Connect with us

Gulf

 69 ഇന്ത്യക്കാര്‍ക്ക് അബുദാബി ജയിലില്‍ നിന്നും മോചനം ലഭിക്കും: ടി.പി.സീതാറാം

Published

|

Last Updated

അബുദാബി: റമസാന്‍ വൃതാനുഷ്ടാന നാളുകളില്‍ പൊതുമാപ്പ് നല്കുന്നതിന്റെ ഭാഗമായി അബുദാബി ജയിലുകളില്‍ കഴിയുന്ന 69 ഇന്ത്യക്കാര്‍ക്ക് മോചനം ലഭിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ടി.പി.സീതാറാം അറിയിച്ചു. ഇവരില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ടെങ്കിലും വിശദവിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്ന മുറക്ക് ഇവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനാവും .

ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പുതിയ ഭാരവാഹികളുമായി നടത്തിയ മുഖാമുഖം പരിപാടിയിലാണ് അംബാസിഡര്‍ ഇക്കാര്യം വെളിപ്പെടുത്തിയത് . ജയില്‍ മോചിതര്‍ക്ക് നാട്ടില്‍ പോകാന്‍ വിമാന ടിക്കറ്റ് ആവശ്യമെങ്കില്‍ എംബസ്സിയില്‍ നിന്നും ലഭ്യമാക്കുമെന്നും സീതാറാം വ്യക്തമാക്കി .

ജി സി സി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ,ഇന്ത്യ ഉള്‍പ്പെടെ ജി സി സി രാജ്യങ്ങളിലേക്ക് തൊഴിലാളികളെ അയക്കുന്ന പ്രധാന രാജ്യങ്ങളുടെ തൊഴില്‍ വകുപ്പ് പ്രതിനിധികളും പങ്കെടുത്ത “”അബുദാബി ഡയലോഗ് “” തൊഴില്‍ മേഖലകളിലെ ചൂഷണവും ,തട്ടിപ്പുകളും അവസാനിപ്പിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇ മൈഗ്രേഷന്‍ സംവിധാനം കുറ്റമറ്റതാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. ഇന്ത്യയിലെ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാക്കും .അതോടെ തൊഴില്‍ തട്ടിപ്പുകള്‍ക്ക് അറുതിയുണ്ടാകും. യു എ ഇ യിലെ ഒരു കമ്പനിക്കും തൊഴില്‍ നിയമനത്തിനായി ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കാന്‍ അനുവാദമില്ലന്നും , വിസക്ക് വേണ്ടി തുക ആവശ്യപെട്ടാല്‍ അത്തരം കമ്പനികളെക്കുറിച്ച് ഇന്ത്യന്‍ എംബസ്സിയുടെ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് റിസോര്‍സ് സെന്റര്‍ വഴി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയുടെ പെട്രോളിയം ,പ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ യു എ ഇ സന്ദര്‍ശനത്തോടെ ഇന്ത്യയില്‍ ക്രൂഡ് ഓയില്‍ സൂക്ഷിക്കുന്നതിനുള്ള യു എ ഇ യുടെ തന്ത്രപ്രധാനനിക്ഷേപനീക്കം അടുത്ത ഘട്ടത്തിലേക്ക് കടന്നു . നികുതി ഈടാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് അന്തിമ തീരുമാനമായി . കര്‍ണ്ണാടകത്തി ലെയും ,വിശാഖപട്ടണത്തിലെയും ഭൂഗര്‍ഭ ടണലുകളിലാകും ക്രൂഡ് ഓയില്‍ സൂക്ഷിക്കുക . ജപ്പാന്‍ , കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ യു എ ക്ക് ഇത്തരം തന്ത്രപ്രധാനസംഭരണ കേന്ദ്രങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. യു എ ഇ യിലെ ഓണ്‍ഷോര്‍ എണ്ണക്കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു. ഇന്ത്യന്‍ ഓയില്‍ കമ്പനികളുടെ കണ്‍സൊര്‍ഷ്യം ആകും യു എ ഇ യില്‍ നിക്ഷേപം നടത്തുക .

ഇന്ത്യയുടെ പ്രതിരോധ വകുപ്പ് മന്ത്രി മനോഹര്‍ പരീഖറുടെ സന്ദര്‍ശനത്തില്‍ യു എ ഇ യുമായി “”പ്രൊട്ടെക്ഷന്‍ ഓഫ് കോണ്‍ഫിഡന്‍ഷ്യല്‍ മാറ്റെര്‍സ് “” കരാറില്‍ ഒപ്പിട്ടതോടെ പ്രതിരോധ രംഗത്ത് ഭാവിയുലുണ്ടാകാവുന്ന നിരവധി നീക്കങ്ങള്‍ക്ക് അടിസ്ഥാനരേഖയായി . ഇന്ത്യയുടെയും യു എ ഇ യുടെയും വ്യോമസേനകള്‍ സംയുക്തമായി നടത്തിയ വ്യോമാഭ്യാസം സൈനികരംഗത്തും, പ്രകൃതിഷോഭം പോലുള്ള സമയത്തും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള ഒരു തുടക്കമാണ് .

അബുദാബി ഡല്‍ഹി സെക്ടറില്‍ നിന്നും എയര്‍ ഇന്ത്യ വിമാനം പിന്‍വലിച്ചത് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സ്ഥാനപതി മാരുടെ ഔദ്യോഗിക അധികാരപരിധികള്‍ വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് കേന്ദ്ര തലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായും , പരിഗണയില്‍ ഇരിക്കുന്ന വിഷയങ്ങള്‍ക്ക് അനുമതി ലഭിച്ചാല്‍ കമ്മ്യുണിറ്റി വെല്‍ഫയര്‍ ഫണ്ട് പ്രവാസികള്‍ക്ക് ഏറെ പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗിക്കാനാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് അനില്‍ സി ഇടിക്കുള ,ടി പി ഗംഗാധരന്‍ , മുനീര്‍ പാണ്ട്യാല ,ഹഫ്‌സല്‍ അഹ്മദ് , സമീര് കല്ലറ ,ജോണി തോമസ് എന്നിവര്‍ പങ്കെടുത്തു . ഇന്ത്യന്‍ എംബസ്സി പാസ്‌പോര്‍ട്ട്,വിദ്യാഭ്യാസ ,സാംസ്‌കാരിക വിഭാഗം സെക്കന്ഡ് സെക്രട്ടറി കപില്‍ രാജും ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest