Connect with us

Palakkad

വിദ്യാര്‍ഥികളെ ഗുണ്ടാസംഘം തടഞ്ഞുവെച്ചു; ചോദ്യംചെയ്ത രക്ഷിതാക്കള്‍ക്ക് ആക്രമണത്തില്‍ പരുക്ക്‌

Published

|

Last Updated

ഗുണ്ടാ ആക്രമണത്തില്‍ പരുക്കേറ്റ ഷാജിയും മകന്‍
തൗഫീഖും ജില്ലാ അശുപത്രിയില്‍

പാലക്കാട്: സ്‌കൂള്‍വിട്ടു വരികയായിരുന്ന വിദ്യാര്‍ഥികളെ മദ്യലഹരിയിലായിരുന്ന ഗുണ്ടാസംഘം ഒരു മണിക്കൂറോളം തടഞ്ഞു വച്ചു. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കള്‍ക്കു നേരെ സംഘം കത്തി വീശുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇന്നലെ വൈകുന്നേരം അഞ്ചോടെ പേഴുംകര മോഡല്‍ സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഷാമില്‍, തൗഫീഖ്, ഷാഹിദ് എന്നിവര്‍ റെയില്‍വേ ട്രാക്കിനരികിലൂടെ നടന്നു വരുമ്പോള്‍ കാവില്‍പ്പാട് സ്വദേശികളായ ഹെല്‍മറ്റ് സുജിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം തടഞ്ഞു വെക്കുകയായിരുന്നു. അഞ്ചരയായിട്ടും വിദ്യാര്‍ഥികളെ കാണാതിരുന്നതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ കാവില്‍പ്പാട് ഗെയ്റ്റിനു സമീപം വച്ചു വിദ്യാര്‍ഥികളെ ഗുണ്ടാസംഘം തടഞ്ഞു വച്ചതായി കണ്ടെത്തുകയായിരുന്നു. രക്ഷിതാക്കള്‍ അടുത്തെത്തിയതോടെ സംഘം എസ് മോഡല്‍ കത്തിയുപയോഗിച്ചു ഇവരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഷാജിയുടെ കഴുത്തിനും തലക്കും മുറിവേറ്റു. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവമറിഞ്ഞു നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഗുണ്ടാസംഘം സ്ഥലം വിട്ടിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പോലിസ് സ്ഥലത്തെത്തി. രക്ഷിതാക്കളുടെ പരാതിയിന്‍മേല്‍ ഇവര്‍ക്കെതിരേ പോലിസ് കേസെടുത്തു.

Latest