ജസ്റ്റിസ് കെ ടി ശങ്കരന് കോഴ: ബഞ്ച് മാറ്റാനുള്ള സ്വര്‍ണക്കടത്ത് സംഘത്തിന്റെ തന്ത്രം

Posted on: June 14, 2016 6:02 am | Last updated: June 14, 2016 at 12:55 am

K.T-Sankaranകൊച്ചി: ജസ്റ്റിസ് കെ ടി ശങ്കരന് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ കോഫെപോസ തടവുകാരന് വേണ്ടി പണം വാഗ്ദാനം ചെയ്തത് കേസ് പരിഗണിക്കുന്ന ഹൈക്കോടതി ബഞ്ച് മാറ്റുന്നതിനുള്ള സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഗൂഢാലോചനയെന്ന് സൂചന.
പണം വാഗ്ദാനം ചെയ്താല്‍ ജസ്റ്റിസ് ശങ്കരന്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറുമെന്ന് അറിഞ്ഞുകൊണ്ടുള്ള നീക്കമായിരുന്നു ഇതെന്നാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് സംശയിക്കുന്നത്. കേസില്‍ നിന്ന് പിന്‍മാറിക്കൊണ്ട് തുറന്ന കോടതിയില്‍ പരാമര്‍ശം നടത്തിയ ജസ്റ്റിസ് ശങ്കരനും ഇത്തരമൊരു ഗൂഢാലോചനയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു.
കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് ജസ്റ്റിസ് ശങ്കരന്റെ ബഞ്ചില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിക്കാന്‍ സാധ്യതയില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ബഞ്ച് മാറ്റുന്നതിന് ഇത്തരമൊരു കുതന്ത്രം കള്ളക്കടത്ത് സംഘവും അവരെ സഹായിക്കുന്നവരും പ്രയോഗിച്ചതെന്നാണ് സൂചന. ഇത്തരം കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ പരസ്യമായി തന്നെ കടുത്ത നിലപാട് പ്രകടിപ്പിക്കാറുള്ള ആളാണ് ജസ്റ്റിസ് ശങ്കരന്‍. ഇദ്ദേഹത്തെ കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ കഴിയുമെന്ന് പ്രതികളുടെ ആളുകള്‍ കരുതിയിരിക്കാനുള്ള സാധ്യത വിരളമാണ്.
ഈ സാഹചര്യത്തിലാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരമൊരു തന്ത്രം പ്രതികള്‍ പ്രയോഗിച്ചിരിക്കാനുള്ള സാധ്യത വിജിലന്‍സ് കാണുന്നത്. ജസ്റ്റിസ് ശങ്കരനില്‍ നിന്ന് ഇതു സംബന്ധിച്ച് മൊഴിയെടുക്കാന്‍ ഇനിയും സാധിച്ചിട്ടില്ല.