തിരഞ്ഞെടുപ്പ് തോല്‍വി: കെ സി അബുവിന്റെ സ്ഥാനം തെറിച്ചേക്കും

Posted on: June 14, 2016 9:43 am | Last updated: June 14, 2016 at 9:43 am
SHARE

k c abuകോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനവുമായി ബന്ധപ്പെട്ട് ഡി സി സി പ്രസിഡന്റ് കെ സി അബുവിന് സ്ഥാനം തെറിക്കാന്‍ സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച മേഖലാ റിപ്പോര്‍ട്ട് അടുത്ത മാസം അഞ്ചിനകം സമര്‍പ്പിക്കാന്‍ കെ പി സി സി സി പ്രസിഡന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടാകുമെന്നും മുന്‍കാലങ്ങളിലേത് പോലെയായിരിക്കില്ലെന്നും സുധീരന്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ പി സി സി നേതൃത്വത്തില്‍ മാറ്റമൊന്നും വേണ്ടെന്ന് എ ഐ സി സി നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ചില ഡി സി സി പ്രസിഡന്റുമാര്‍ക്ക് സ്ഥാനം പോകുമെന്നാണ് സൂചന. കെ പി സി സി ഭാരവാഹികളെയും ഡി സി സി ഭാരവാഹികളയും മാറ്റി പ്രതിഷ്ഠിക്കുന്നതിന് ദേശീയ നേതൃത്വത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ഡി സി സിയില്‍ ഭാരവാഹികളില്‍ പലര്‍ക്കും സ്ഥാനം തെറിക്കാന്‍ സാധ്യതയുണ്ട്.

യൂത്ത് കോണ്‍ഗ്രസിന്റെ നേതാക്കളില്‍ ചിലര്‍ ഡി സി സി ഭാരവാഹി സ്ഥാനത്തേക്ക് കടന്നു വരും. കഴിഞ്ഞ പുനഃസംഘടനയില്‍ ജംബോ കമ്മിറ്റിയാണ് കോഴിക്കോട് ഡി സി സിക്ക് ഉണ്ടായത്. ഇവരില്‍ പലരും പ്രവര്‍ത്തന രംഗത്ത് പരാജയമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സി അബുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം നേരത്തെ നഗരത്തില്‍ പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
തുടര്‍ച്ചയായി മൂന്നാമത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും ജില്ലയില്‍ നിന്ന് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പോലും വിജയിക്കാത്ത സാഹചര്യത്തിലാണ് ഡി സി സി പ്രസിഡന്റ് കെ സി അബുവിന് എതിരായ നീക്കം നടക്കുന്നത്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ ബേപ്പൂരിലും കുന്ദമംഗലത്തും കോണ്‍ഗ്രസിനെ ഒറ്റിക്കൊടുത്ത കെ സി അബുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കെ സി അബു സി പി എമ്മിനായി വോട്ടു മറിച്ചതായും പോസ്റ്ററുകളില്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ ഡി സി സി നേതൃത്വത്തില്‍ നിന്ന് പ്രസിഡന്റ് കെ സി അബുവിനെ ഒഴിവാക്കണമെന്നാണ് ഒരു പക്ഷം പറയുന്നത്. പദവിയില്‍ നിന്ന് താന്‍ ഒഴിയില്ലെന്ന് കെ സി അബു അസന്നിഗ്ധമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ മാറ്റാനായി പ്രബലന്മാര്‍ തന്നെ രംഗത്തുണ്ടെന്നാണ് അറിയുന്നത്.
മാത്രമല്ല കെ പി സി സി പ്രസിഡന്റ് വി എം സുധീരനും കെ സി അബുവിനോട് അത്ര താത്പര്യമില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നടന്ന കെ പി സി സി യോഗത്തില്‍ ഡി സി സിയുടെ പ്രവര്‍ത്തനവീഴ്ചക്കെതിരെ വി എം സുധീരന്‍ നിശിത വിമര്‍ശമാണ് നടത്തിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വീഴ്ചയും ഭാരവാഹി നിയമനത്തിലെ അപാകതയും തിരഞ്ഞെടുപ്പിലെ തിരിച്ചടിയും ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശം. എം കെ രാഘവന്‍ എം പിയടക്കമുള്ള ഒരു വലിയ വിഭാഗം കോണ്‍ഗ്രസുകാര്‍ അബുവിനെ മാറ്റണമെന്ന ആവശ്യക്കാരാണത്രെ. ജില്ലയില്‍ ഏതെങ്കിലും സീറ്റില്‍ മത്സരിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും എവിടെയും സീറ്റ് നല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ല. ഇത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെയും ബാധിച്ചതായി കെ സി അബു വിരുദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബേപ്പൂരില്‍ കെ സി അബു നടത്തിയ വിവാദ പ്രസംഗവും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി ഈ വിഭാഗം ആരോപിക്കുന്നു. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞുടുപ്പില്‍ ബി ജെ പിക്ക് സീറ്റ് ലഭിക്കാന്‍ കാരണം കോണ്‍ഗ്രസിന് ചില സീറ്റില്‍ ജയിക്കാന്‍ ബി ജെ പിക്ക് വോട്ട് മറിച്ചതായി ആരോപണമുയര്‍ന്നിരുന്നു. കെ സി അബു മാറിയാല്‍ ഡി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് അഡ്വ ടി സിദ്ദീഖ്, പി എം സുരേഷ്ബാബു എന്നിവരെയാണ് പരിഗണിക്കാന്‍ സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here