പുകവലി നിര്‍ത്താന്‍ എളുപ്പ മാര്‍ഗം; പുക രഹിത പുകയില

Posted on: June 14, 2016 5:04 am | Last updated: June 14, 2016 at 1:04 am

തിരുവനന്തപുരം: തുല്യമായ തോതില്‍ അപകടകരമായ പുകരഹിത പുകയിലയിലേക്കുള്ള ചുവടുമാറ്റമാണ് ഇന്ത്യയില്‍ പുകവലി നിര്‍ത്തുന്നതിനുള്ള ഏറ്റവും പ്രചാരമുള്ള മാര്‍ഗമെന്ന് പഠനം. ഗ്ലോബല്‍ അഡല്‍റ്റ് ടുബാക്കോ സര്‍വേ(ഗാറ്റ്‌സ്)യുടെ അടുത്ത ഘട്ടത്തിന് രാജ്യവും സംസ്ഥാനവും തയ്യാറായിരിക്കെ, ഇതിന്റെ ഭാഗമായി നടന്ന പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
ഇന്ത്യയിലെ മുന്‍ പുകവലിക്കാരില്‍ മൂന്നിലൊന്നു പേരും പുകരഹിത പുകയിലയിലേക്കുള്ള മാറ്റമാണ് പുകവലി നിര്‍ത്തിയതിന് കാരണമായി പറയുന്നതെന്ന് ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുടെ അച്യുത മേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. രംഗത്തെ പ്രചാരമുള്ള അന്താരാഷ്ട്ര മാസികയായ പബഌക് ഹെല്‍ത്തിന്റെ പുതിയ പതിപ്പിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഗാറ്റ്‌സ് 2009-10 സര്‍വേയില്‍ വിജയകരമായി പുകവലി അവസാനിപ്പിച്ച 2035 വ്യക്തികളോടും പുകവലി നിര്‍ത്താന്‍ അവര്‍ ഉപയോഗിച്ച മാര്‍ഗത്തെപ്പറ്റി ചോദിച്ചിരുന്നു. പുകവലി വര്‍ജ്ജന ക്ലിനിക്, നിക്കോട്ടിന്‍ റീപ്ലെയ്‌സ്‌മെന്റ് തെറാപ്പി, പുകവലി വര്‍ജ്ജനത്തിനുള്ള ടെലിഫോണ്‍ സപ്പോര്‍ട്ട് ലൈന്‍, പുകരഹിത പുകയിലയിലേക്കുള്ള മാറ്റം എന്നീ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തിയാണ് സര്‍വേ തയ്യാറാക്കിയത്. വിജയകരമായി പുകവലി വര്‍ജ്ജിച്ച 44.4 ശതമാനം പേരും (50.8 ശതമാനം പുരുഷന്‍മാര്‍, 8.7 ശതമാനം സ്ത്രീകള്‍) പുകരഹിത പുകയിലയിലേക്കുള്ള മാറ്റമാണ് ഉത്തരമായി തിരഞ്ഞെടുത്തത്.
രാജ്യത്തെ 29 സംസ്ഥാനങ്ങളിലും രണ്ട് യൂണിയന്‍ ഭരണ പ്രദേശങ്ങളിലും ഗാറ്റ്‌സ് സര്‍വേ നടത്തി. ദേശീയതലത്തില്‍ വീടുവീടാന്തരം ഏകീകൃത മാര്‍ഗത്തില്‍ നടത്തിയ സര്‍വേ 15 വയസും മുകളിലുമായുള്ള 69,296 വ്യക്തികളുമായി ബന്ധപ്പെട്ടു.
പുകരഹിത പുകയിലയിലേക്കുള്ള മാറ്റം സുരക്ഷിതമായ തിരഞ്ഞെടുപ്പല്ലെന്നും ഇത് പുകവലിയെപ്പോലെതന്നെ ഹാനികരമാണെന്നും പഠനത്തിന്റെ സൂചനകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അച്യുത മേനോന്‍ സെന്റര്‍ മേധാവിയും പ്രൊഫസറും ഈ പഠനത്തിന്റെ പ്രധാന ഗവേഷകന്‍ കൂടിയായ ഡോ. കെ ആര്‍ തങ്കപ്പന്‍ പറഞ്ഞു. എല്ലാവിധ പുകയില ഉത്പന്നങ്ങള്‍ക്ക് ഉയര്‍ത്തിയ നികുതി, 85 ശതമാനം സചിത്ര മുന്നറിയിപ്പ് നിര്‍ബന്ധമാക്കല്‍, പുകരഹിത പുകയില ഉത്പ്പന്നങ്ങളുടെ ദൂഷ്യങ്ങളെപ്പറ്റി ബോധവത്കരണം എന്നിങ്ങനെ സംയോജിതമായ പരിഹാരങ്ങള്‍ വളരെ പ്രധാനമാണ്.
രാജ്യത്താകമാനമായി പുകരഹിത പുകയില ഉത്പന്നങ്ങളുടെ ഉപയോഗം പുകവലിയെ മറികടക്കുന്നുണ്ടെന്ന് അച്യുത മേനോന്‍ സെന്ററിലെ സീനിയര്‍ പ്രോജക്റ്റ് ഫെല്ലോയും പഠനത്തിന്റെ സഹരചയിതാവുമായ ഡോ. ജി കെ. മിനി അഭിപ്രായപ്പെട്ടു.
ഗാറ്റ്‌സ് 2009-10 സര്‍വേ പ്രകാരം ഇന്ത്യയില്‍ നിലവിലെ പ്രായപൂര്‍ത്തിയായ പുകരഹിത പുകയില ഉപയോക്താക്കളുടെ എണ്ണം 20.6 കോടിയാണ്. നിലവിലെ പുകവലിക്കാരുടെ എണ്ണമായ 11.12 കോടിയേക്കാള്‍ വളരെ ഉയര്‍ന്നതാണിത്. അഞ്ചു വര്‍ഷത്തില്‍ ഒരിക്കലാണ് സര്‍വ്വെ നടത്തുന്നത്. 2016-17 വര്‍ഷത്തിലാണ് അടുത്ത ഘട്ടം നടക്കുക. ഇന്ത്യയില്‍ ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സഹായത്തോടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏകോപനത്തിലാണ് സര്‍വേ നടക്കുന്നത്.