യു എസില്‍ അതീവ ജാഗ്രത; പിന്നില്‍ ഇസില്‍?

Posted on: June 14, 2016 5:01 am | Last updated: June 14, 2016 at 1:02 am
ഫ്‌ളോറിഡയില്‍ തീവ്രവാദി ആക്രമണം നടന്ന നിശാ ക്ലബ്ബിന്റെ ചുവരുകള്‍ വെടിയുണ്ടകളേറ്റും മറ്റും ദ്വാരങ്ങള്‍ വീണ ഭാഗത്ത് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍
ഫ്‌ളോറിഡയില്‍ തീവ്രവാദി ആക്രമണം നടന്ന നിശാ ക്ലബ്ബിന്റെ ചുവരുകള്‍ വെടിയുണ്ടകളേറ്റും മറ്റും ദ്വാരങ്ങള്‍ വീണ ഭാഗത്ത് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍

ഒര്‍ലാന്‍ഡോ: യു എസിലെ ഫ്‌ളോറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാ ക്ലബ്ബിലുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് അമേരിക്കയിലെങ്ങും ജാഗ്രത ശക്തമാക്കി. ഞായറാഴ്ച പുലര്‍ച്ചെ പള്‍സ് നിശാ ക്ലബ്ബിലെത്തിയ അക്രമി വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് 50 പേര്‍ കൊല്ലപ്പെടുകയും 53 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസില്‍ തീവ്രവാദികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ സൈനികരില്‍ ഒരാളാണ് ആക്രമണം നടത്തിയതെന്ന് ഇസില്‍ നിയന്ത്രണത്തിലുള്ള അല്‍ബയാന്‍ റേഡിയോയിലൂടെ അവര്‍ വ്യക്തമാക്കി. നിശാ ക്ലബ്ബില്‍ ആക്രമണം നടത്തിയ ഉമര്‍ മതീന്‍ (29) നെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.
അമേരിക്കന്‍ പോലീസ് കണ്ടതില്‍ വെച്ചേറ്റവും ഭീകരമായ വെടിവെപ്പായിരുന്നു കഴിഞ്ഞ ദിവസത്തേതെന്ന് ഓര്‍ലാന്‍ഡോ പോലീസ് മേധാവി ജോണ്‍ മിന വിശദീകരിച്ചു. ക്ലബ്ബിനുള്ളില്‍ കണ്ട കാഴ്ചകളില്‍ പോലീസുകാര്‍ പോലും പരിഭ്രമിച്ചുപോയതായും ഇത് ഓര്‍ലാന്‍ഡിന് മാത്രമല്ല, രാഷ്ട്രത്തിന് മുഴുവന്‍ ദുരന്തമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ ഓര്‍ലന്‍ഡോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അപലപിച്ചു. സംഭവം ഭീകരാക്രമണവും വിദ്വേഷാക്രമണവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദുഃഖത്തിലും വേദനയിലും അമേരിക്കക്കാരായ നമ്മള്‍ ഐക്യത്തോടെ നിന്നിട്ടുണ്ട്. ആയുധം കൈയില്‍ കിട്ടിയാല്‍ ആക്രമണം നടത്തുകയെന്നത് എത്ര നിസ്സാരമാണെന്ന് ഈ സംഭവം ഓര്‍മപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരുക്കേറ്റവരില്‍ നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ അടുത്തുള്ള ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പരുക്കേറ്റവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. വെടിവെപ്പ് നടക്കുന്ന സമയത്ത് ക്ലബ്ബിനുള്ളില്‍ 300 ഓളം ആളുകളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉമര്‍ മതീനെ 2013ല്‍ എഫ് ബി ഐ ഏജന്‍സി രണ്ട് തവണ ചോദ്യം ചെയ്തിരുന്നതായി വ്യക്തമായിട്ടുണ്ട്. സഹപ്രവര്‍ത്തകര്‍ക്ക് നേരെ ഇദ്ദേഹം നടത്തിയ ശകാരത്തെ തുടര്‍ന്നായിരുന്നു എഫ് ബി ഐ ചോദ്യം ചെയ്യല്‍. അമേരിക്കയിലെ ഒരു ചാവേര്‍ ആക്രമണകാരിയുമായി ബന്ധമുണ്ടോ എന്ന സംശയത്തില്‍ ഇദ്ദേഹത്തെ 2014ലും അധികൃതര്‍ ചോദ്യം ചെയ്തിരുന്നു. രണ്ട് സന്ദര്‍ഭങ്ങളിലും ഏജന്‍സി സംശയാസ്പദമായി ഒന്നും ഇയാളില്‍ നിന്ന് കണ്ടെത്തിയിരുന്നില്ല.
വെടിവെപ്പ് നടന്ന ക്ലബ്ബിന് സമീപം അനുശോചനവുമായി നൂറുകണക്കിനാളുകള്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ന്യൂയോര്‍ക്കിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിലെ വെളിച്ചം കെടുത്തി ഇരകളോടുള്ള ആദരം പ്രകടിപ്പിച്ചു. നഗരത്തിലെ മുഴുവന്‍ പതാകകളും പാതി താഴ്ത്തിക്കെട്ടാനും സ്വര്‍വഗാനുരാഗികളുടെ കേന്ദ്രങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാനും ന്യൂയോര്‍ക്ക് മേയര്‍ ഉത്തരവിട്ടു.