വ്രതമാസത്തിലെ ദുരന്തം; വിറങ്ങലിച്ച് പള്ളിക്കര ഗ്രാമം

Posted on: June 13, 2016 10:48 pm | Last updated: June 13, 2016 at 10:48 pm

ACCIDENT PALLIKKARAബേക്കല്‍: വിശുദ്ധ റമസാന്‍ മാസത്തില്‍ പളളിക്കരയിലുണ്ടായ ദുരന്തത്തില്‍ ഒരു നാട് മുഴുവന്‍ വിറങ്ങലിച്ചു. ഇന്നലെ വൈകിട്ട് 6.30 മണിയോടെയാണ് പള്ളിക്കര പഞ്ചായത്ത് ഓഫീസിന് സമീപം കാര്‍ ആല്‍മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരണപ്പെട്ടത്.
ചേറ്റുകുണ്ടിലെ ഹമീദിന്റെ മകന്‍ സജീര്‍ (24), പ്ലസ്ടു വിദ്യാര്‍ഥി അര്‍ഷാദ് (17), സക്കീന (25) , അസ്ഹറിന്റെ ഭാര്യ ഖൈറുന്നിസ (31), അജ്ജു (നാല്) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. കാറില്‍ കുട്ടികളടക്കം ഏഴോളം യാത്രക്കാരാണുണ്ടായിരുന്നത്. ഇവരില്‍ അഞ്ചുപേരാണ് മരണപ്പെട്ടത്.
എട്ടുമാസം പ്രായമുള്ള കുട്ടിയടക്കം രണ്ടുപേര്‍ മാത്രം അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.അപകടം നടക്കുന്ന സമയത്ത് ചാറ്റല്‍ മഴയുമുണ്ടായിരുന്നു. അപകട വിവരമറിഞ്ഞ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും അപകടസ്ഥലത്തേക്കും ജില്ലാആശുപത്രിയിലേക്കും ആളുകള്‍ ഒഴുകിയെത്തി.
ഏറെ സന്തോഷത്തോടെയാണ് ബന്ധുവിന്റെ വീട്ടിലേക്കുള്ള നോമ്പുതുറക്ക് കുടുംബം കാറില്‍ യാത്ര തിരിച്ചത്. എന്നാല്‍ ഇതൊരു കൂട്ട ദുരന്തത്തില്‍ കലാശിക്കുമെന്ന് കുടുംബം കരുതിയില്ല. സ്ത്രീകളുടെയും കുട്ടിയുടെയും ചേതനയറ്റ മൃതശരീരം കണ്ട് വാവിട്ടു നിലവിളിക്കാനേ കണ്ടുനിന്നവര്‍ക്ക് സാധിച്ചുള്ളൂ. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സമാശ്വസിപ്പിക്കാന്‍ അപകട വിവരമറിഞ്ഞെത്തിയവര്‍ക്ക് നന്നേ പാടുപെടേണ്ടിവന്നു.