മരുഭൂവാസത്തിലെ നോമ്പോര്‍മകള്‍

Posted on: June 14, 2016 6:00 am | Last updated: June 15, 2016 at 7:58 pm
SHARE

Zain-KSAs-Iftar-Meals-Initiative (1)റമസാന്‍ ചന്ദ്രക്കല പിറക്കുന്നതോടെ മരുഭൂമിയുടെ മട്ടും ഭാവവും ആകെപ്പാടെ മാറിമറിയുംപോലെയാണ്. ഭക്തിസാന്ദ്രമായ ഒരഭൗമ സൗന്ദര്യം മരുഭൂമിയെ ചൂഴ്ന്നുനില്‍ക്കുന്നതായി നമുക്കനുഭവപ്പെടും. ഒരു വര്‍ഷമത്തെ കാത്തിരിപ്പിന്റെ സാഫല്യം എത്തിയ സന്തോഷത്താല്‍ മരുഭൂവാസികള്‍ക്കൊപ്പം ആഹ്ലാദാതിരേകം പങ്കിടുന്നതില്‍ പ്രവാസി സമൂഹം ഒന്നടങ്കം കൂട്ടിനുണ്ടാകും. മലയാളികളായ പ്രവാസികളെ സംബന്ധിച്ചേടത്തോളം നോമ്പുകാലം അങ്ങ് അക്കരെയാണുത്തമം എന്ന ചൊല്ലുതന്നെ പ്രാബല്യത്തിലുണ്ട്. അത്രമാത്രം മരുഭൂമിയിലെ നോമ്പും പ്രവാസിയും പരസ്പര പൂരകമാണ്.
കാല്‍ നൂ റ്റാണ്ടോളം ചെങ്കടല്‍ തീരമുണ്ടായിട്ടുള്ളൂ. മറ്റു നോമ്പുകളൊക്കെ മരുഭൂപട്ടണത്തിന്റെ ലഹരിയിലാണ് കഴിച്ചുകൂട്ടിയത്. അതുകൊണ്ടുതന്നെ നോമ്പുകാലത്ത് നാട്ടില്‍ പോകാന്‍ അവസരം ഒത്തുവന്നാല്‍പോലും അതുപയോഗപ്പെടുത്താന്‍ അത്ര താത്പര്യം തോന്നാറില്ല.അതേസമയം പെരുന്നാള്‍ അങ്ങ് നാട്ടിലായാല്‍ നന്നായിരുന്നു എന്ന തോന്നാലും ശക്തിപ്പെടും.
അന്നത്തെ ആ തോന്നലിന്റെ തുടര്‍ച്ചയെന്നോണം ഇപ്പോള്‍ പ്രവാസം അവസാനിപ്പിച്ച് ആറു വര്‍ഷം തികയാറാകുമ്പോള്‍ ചെങ്കടല്‍ക്കാ റ്റിന്റെ ചുടുവായു ശ്വസിച്ചുകൊണ്ടനുഭവിച്ച മരുഭൂ നോമ്പിന്റെ മാധുര്യം മനസ്സില്‍ നിന്നും മാഞ്ഞുപോകുന്നില്ല. മഴക്കാലം എന്നൊന്നില്ലാത്ത കൂടിയ ചൂടിന്റെയും ചില മാസങ്ങളില്‍ മണല്‍ കോച്ചുന്ന തണുപ്പിന്റെയും കാലാവസ്ഥയാണല്ലോ സഊദിയിലെങ്ങും. അപൂര്‍വം ചില സ്ഥലങ്ങളിലേ മഴയുണ്ടാകാറുള്ളൂ. അതുകൊണ്ടുതന്നെ നോമ്പിന്റെ മരുഭൂമിയിലേക്കുള്ള വരവ് ഒന്നുകില്‍ കൊടിയചൂടില്‍ അല്ലെങ്കില്‍ നല്ല തണുപ്പുകാലത്ത് ആയിരിക്കും. അധിക കാലവും ചൂടുകാലാവസ്ഥക്കൊപ്പം റമസാന്‍ എത്തുന്നതിനാല്‍ കത്തുന്ന തീക്കാറ്റിനൊപ്പം ദാഹിച്ച് വലഞ്ഞുകൊണ്ടായിരിക്കും തങ്ങളുടെ ബന്ധപ്പെട്ടവര്‍ മരുഭൂമിയില്‍ നോമ്പ് നോല്‍ക്കുന്നത് എന്നായിരിക്കും നാട്ടില്‍ അധിവസിക്കുന്ന ബന്ധുമിത്രാദികളുടെയൊക്കെ ധാരണ. ചില മസ്രകളില്‍ അതായത് ആട്, ഒട്ടകം മേയ്ക്കല്‍ ജോലി പോലുള്ള കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ആ അവസ്ഥ ഉണ്ടായിരിക്കാം. പക്ഷേ ജിദ്ദ പോലുള്ള പട്ടണങ്ങളില്‍ ഏതു ജോലി ചെയ്യുന്നവര്‍ക്കും നോമ്പുകാലം പൊതുവേ സുഖകരമാകും. കാരണം കടകളിലും ഷോപ്പിംഗ്മാളുകളിലും എന്നു വേണ്ട ഏതു വില്‍പ്പന കേന്ദ്രങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കും പകല്‍ സമയം അധികം ജോലിയുണ്ടാകാറില്ല. നല്ലതണുപ്പുള്ള എയര്‍കണ്ടീഷനുള്ള റൂമില്‍ ഉച്ച വരെ മൂടിപ്പുതച്ചു കിടന്നുറങ്ങാന്‍ നോമ്പുകാലം പോലെ മറ്റൊരു കാലം ഒത്തുവരാറില്ല. അതുപോലെ ഓഫീസ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെല്ലാം ജോലി സമയത്തില്‍ മണിക്കൂറുകള്‍ തന്നെ കുറവുണ്ടാകും. പുറത്ത് മരുഭൂമി ചുട്ടുപൊള്ളുമെങ്കിലും ജോലിക്കാര്‍ക്ക് അതുതീരെ അനുഭവപ്പെടാത്ത രീതിയിലായിരിക്കും ജോലി സമയങ്ങളുടെ ക്രമീകരണങ്ങള്‍ ഏറെയും.
അസര്‍ നമസ്‌കാരാനന്തരം നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ ഒരുക്കി ജിദ്ദാ പട്ടണം മാത്രമല്ല ജിദ്ദയുടെ തെരുവുകളും അറേബ്യന്‍ വിഭവങ്ങളാല്‍ സജീവമാകുന്ന കാഴ്ച്ച കൗതുകമുണര്‍ത്താന്‍ പോന്നവയാണ്. ഫൂല്‍, റൊട്ടി, സയ്തൂന്‍, വിവിധയിനം കാരക്ക കൊണ്ടുള്ള വിഭവങ്ങളും…എല്ലാം അറേബ്യന്‍ കാലാവസ്ഥക്ക് തീര്‍ത്തും അനുയോജ്യമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ആയിരിക്കും. മലയാളികള്‍ തിങ്ങിത്താമസിക്കുന്ന ഷറഫിയ പോലുള്ള ഇടങ്ങളില്‍ സമൂസ, പഴംപൊരി എന്നിവക്കൊപ്പം പൊറാട്ട ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നായി സ്ഥാനം പിടിക്കും.
റമസാന്റെ പവിത്രത ഏറ്റവും കൂടുതല്‍ മിഴിവോടെ ചേതോഹരമായ കാഴ്ച അസ്തമയത്തോട് അടുക്കുന്നതോടെ മരുഭൂമിയിലെ സകലമാന പള്ളികളിലും ഒരുങ്ങുന്ന ഇഫ്താറുകളായിട്ടാണ് തോന്നിയിട്ടുള്ളത്. നമ്മുടെ നാട്ടില്‍ നടക്കുന്ന വി ഐ പികളെ വിളിച്ചുവരുത്തി ആര്‍ഭാടം പ്രകടിപ്പിക്കുന്ന ഒരു നോമ്പുതുറയും കണ്ടതായി ഓര്‍ക്കു ന്നില്ല. തുറവി സമയത്ത് പള്ളിയില്‍ എത്തുന്ന ഏതൊരാള്‍ക്കും തുല്യപരിഗണനയും ഇഷ്ടം പോലെ വിഭവങ്ങളും സമ്മാനിച്ച് സ്വദേശി പൗരന്മാര്‍ ഒരുക്കുന്ന ഇഫ്താറുകള്‍ക്ക് സമമായി നോമ്പിന്റെ സാഹോദര്യവും സമത്വവും സഹജീവികളോടുള്ള കാരുണ്യവും മറ്റെവിടെയും ദര്‍ശിക്കാനാവില്ല. വേണമെങ്കില്‍ റമസാന്‍ മുപ്പതു ദിവസവും നോമ്പുതുറക്കും അത്താഴത്തിനും ഒരു റിയാല്‍ പോലും ചെലവഴിക്കാതെ ഏതൊരാള്‍ക്കും നോമ്പനുഷ്ഠിക്കാന്‍ സൗകര്യമുള്ള സ്ഥലമാണ് സഊദിഅറേബ്യ. മറ്റു ഗള്‍ഫ് നാടുകളും ഇതേ രീതിയില്‍ തന്നെയാണ് നോമ്പിനെ വരവേല്‍ക്കുന്നതെന്നാണ് അവിടെയുള്ള പ്രവാസികളൊക്കെ സാക്ഷ്യപ്പെടുത്തുന്നത്.
സാമ്പത്തിക ലാഭം മാത്രമല്ല പള്ളികളിലൊരുക്കുന്ന നോമ്പുതുറകളില്‍ പങ്കെടുക്കാന്‍ ആരെയും പ്രേരിപ്പിക്കുന്നത്. ഭൂഖണ്ഡങ്ങള്‍ക്കും തൊലിവര്‍ണത്തിനും അതീതമായി അറബിയും അനറബിയും എന്ന ഒരു വ്യത്യാസമില്ലാതെ ഭക്ഷണ സാധനങ്ങള്‍ക്ക് മുമ്പില്‍ ഇത്ര വിനയത്തോടെയും അച്ചടക്കത്തോടെയും ബാങ്കു വിളിയുടെ ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പു തന്നെ ചടഞ്ഞിരിക്കുന്നതിലെ എളിമയും സഹനവും ക്ഷമാ ശീലവും അനുഭവിക്കുന്നതിലെ ആത്മീയാനുഭവം കരസ്ഥമാക്കുക എന്ന ലക്ഷ്യം കൂടി വിശ്വാസികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നു.
നോമ്പു തുറക്ക് ശേഷം ഇശാഉം തറാവീഹും കഴിഞ്ഞാല്‍പ്പി ന്നെ ചെങ്കടല്‍ തീരപട്ടണം ദീപാലകൃതയില്‍ കുളിച്ചുനിന്ന് ആരെയും മോഹിപ്പിക്കുന്ന വാണിജ്യ കേന്ദ്രമായി തിരക്കിനെ എതിരേല്‍ക്കുന്നത് പുലര്‍ച്ചെ വരെയുള്ള ഉത്സവങ്ങള്‍ക്ക് കൂടിയാവും നോമ്പു കാലത്ത്. തെരുവില്‍ നിറയുന്ന വാഹനങ്ങള്‍ ചലിക്കുന്ന സ്വര്‍ണംത്തളികകള്‍ പോലെ നിറഞ്ഞൊഴുകുന്നത് മനോഹര കഴ്ചാനുഭൂതി കൂടിയാവും. നാട്ടിലേക്ക് വെക്കേഷനു പോവാന്ഉപദ്ദേശിക്കുന്ന പ്രവാസികളേറെയും പര്‍ച്ചേനഴ്‌സിനു തെരഞ്ഞെടുക്കുന്ന കാലം കൂടിയാണ് മരുഭൂമിയിലെ റംസാന്വിോപണി.
ചുരുക്കത്തില്‍ നോമ്പുകാലം മരുഭൂപട്ടണങ്ങളില്‍ ചെലവഴിക്കുക എന്നത് എല്ലാ അര്‍ഥത്തിലും അനിര്‍വചനീയമാണ്. ഇപ്പോള്‍ പ്രവാസാനന്തരം ആറു വര്‍ഷത്തോടടുക്കുമ്പോള്‍ മരുഭൂജീവിതത്തിന്റെ ഓര്‍മകള്‍ക്ക് ഏറ്റവും മിഴിവേകുന്ന ദീപ്തസ്മരണകള്‍ മരുഭൂമിയിലെ നോമ്പുകാലങ്ങള്‍ തന്നെയാണെന്നു പറയാം.

 

LEAVE A REPLY

Please enter your comment!
Please enter your name here