നാവിനെ സൂക്ഷിക്കുക

Posted on: June 14, 2016 6:00 am | Last updated: June 15, 2016 at 6:26 pm

VRUTHA SHUDHIഹൃദയം കഴിഞ്ഞാല്‍ പിന്നെ ശരീരത്തിലെ ഏറ്റവും ശ്രദ്ധയേറിയ അവയവമാണ് നാവ്. വിജയ പരാജയ നിര്‍ണയത്തില്‍ ഹൃദയത്തെ പോലെ നാവിനും അതിന്റെതായ പങ്കുണ്ട്. നാവ് നല്ലതായില്ലെങ്കില്‍ മറ്റെന്ത് ഗുണങ്ങളുണ്ടായിട്ടും കാര്യമില്ല.
കെട്ടഴിച്ചു വിട്ടാല്‍ അപകടം വിതക്കുന്ന വിനാശകാരിയായ ഈ അവയവത്തെ നന്മയില്‍ പിടിച്ചു നിര്‍ത്തുക അങ്ങേയറ്റം പ്രയാസകരമാണ്. ഇലാഹീ സ്മരണ പുതുക്കുന്ന നാവ് അതിമഹത്തായ അനുഗ്രഹമാണെന്ന് തിരുനബി(സ) പറഞ്ഞു.
നാവില്‍ കൈപ്പും മധുരവുമുണ്ട്. നന്മയും തിന്മയുമുണ്ട്. ചിലപ്പോഴത് വിഷ സര്‍പ്പത്തേ പോലെ പത്തി വിടര്‍ത്തുകയും കാണുന്നവരെയൊക്കെ കൊത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്യും. അത്യധികം അപകടകാരിയാണെന്ന് അതിന്റെ സൃഷ്ടിപ്പ് തന്നെ അറിയിക്കുന്നുണ്ട്. മറ്റ് അവയവങ്ങളെ പോലെ പുറത്തു ഫ്രീയായി വിട്ടതല്ല. രണ്ട് ചുണ്ടുകള്‍ക്കിടയില്‍ കരുത്തുറ്റ പല്ലുകള്‍ക്കും ഉള്ളില്‍ ഭദ്രമായി തൊണ്ടയിലേക്ക് ചങ്ങലകളില്‍ ബന്ധിപ്പിച്ചത് പോലെയാണതിന്റെ ഘടനാ സംവിധാനം.
സൂക്ഷിച്ചുപയോഗിച്ചാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഹൃദയങ്ങളെ വശീകരിച്ച് കൂടെ നിര്‍ത്താം. തകര്‍ത്തെറിയാം. പ്രലോപനവും പ്രകോപനവും സൃഷ്ടിക്കാം. ആരെയും വാഴ്ത്താനും വീഴ്ത്താനും നിഷ്പ്രയാസം സാധിക്കും.
ഇരുതല മൂര്‍ച്ചയുള്ള കത്തിയെ പോലെയാണ് നാവ്. നന്മയിലുപയോഗിച്ച് വിജയിക്കാനും, തിന്മയില്‍ തുലച്ച് പരാജയം ഏറ്റുവാങ്ങാനും എളുപ്പം സാധിക്കും. ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ നരകം സമ്മാനിക്കും. ജീവിതം നരകതുല്യമാകും. തലമുറകളെ തന്നെ തകര്‍ക്കാന്‍ നിമിത്തമാകും.
സംസാരത്തില്‍ മാസ്മരികതയുണ്ട്. പലരുടെയും വശ്യവും ആകര്‍ഷകവുമായ സംസാരത്തില്‍ പ്രചോതിതരായി സത്യത്തിന്റെ വെളിച്ചം സ്വീകരിച്ചിട്ടുണ്ട്. ചിലരുടെ വൈഭവത്തില്‍ വഞ്ചിതരായി സര്‍വവും നഷ്ടപ്പെട്ടവരും ജീവിതം തന്നെ ഹോമിക്കപ്പെട്ടവരുമുണ്ട്. മനുഷ്യന്റെ നിലനില്‍പ്പ് തന്നെ സംസാര വൈശിഷ്ട്യമാണ് .
സൂക്ഷിച്ചു സംസാരിക്കുക, വാക്കുകളെ നിയന്ത്രിക്കുക, സത്യസന്ധത പുലര്‍ത്തുക, ആവശ്യമില്ലാത്തതില്‍ ഇടപെട്ട് സംസാരിക്കാതിരിക്കുക, നല്ലത് മാത്രം സംസാരിക്കുക-അല്ലെങ്കില്‍ മൗനം പാലിക്കുക, സംസാരം മലക്കുകള്‍ റെക്കോര്‍ഡ് ചെയ്യുമെന്ന ബോധ്യത്തോടെയാകുക. ഇവയെല്ലാം തിരുവചനപ്പൊരുളുകളാണ്.
നല്ല വാക്ക് പറയുന്നവന്റെ പ്രവര്‍ത്തനങ്ങളെ അല്ലാഹു നന്നാക്കുമെന്നും അവന്റെ പാപങ്ങളെ പൊറുക്കപ്പെടുമെന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി ഉദ്‌ബോധിപ്പിക്കുന്നുണ്ട്.(അല്‍ അഹ്‌സാബ് 70,71)
വിശ്വാസികള്‍ക്കെതിരെ വിഷം ചീറ്റുന്ന നാവിന്റെ ഉടമകള്‍ അന്ത്യനാളില്‍ ശരിക്കും വിയര്‍ക്കേണ്ടി വരും. സുകൃതങ്ങളുടെ പേരില്‍ സ്വര്‍ഗത്തിന്റെ അടുത്തെത്തിയാല്‍ പോലും വിഷം പുരട്ടിയ ഒറ്റ പ്രയോഗം കൊണ്ട് ‘സ്വന്‍അ’ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കാള്‍ വിദൂരമായ അകലത്തേക്ക് അയാള്‍ അകറ്റപ്പെടുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്(അഹ്മദ്).
ആഴത്തില്‍ മുറിവേല്‍പ്പിക്കാനും അവസാനിക്കാത്ത കലാപം സൃഷ്ടിക്കാനും സമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും കാരണമാകുന്ന വാക്കുകള്‍ അവസാനിപ്പിച്ചേ പറ്റൂ. ഒരു സമൂഹത്തെ മുഴുവന്‍ ഉത്തേജിപ്പിക്കാനും അനേക നന്മകളുടെ കവാടം തുറക്കാനും ഉതകുന്ന വാക്കുകളാണ് അഭികാമ്യം. കത്തിയുടെ മുറിവ് ഉണങ്ങിയാലും ചില വാക്കുകളുടെ മുറിവ് ഉണങ്ങാതെ കിടക്കും. വലിയ വ്രണങ്ങളായി പരിണമിക്കും. നീണ്ടകാലം അതിന്റെ നീറ്റല്‍ അനുഭവപ്പെട്ടു കൊണ്ടേയിരിക്കും. നീണ്ട കാലം അതിന്റെ നീറ്റല്‍ അനുഭവപ്പെട്ടു കൊണ്ടേയിരിക്കും. നാവിന്റെ ഉപയോഗം സത്യ വിശ്വാസിയുടെ ഇഹ-പര വിജയവും സൗഭാഗ്യവും തുണക്കുന്ന സുപ്രധാന ഘടകമാണെന്ന് ചുരുക്കം.