മനുഷ്യാവകാശ പ്രവര്‍ത്തകനെ ബഹ്‌റൈന്‍ അറസ്റ്റ് ചെയ്തു

Posted on: June 14, 2016 6:00 am | Last updated: June 14, 2016 at 1:00 am
നബീല്‍ റജബ്‌
നബീല്‍ റജബ്‌

മനാമ: ബഹ്‌റൈനില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബഹ്‌റൈന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ പ്രസിഡന്റ് നബീല്‍ റജബിനെയാണ് പോലീസ് ഇദ്ദേഹത്തിന്റെ വീട്ടില്‍വെച്ച് അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. മറ്റൊരു പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ സെയ്‌നാബ് അല്‍ ഖവാജ അധികൃതര്‍ തന്നെ വീണ്ടും തടങ്കലിലിടുമെന്ന ഭയത്താല്‍ കഴിഞ്ഞ ദിവസം ഡെന്‍മാര്‍ക്കിലേക്ക് പലായനം ചെയ്തിരുന്നു. ഇതിന് പിറകെയാണ് റജബ് അറസ്റ്റിലാകുന്നത്. റജബിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, മറ്റ് ചില വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റജബിനെ അറസ്റ്റ് ചെയ്ത കാര്യം ഇദ്ദേഹത്തിന്റെ ഭാര്യ സുമയ്യയയും സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി തവണ റജബിനെ അധികൃതര്‍ തടവിലിട്ടിട്ടുണ്ട്. അറസ്റ്റ് സംബന്ധിച്ച് ബഹ്‌റൈന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ബഹ്‌റൈനിലെ സുന്നി ഭരണാധികാരികളില്‍ നിന്നും കൂടുതല്‍ രാഷ്ട്രീയ സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് ശിയാ വിഭാഗവും മറ്റുള്ളവരും 2011ല്‍ രാജ്യത്ത് നടത്തിയ പ്രക്ഷോഭത്തെ നയിക്കാന്‍ റജബ് സഹായിച്ചിരുന്നു. ബഹ്‌റൈനിലെ അമേരിക്കന്‍ നാവിക സേന സഊദിയുടേയും യു എ ഇയുടേയും സഹായത്തോടെ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുകയായിരുന്നു. ഈ സമയം മുതല്‍ രാജ്യത്ത് ചെറിയ രീതിയിലുള്ള അസ്വസ്ഥതകളും പ്രക്ഷോഭങ്ങളും പോലീസിനുനേരെയുള്ള ആക്രമണങ്ങളും നടന്നുവരികയാണ്. പ്രമുഖരായ പ്രതിപക്ഷ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും തടവിലാകുകയും ചിലരുടെ പൗരത്വം നിഷേധിച്ച് സര്‍ക്കാര്‍ നാടുകടത്തുകയും ചെയ്തിരുന്നു. 2015ല്‍ രാഷ്ട്രീയ തടവുകാരെ ജയിലില്‍ കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ചതിന് മൂന്ന് മാസം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട റജബിനെ ആരോഗ്യ കാരണങ്ങളാല്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫ മാപ്പ് നല്‍കി വിട്ടയക്കുകയായിരുന്നു.