Connect with us

Malappuram

സേ പരീക്ഷയില്‍ ആള്‍മാറാട്ടം; നാല് പേര്‍ പിടിയില്‍

Published

|

Last Updated

എടപ്പാള്‍: പ്ലസ്ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ നാല് പേര്‍ പിടിയില്‍. ഇന്നലെ പൂക്കരത്തറ ദാറുല്‍ ഹിദായ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളാണ് പിടിയിലായത്. സംഭവത്തില്‍ നാല് പേര്‍ ഒളിവിലാണ്. പുറങ്ങ് സ്വദേശി ശാഹിദ് ഇര്‍ഫാന്‍(18), അംശകച്ചേരി സ്വദേശി ശബീബ്(18), മാണൂര്‍ സ്വദേശി സല്‍മാന്‍ ഫാരിസ്(18), പന്താവൂര്‍ സ്വദേശി മുബാരിസ്(19)എന്നിവരാണ് പടിയിലായത്. ഫായിസ് റഹ്മാന്‍, അജ്മല്‍, ആശിഖ് മോന്‍, മുഹമ്മദ് അര്‍ഷാദ് എന്നിവരാണ് ഒളിവിലുള്ളത്. ഇവര്‍ക്ക് വേണ്ടിയാണ് പിടിയിലായവര്‍ പരീക്ഷയെഴുതിയത്. ഇതേ സ്‌കൂളില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പ്ലസ് ടു പരീക്ഷയില്‍ വിജയിച്ചവരാണ് പിടിയിലായവര്‍. ഇവര്‍ കൊമേഴ്‌സ്, സയന്‍സ് വിഷയങ്ങള്‍ പഠിച്ചവരാണ്. കഴിഞ്ഞ ദിവസം നടന്ന സേ പരീക്ഷയും ഇവര്‍ എഴുതിയതായും ഒരു പരീക്ഷ കൂടി ഇവര്‍ക്ക് എഴുതാനുള്ളതായും അന്വേഷണത്തില്‍ വ്യക്തമായി. പരീക്ഷക്ക് അപേക്ഷിച്ചവരുടെ ഹാള്‍ ടിക്കറ്റിലെ ഫോട്ടോ മാറ്റി ഒട്ടിച്ച് അറ്റസ്റ്റ് ചെയ്താണ് ഇവര്‍ പരീക്ഷക്കെത്തിയത്. പരീക്ഷാഹാളില്‍ നിന്ന ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ഒരാള്‍ പിടിയിലായത്. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ മറ്റ് ക്ലാസുകളില്‍ പരീക്ഷയെഴുതിയവരും പിടിയിലാവുകയായിരുന്നു. ഉടനെ സ്‌കൂള്‍ അധികൃതര്‍ ഹയര്‍ സെക്കന്‍ഡറി അധികൃതരുമായി ബന്ധപ്പെടുകയും അവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ചങ്ങരംകുളം പോലീസ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു.