Connect with us

Gulf

കൂടുതല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ നിര്‍മിക്കുന്നു

Published

|

Last Updated

ദോഹ: രാജ്യത്തിന്റെ കൂടുതല്‍ ഭാഗങ്ങളില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ നിര്‍മിക്കാന്‍ പദ്ധതിയുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. കൂടുതല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. ഇതിന് അംഗീകാരം ലഭിച്ചാല്‍ രാജ്യത്തിന്റെ വടക്ക്, തെക്ക് മേഖലകളില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ തുറക്കുമെന്ന് മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞതായി ഖത്വര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രാദേശിക മാര്‍ക്കറ്റുകളിലേക്ക് മാംസം, പച്ചക്കറികള്‍, പഴങ്ങള്‍, മറ്റ് ഭക്ഷ്യസാധനങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുന്ന ഐന്‍ ഖാലിദിലെ സെന്‍ട്രല്‍ മാര്‍ക്കറ്റ് മാതൃകയിലാണ് ഇവ നിര്‍മിക്കുക.
സെന്‍ട്രല്‍ മാര്‍ക്കറ്റ് വിപുലീകരണത്തിന് അഞ്ച് നിര്‍ദേശങ്ങളാണ് മന്ത്രാലയം പരിശോധിക്കുന്നത്. കന്നുകാലി, കാലിത്തീറ്റ ഇടപാടുകള്‍ നടത്തുന്നതിനാല്‍ ജനവാസ കേന്ദ്രത്തില്‍ നിന്നും ഇപ്പോഴത്തെ സെന്‍ട്രല്‍ മാര്‍ക്കറ്റ് ആള്‍ത്താമസം കുറഞ്ഞ പ്രദേശത്തേക്ക് മാറ്റുകയാണ് അതിലൊന്ന്. എല്ലാ വിധ സൗകര്യങ്ങളോടെയും സെന്‍ട്രല്‍ മാര്‍ക്കറ്റ് വിപുലീകരിക്കുകയാണ് രണ്ടാമത്തേത്. സമീപത്തെ താമസക്കാര്‍ക്ക് ശല്യമാകാത്ത രീതിയില്‍ സര്‍വ സന്നാഹങ്ങളും ഒരുക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്ത്.
നാല്‍പ്പത് വര്‍ഷം മുമ്പ് നിര്‍മിച്ചതാണ് സെന്‍ട്രല്‍ മാര്‍ക്കറ്റ്. അന്ന് ആളൊഴിഞ്ഞ പ്രദേശത്തായിരുന്നെങ്കിലും വര്‍ഷങ്ങളായുള്ള ദോഹയുടെ വികസനം കാരണം ജനവാസ കേന്ദ്രത്തിന്റെ നടുവിലാകുകയായിരുന്നു. വിപുലീകരണം നടത്തിയാല്‍ എല്ലാ വിധ സൗകര്യങ്ങളോടെയും മാതൃകാപരമായ മാര്‍ക്കറ്റ് ആയി ഇത് മാറും. മാര്‍ക്കറ്റിന്റെ വിപുലീകരണമോ മാറ്റി നിര്‍മിക്കലോ ഉടന്‍ തുടങ്ങുമെന്ന് മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു.
ജനവാസം കുറഞ്ഞ സ്ഥലത്തേക്ക് സെന്‍ട്രല്‍ മാര്‍ക്കറ്റ് മാറ്റുന്നതിനെ സംബന്ധിച്ച് സാധ്യതാ പഠനം നടത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ മുനിസിപ്പാലിറ്റി മന്ത്രാലത്തിന് ശിപാര്‍ശ നല്‍കിയിരുന്നു.

Latest