ട്രിപ്പ് മുടക്കുന്ന ബസ് നാട്ടുകാര്‍ തടഞ്ഞു; പോലീസ് ഇടപെട്ടു

Posted on: June 14, 2016 5:50 am | Last updated: June 13, 2016 at 10:53 pm

കുമ്പള: കുമ്പള പൂക്കട്ട റൂട്ടിലോടുന്ന മഹാലക്ഷ്മി ബസ്സുകള്‍ ട്രിപ്പുകള്‍ മുടക്കുന്നതായി നാട്ടുകാരുടെ പരാതി. ദിവസവും 1015 മിനുട്ടിന്റെ ഇടവേളയില്‍ ഓടേണ്ട ബസ്സുകള്‍ മണിക്കൂറുകള്‍ ഇടവിട്ടാണ് സര്‍വീസ് നടത്തുന്നത്.ഇത് സാധാരണക്കാരായ ജനങ്ങളുടെ യാത്ര ദുരിതത്തിലാക്കുകയാണ്.
മറ്റു ബസ്സുകളെ സര്‍വീസ് നടത്താന്‍ മഹാലക്ഷ്മി ബസുമായി ബന്ധപ്പെട്ടവര്‍ അനുവദിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ സാഹചര്യം മുന്‍നിര്‍ത്തി കെ എസ് ആര്‍ ടി സി ബസ്സുകള്‍ റൂട്ടില്‍ അനുവദിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മഹാലക്ഷ്മി കമ്പനിയുടെ ട്രിപ്പ് മുടക്കുന്ന ബസുകളിലൊന്ന് കഴിഞ്ഞ ദിവസം വൈകിട്ട് പൂക്കട്ടയില്‍ നാട്ടുകാര്‍ തടഞ്ഞു. നാട്ടുകാരും ബസ് ജീവനക്കാരും തമ്മിലുള്ള വാക്കുതര്‍ക്കം സംഘര്‍ഷത്തിന്റെ വക്കോളമെത്തി.
വിവരമറിഞ്ഞ് പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളും സ്ഥലത്തെത്തിയിരുന്നു. പിന്നീട് ആര്‍ ടി ഒ അധികൃതരുമെത്തി. പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് ആര്‍ ടി ഒ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പിന്തിരിഞ്ഞത്.