സ്വവര്‍ഗാനുരാഗികളുടെ പരസ്യ ചുംബനം മതീനെ നിശാക്ലബ്ബ് ആക്രമിക്കാന്‍ പ്രേരിപ്പിച്ചു: പിതാവ്

Posted on: June 14, 2016 5:59 am | Last updated: June 14, 2016 at 1:00 am

ന്യൂയോര്‍ക്ക്: ഭാര്യക്കും മൂന്ന് വയസ്സുള്ള മകനുമൊപ്പം പോകുമ്പോള്‍ സ്വവര്‍ഗാനുരാഗികളായ രണ്ട് പുരുഷന്മാര്‍ പരസ്യമായി ചുംബിക്കുന്നത് കാണാനിടയായതാണ് ഉമര്‍ സിദ്ദീഖ് മതീനെ നിശാക്ലബ്ബ് ആക്രമിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പിതാവ് സിദ്ദീഖ് മതീന്‍. രണ്ട് മാസം മുമ്പ് മിയാമിയിലേക്കുള്ള യാത്രാ മധ്യേയാണ് ചുംബന രംഗം കണ്ടതെന്നും ഇതാകാം ഉമറിനെ പ്രകോപിപ്പിച്ചതെന്നും സിദ്ദീഖ് മതീന്‍ പറഞ്ഞു. ഫ്‌ളോറിഡയിലെ നിശാക്ലബ്ബില്‍ 53 പേരെ ഉമര്‍ വെടിവെച്ചു കൊലപ്പെടുത്തിയെന്ന വാര്‍ത്ത വന്നതിന് പിന്നലെയാണ് പിതാവ് വാര്‍ത്താ ചാനലിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍, നിശാക്ലബ്ബ് ആക്രമണത്തെ കുറിച്ച് തനിക്കോ കുടുംബത്തിനോ അറിവില്ലായിരുന്നുവെന്നും സിദ്ദീഖ് മതീന്‍ പറഞ്ഞു. മകന് ഇസില്‍ തീവ്രവാദികളുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
നിശാക്ലബ്ബിലെ സംഭവം രാജ്യത്തെയും തന്നെയും ഞെട്ടിച്ചതായും അമേരിക്കയിലെ മുഴുവന്‍ ജനങ്ങളോടും താന്‍ ക്ഷമ ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിക്കുന്ന പൊളിറ്റിക്കല്‍ ടോക് ഷോയുടെ അവതാരകനാണ് സിദ്ദീഖ് മതീന്‍. അഫ്ഗാന്‍ രാഷ്ട്രീയത്തെ കുറിച്ച് നിരന്തരം അഭിപ്രായം പറഞ്ഞിരുന്ന അദ്ദേഹത്തിന് താലിബാനോട് മൃദു സമീപനം ഉണ്ടായിരുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സ്വര്‍ഗാനുരാഗം തെറ്റാണ്. പക്ഷേ അതിന് ശിക്ഷ നല്‍കാന്‍ മനുഷ്യന് അധികാരമില്ല. ശിക്ഷ ദൈവമാണ് നല്‍കേണ്ടത്. തന്റെ മകന്‍ ഈ കൂട്ടക്കൊല നടത്തിയത് അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. അവന്‍ എങ്ങനെയാണ് ഇങ്ങനെയായിപ്പോയതെന്ന് തനിക്കറിയില്ല. അവന്‍ നല്ല ഭര്‍ത്താവും പിതാവുമായിരുന്നു. അസ്വാഭാവിക പെരുമാറ്റമൊന്നും കണ്ടിരുന്നില്ല. അവന് നല്ല വിദ്യാഭ്യാസമാണ് ഞങ്ങള്‍ നല്‍കിയത്. നല്ല അമേരിക്കക്കാരനായി വളര്‍ത്തിയെന്നും സിദ്ദീഖ് മതീന്‍ പറഞ്ഞു.