Connect with us

Kasargod

മലമ്പനിയും ഡെങ്കിപ്പനിയും വ്യാപകം; മരണസംഖ്യ ഉയരുന്നു

Published

|

Last Updated

കാസര്‍കോട്: കാലവര്‍ഷത്തിന് ശക്തി കൂടിയതോടെ കാസര്‍കോട് ജില്ലയില്‍ മലമ്പനിയും ഡെങ്കിപ്പനിയും അടക്കമുള്ള മാരകമായ സാംക്രമികരോഗങ്ങള്‍ വ്യാപകമാകുന്നു. അതോടൊപ്പം പനി ബാധിച്ചുള്ള മരണവും പെരുകിയതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലായി.
മഞ്ചേശ്വരത്ത് കോളേജ് വിദ്യാര്‍ഥിനിയായ അക്ഷരയും ബദിയടുക്കയില്‍ ടെമ്പോഡ്രൈവര്‍ അനീഷും കഴിഞ്ഞ ദിവസം പനി ബാധിച്ച് മരണപ്പെട്ടിരുന്നു. മലമ്പനിയും ഡെങ്കിപ്പനിയും ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം നിരവധിയാണ്. മംഗളൂരുവിലെ ആശുപത്രികളിലും പരിയാരം മെഡിക്കല്‍ കോളജിലും പനി ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന കാസര്‍കോട് സ്വദേശികള്‍ ഏറെയാണ്.
ജില്ലയില്‍ ഇതുവരെയായി അമ്പതോളം പേര്‍ക്ക് മലമ്പനിയും നാല്‍പ്പതോളം പേര്‍ക്ക് ഡെങ്കിപ്പനിയും ബാധിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പുറത്തുവിട്ട വിവരം.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും കൂടുമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഇതുവരെ 209 ഓളം പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണങ്ങളുണ്ട്.
കഴിഞ്ഞ വര്‍ഷം മെയ് വരെ 14 രോഗികളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നത്. ഈ വര്‍ഷം ഇതുവരെ 40 പേര്‍ക്ക് ഡെങ്കിപ്പനിയുടെണ്ടന്ന വെളിപ്പെടുത്തല്‍ ഏറെ ആശങ്കാജനകമാണ്. പനത്തടി, മുളിയാര്‍, എന്‍മകജെ, കള്ളാര്‍, കോടോം-ബേളൂര്‍ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ളതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മടിക്കൈ, മീഞ്ച, മഞ്ചേശ്വരം പഞ്ചായത്തുകളില്‍ രോഗം താരതമ്യേന കുറവാണ്. അന്യസംസ്ഥാനതൊഴിലാളികള്‍ മുഖേനയാണ് പലര്‍ക്കും രോഗബാധയുണ്ടായിരിക്കുന്നത്.
ബദിയഡുക്ക സി എച്ച് സിയിലും സ്വകാര്യ ആശുപത്രിയിലുമായി ദിവസങ്ങള്‍ക്കകം മാത്രം നൂറിലേറെ പനി ബാധിതരാണ് ചികിത്സയ്‌ക്കെത്തിയത്. ഇവരില്‍ പകുതിയോളം പേരെ വിദഗ്ദ്ധ ചികിത്സക്കായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഡങ്കിപ്പനി ബാധിച്ച നീര്‍ച്ചാല്‍, ബിര്‍മ്മിനടുക്കയിലെ ബീഫാത്തിമ (55)യെ മംഗഌരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Latest