സിഖ് കലാപം പുനരന്വേഷിക്കുമ്പോള്‍

Posted on: June 14, 2016 6:00 am | Last updated: June 14, 2016 at 12:39 am

SIRAJ.......ഇന്ദിരാ ഗാന്ധി വധത്തെ തുടര്‍ന്നു ഡല്‍ഹിയിലും പരിസരങ്ങളിലും അരങ്ങേറിയ സിഖ്‌വിരുദ്ധ കലാപത്തക്കുറിച്ചു പുനരന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക സംഘം നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ആദ്യപടിയായി കലാപവുമായി ബന്ധപ്പെട്ട തെളിവുകള്‍ ആരുടെയെങ്കിലും വശമുണ്ടെങ്കില്‍ കൈമാറണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ട് പരസ്യം പ്രസിദ്ധീകരിക്കാനാണ് തീരുമാനം. കേസിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പൊതുവിസ്താരം നടത്താനും തീരുമാനമുണ്ട്. രണ്ട് മാസത്തിനുള്ളില്‍ വിസ്താരം ആരംഭിക്കും. കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് റജിസ്റ്റര്‍ ചെയ്തിരുന്ന 875 കേസുകളില്‍ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി 241 എണ്ണത്തിന്റെ അന്വേഷണം നേരത്തെ അവസാനിപ്പിച്ചിരുന്നു. പിന്നീട് 2006ല്‍ നാല് കേസുകളും 2013ല്‍ ഒരു കേസും പുനരന്വേഷിച്ചു 35 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയുണ്ടായി. ഇതോടെ കേസുകളെല്ലാം അവസാനിപ്പിച്ചതാണ്.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 2014 അവസാനത്തിലാണ് ഈ കേസുകളുടെ രേഖകള്‍ പൊടിതട്ടിയെടുത്തത്. തുടര്‍ന്ന് പുനരന്വേഷണത്തിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനായി 2014 ഡിസംബര്‍ 23ന് ജസ്റ്റിസ് ജി പി മാഥുര്‍ കമ്മീഷനെ നിയമിച്ചു. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് അവസാനിപ്പിച്ച 225 കേസുകള്‍ പുനരന്വേഷണത്തിന് വിധേയമാക്കണമെന്നാണ് മാഥുര്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശിപാര്‍ശ. ഇതടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു 75 കേസുകളുടെ പുനരന്വേഷണത്തിന് ഉത്തരവിറക്കിയത്. ആസന്നമായ പഞ്ചാബ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യാ ചരിത്രത്തിലെ വലിയ കൂട്ടക്കൊലകളിലൊന്നായിരുന്നു 1984 ഒക്ടോബറില്‍ സിഖ് വംശജര്‍ക്കെതിരെ നടന്നത്. ഭിന്ദര്‍വാലയുടെ നേതൃത്വത്തില്‍ ഉടലെടുത്ത സിഖ് തീവ്രവാദികള്‍ക്കെതിരായ നടപടികളുടെ ഭാഗമായി സുവര്‍ണ ക്ഷേത്രത്തിലേക്ക് ഇന്ദിരാ ഗാന്ധി പട്ടാളത്തെ അയച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഭിന്ദര്‍വാലയെ സൈന്യം കൊലപ്പെടുത്തുകയും വിശ്വാസി സമൂഹത്തിന്റെ നേതാവ് ഇരിക്കുന്ന പീഠം തകര്‍ക്കുകയും ചെയ്തു. ഇതിന് പ്രതികാരമെന്നോണമാണ് സിഖുകാരായ രണ്ട് അംഗരക്ഷകര്‍ ഇന്ദിരാ ഗാന്ധിയെ വെടിവെച്ചു കൊന്നത്. ഇതോടെ രോഷാകുലരായ ഒരു പറ്റം ആളുകള്‍ ആയുധങ്ങളും പെട്രോള്‍ കാനുകളും കൈയിലേന്തി ഡല്‍ഹിയിലും പരിസരങ്ങളിലും അഴിഞ്ഞാടുകയും സിഖുകാരെ തിരഞ്ഞു പിടിച്ചു കൊലപ്പെടുത്തുകയും പെട്രോള്‍ ഒഴിച്ചു ജീവനോടെ അഗ്‌നിക്കിരയാക്കുകയുമായിരുന്നു. മൂന്ന് ദിവസത്തോളം നീണ്ട ഈ വംശഹത്യയില്‍ 3000ത്തിലേറെ പേര്‍ വധിക്കപ്പെട്ടു. ഡല്‍ഹിയില്‍ മാത്രം 2,733 പേര്‍ മരിച്ചതായാണ് കണക്ക്. ആക്രമണത്തില്‍ പരിക്കേറ്റവരും കൈകാലുകള്‍ നഷ്ടപ്പെട്ടവരും ബലാത്കാരത്തിന് ഇരയായ സഹോദരിമാരും മുഴുവന്‍ സമ്പാദ്യങ്ങളും വീട്ടുപകരണങ്ങളും ആഭരണങ്ങളും കൊള്ളയടിക്കപ്പെട്ടവരും അനേകായിരങ്ങളാണ്.
മര്‍വാ കമ്മീഷന്‍, രംഗ്‌നാഥ് മിശ്ര കമ്മീഷന്‍, കപൂര്‍ മിത്തല്‍ സമിതി, ജയിന്‍ ബാനര്‍ജീ സമിതി, പോറ്റി റോഷാ സമിതി, ജയില്‍ അഗര്‍വാള്‍ സമിതി, അഹുജാ സമിതി, ധില്ലന്‍ സമിതി, നരുള സമിതി, നാനാവതി കമ്മീഷന്‍ തുടങ്ങിയ അന്വേഷണ കമ്മീഷനുകളും സമിതികളും സംഭവത്തെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ ജഗദീഷ് ടൈറ്റ്‌ലര്‍, സജ്ജന്‍ കുമാര്‍, എച്ച് കെ എല്‍ ഭഗത് എന്നിവര്‍ക്കും അന്നത്തെ ഡല്‍ഹി പോലീസ് കമ്മീഷണറായിരുന്ന എസ് സി ടാണ്ഡനും കലാപത്തില്‍ പങ്കുണ്ടെന്നാണ് ഒടുവില്‍ അന്വേഷിച്ച നാനാവതി കമ്മീഷന്‍ 2005 ഫെബ്രുവരി 9ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കലാപത്തെക്കുറിച്ചു മൂന്ന് തവണ അന്വേഷണം നടത്തിയ സി ബി ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലെല്ലാം ഇവരെ കുറ്റവിമുക്തരാ ക്കുകയാണുണ്ടായത്. സി ബി ഐ അന്വേഷണത്തില്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് കോണ്‍ഗ്രസേതര കക്ഷികള്‍ക്കും സിഖ് സംഘടനകള്‍ക്കും പരാതിയുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താത്പര്യമനുസരിച്ചാണ് സി ബി ഐ റിപ്പോര്‍ട്ടുകള്‍ തയാറാക്കിയതെന്നും ആരോപിക്കുന്നു. രാജ്യത്ത് നടക്കുന്ന കലാപങ്ങളിലും വംശഹത്യകളിലും ആസൂത്രകരും ഗൂഡാലോചനക്കാരും തിരശ്ശീലക്ക് പിന്നില്‍ നിന്ന് നേതൃത്വം നല്‍കിയവരും പൊതുവെ നിയമത്തിന്റെ കരങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സാഹചര്യത്തില്‍ അവരുടെ സന്ദേഹം സ്വാഭാവികമാണ്. ഏറ്റവുമൊടുവില്‍ ഗുല്‍ബര്‍ഗ് കൂട്ടക്കൊലയിലും അതാണല്ലോ സംഭവിച്ചത്. ഇതടിസ്ഥാനത്തില്‍ കലാപം സംബന്ധിച്ചു സത്യസന്ധമായ പുനരഃന്വേഷണം സ്വാഗതാര്‍ഹമാണ്. അതേസമയം 2015 ആദ്യത്തില്‍ തീരുമാനിച്ച അന്വേഷണത്തിന് ഉത്തരവിടാന്‍ എന്തിനാണ് ഒന്നര വര്‍ഷത്തോളം വൈകി പഞ്ചാബ് തിരഞ്ഞെടുപ്പിന് അടുത്ത സമയം വരെ കാത്തിരുന്നത്? ഇതു പോലുള്ള സംഭവങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമായി ഉപയോഗിക്കുന്നത് അംഗീകരിക്കാവതല്ല.