Connect with us

Articles

കുറ്റിയില്‍ അന്ത്രു ഹാജി: നിസ്വാര്‍ഥതയുടെ മാതൃക

Published

|

Last Updated

വടകര ആയഞ്ചേരിയിലെ കുറ്റിയില്‍ അന്ത്രു ഹാജി (അബ്ദുറഹ്മാന്‍ ഹാജി) വിടപറഞ്ഞു. സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥമായി മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയ നിസ്വാര്‍ഥ സേവകനായിരുന്നു അന്ത്രു ഹാജി. വളരെകാലമായി അദ്ദേഹവുമായി എനിക്ക് ആത്മബന്ധമുണ്ട്. വ്യത്യസ്തമായ വ്യക്തിത്വമായിരുന്നു അന്ത്രു ഹാജി. മതവിജ്ഞാനത്തെയും പണ്ഡിതന്മാരെയും അതിരുകളില്ലാതെ അദ്ദേഹം പ്രിയം വെച്ചു. മര്‍കസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞ സഹകരണം അദ്ദേഹത്തിന്റേതായി ഉണ്ടായിരുന്നു. വ്യാപാര രംഗത്ത് അനേകം സ്ഥാപനങ്ങള്‍ അബ്ദുര്‍ഹ്മാന്‍ ഹാജിക്കുണ്ടായിരുന്നു.
ഖത്വറിലെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലെ ലാഭത്തില്‍ നിന്നുള്ള ഒരു വിഹിതം കൃത്യമായി മര്‍കസിന് എത്തിച്ചു തന്നിരുന്നു. കാരന്തൂരിലെയും മരഞ്ചാട്ടിയിലെയും മര്‍കസ് ഒര്‍ഫനേജുകളില്‍ കുട്ടികള്‍ക്ക് ഭക്ഷണവും വസ്ത്രവും എത്തിക്കുക പതിവായിരുന്നു. മര്‍കസിന്റെ ചെറിയ പരിപാടികളില്‍ പോലും അന്ത്രു ഹാജിയുടെ സാന്നിധ്യം കാണാമായിരുന്നു . മര്‍കസ് എക്‌സലന്‌സി ക്ലബ്ബില്‍ അംഗമായിരുന്നു അദ്ദേഹം. അവസാനം മര്‍കസില്‍ വന്നത് കഴിഞ്ഞ സഖാഫി സംഗമത്തിന് ആണെന്നാണ് ഓര്‍മ. അന്ന് പരിപാടിയില്‍ കുറെ നേരം ഇരുന്നു. പ്രാര്‍ഥനകളില്‍ പങ്കെടുത്തു.
മര്‍കസിന്റെ മാത്രമല്ല, എല്ലാ സുന്നി സ്ഥാപനങ്ങളുടെയും സഹാകാരിയായിരുന്നു അന്ത്രു ഹാജി. സ്വന്തം നാട്ടിലും സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം കൈമറന്നു സഹായിച്ചു. ശാരീരികമായി പ്രവര്‍ത്തകരുടെ കൂടെ നടന്നു. പൈങ്ങോട്ടായി സുന്നി മഹല്ല് പ്രസിഡന്റയിരുന്നു ഹാജി. സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാദാത്തീങ്ങളുമായും പണ്ഡിതന്മാരുമായും അഗാധമായ ആത്മബന്ധമുണ്ടായിരുന്നു ഹാജിക്ക്. സ്ഥാനമാനങ്ങള്‍ ഒന്നും ആഗ്രഹിച്ചില്ല. പലപ്പോഴും സ്ഥാപനങ്ങള്‍ക്കും മറ്റും നല്‍കുന്ന സ്വദഖകളും സഹായങ്ങളും വളരെ രഹസ്യമായി ചെയ്തു.
ആകസ്മികമായിട്ടാണ് അന്ത്രു ഹാജിയുടെ വിട. പരിശുദ്ധ റമസാനിലാണ് നാഥന്റെ വിളി വന്നത്. കൂടെ അപകടത്തില്‍ പെട്ട മകള്‍ക്ക് അല്ലാഹു വേഗം ആരോഗ്യകരമായ ജീവിതം പ്രദാനം ചെയ്യട്ടെ. രക്തസാക്ഷികളുടെ പദവിയിലെക്കുയര്‍ത്തി അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സന്തുഷ്ടകരമാക്കട്ടെ. അന്ത്രു ഹാജിയുടെ പരലോക ജീവിതത്തിനു വേണ്ടി പ്രവര്‍ത്തകര്‍ ദുആ ചെയ്യുക. പള്ളികളിലും സ്ഥാപനങ്ങളിലും ജനാസ നിസ്‌കാരവും നടത്തണം.