Connect with us

Kasargod

മണല്‍ത്തിട്ട; ട്രോളിംഗ് നിരോധനം: മടക്കരയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി ദുരിതകാലം

Published

|

Last Updated

ചെറുവത്തൂര്‍: ട്രോളിംഗ് നിരോധനത്തിന് മുമ്പായിത്തന്നെ ബോട്ടുകള്‍ക്ക് മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ കഴിയാത്ത അവസ്ഥ. പുഴയില്‍ മണല്‍ത്തിട്ട രൂപപ്പെട്ടതാണ് ബോട്ടുകളുടെ പ്രയാണം നിലക്കാന്‍ ഇടയാക്കിയത്.
ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖത്തിന് സമീപമാണ് പുലിമുട്ടിലേക്കുള്ള ചാനലില്‍ മണല്‍ത്തിട്ട രൂപപ്പെട്ടത്. ഇതോടെ ബോട്ടുകള്‍ക്ക് കടലിലേക്ക് പ്രവേശിക്കുന്നത് കഴിയാത്ത സ്ഥിതിയായി. ഇന്ന് അര്‍ധരാത്രി മുതലാണ് ട്രോളിംഗ് നിരോധനം നടപ്പില്‍ വരികയെങ്കിലും മടക്കരയിലെ ബോട്ടുകള്‍ ദിവസങ്ങള്‍ക്ക് മുമ്പായിത്തന്നെ തീരത്തേക്ക് അടുപ്പിച്ചു.
ജില്ലയുടെ അഭിമാനമായ പദ്ധതിയാണ് കഴിഞ്ഞവര്‍ഷം അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി നാടിനു സമര്‍പ്പിച്ച മടക്കര മത്സ്യബന്ധന തുറമുഖം. ഏറെ പ്രതീക്ഷയകളോടെ പ്രവര്‍ത്തനമാരംഭിച്ച തുറമുഖം പിന്നീട് ഓരോ പ്രശ്‌നങ്ങളാല്‍ ഏറെ പ്രയാസങ്ങള്‍ നേരിടുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് മണല്‍ത്തിട്ട മൂലമുള്ള പ്രയാസങ്ങളും. കഴിയുന്നതും വേഗം ഈ മണല്‍ത്തിട്ട ഡ്രിഡജ് ചെയ്ത് നീക്കം ചെയ്തില്ലെങ്കില്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നീങ്ങുമെന്നാണ് മത്സ്യതൊഴിലാളികള്‍ ആവലാതിപ്പെടുന്നത്.
തുറമുഖത്തിന്റെ പല ഭാഗങ്ങളിലും വിള്ളലുകളും മറ്റും രൂപപ്പെട്ടത് ഇവിടെയെത്തുന്നവര്‍ക്ക് സുരക്ഷ ഭീഷണിയാണ്. വാര്‍ഫിന്റെ പുഴയിലോട്ട് തള്ളിനില്‍ക്കുന്ന ഭാഗം തകര്‍ന്ന് പലയിടത്തും ഇരുമ്പാണികല്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്നത് ഇവിടെയെത്തുന്ന ബോട്ടുകളുടെ ബോഡിക്ക് കേടുപാടുകള്‍ ഉണ്ടാക്കുന്നുണ്ടെന്നും പരാതിയുണ്ട്. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വരിക. 47 ദിവസം നീണ്ടു നില്ക്കുന്ന നിരോധനം ജൂലൈ 31 വരെ നീണ്ടു നില്‍ക്കും. ഈ സമയങ്ങളില്‍ കടലില്‍ പോകാന്‍ കഴിയാതെ മത്സ്യ തൊഴിലാളികള്‍ ദുരിതത്തിലുമാകും. മത്സ്യങ്ങളുടെ പ്രത്യുല്‍പ്പാദന സമയമായതിനാലാണ് കാലവര്‍ഷം തുടങ്ങുന്ന ഈ കാലയളവില്‍ കടലില്‍ യന്ത്രവത്കൃത ബോട്ടുകളുടെ മത്സ്യബന്ധനം നിരോധിച്ചിട്ടുള്ളത്.
കേരള തീരക്കടലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ എത്തുന്ന സമയമാണ് മണ്‍സൂണ്‍ കാലം. ഈ കാലത്ത് ട്രോളിംഗ് നിരോധനം കാരണം മത്സ്യബന്ധനം നടത്താന്‍ കഴിയാതെ തൊഴിലാളികള്‍ ദുരിത തീരത്താവുകയാണ്. പട്ടിണിയിലേക്ക് നീങ്ങുന്ന കുടുംബത്തിലെ അടുപ്പ് പുകക്കാന്‍ പലരും മറ്റു ജോലികള്‍ തേടിപ്പോകുന്ന സ്ഥിതിയിലാണ്.

Latest