളില്‍ സഊദി അറേബ്യയാണ് ഒന്നാം സ്ഥാനത്ത്. വാണിജ്യ രംഗത്ത് ദുബൈ സുരക്ഷിതമായ ഇടമാണെന്ന് പോര്‍ട്, കസ്റ്റംസ് ആന്‍ഡ് ഫ്രീസോണ്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലൈം ചൂണ്ടിക്കാട്ടി.