Connect with us

Gulf

ഖത്വര്‍ കെമിക്കല്‍സില്‍ ജീവനക്കാരെ പിരിച്ചു വിടുന്നു

Published

|

Last Updated

ദോഹ: ഖത്വര്‍ കെമിക്കല്‍സ് (ക്യുകെം) കമ്പനിയില്‍ മലയാളികള്‍ ഉള്‍പ്പെടെ നാല്‍പതിലധികം പേര്‍ക്ക് പിരിച്ചു വിടല്‍ നോട്ടീസ്. എച്ച്ആര്‍, അഡ്മിനിസ്ട്രേഷന്‍, പ്രോജക്ട്സ്, മെഡിക്കല്‍ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ഖത്തര്‍ പെട്രോളിയത്തിന്റെ ഓഹരിപങ്കാളിത്തമുള്ള മറ്റു കമ്പനികള്‍ നേരത്തേതന്നെ ഏതാനും പേരെ പിരിച്ചുവിട്ടിരുന്നു. ക്യു കമ്പനികളില്‍പെട്ട ക്യുകെമ്മില്‍ ഏറ്റവും ഒടുവിലായാണു പുനഃക്രമീകരണം നടന്നത്.

ഈ മാസം ആദ്യം ചേര്‍ന്ന ബോര്‍ഡ് യോഗത്തിനുശേഷമാണു ജീവനക്കാര്‍ക്കു നോട്ടീസ് നല്‍കിയത്. രണ്ടുമാസമാണ് സാവകാശം. മറ്റു ജോലി തേടുന്നവര്‍ക്കായി എന്‍ ഒ സി നല്‍കാമെന്നു കമ്പനി അറിയിച്ചിട്ടുണ്ട്. വര്‍ഷങ്ങളുടെ സര്‍വീസുള്ളവരാണ് ഒഴിവാക്കപ്പെട്ടവരില്‍ പലരും. പ്രകൃതിവാതകത്തില്‍ നിന്ന് എഥിലിന്‍ വേര്‍തിരിച്ച് പോളി എഥിലിനും മറ്റു പ്ലാസ്റ്റിക് അസംസ്‌കൃത ഉത്പന്നങ്ങളും നിര്‍മിക്കുന്ന കമ്പനിയാണു ക്യൂകെം. ഖത്വര്‍ പെട്രോളിയവും യു എസ് കമ്പനിയായ ഷെവ്റോണ്‍ ഫിലിപ്സുമായി ചേര്‍ന്നുള്ള സംയുക്തസംരംഭമാണിത്.
എണ്ണ വിലിയിടിവിനെ തുടര്‍ന്ന് മാതൃകമ്പനിയായ ഖത്വര്‍ പെട്രോളിയത്തിലാണു പിരിച്ചുവിടല്‍ (ക്യു പി) ആദ്യം തുടങ്ങിയത്. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ക്ക് ഇതില്‍ ജോലി പോയി. പിന്നീട് ക്യു പിയുടെ പങ്കാളിത്തമുള്ള ക്വാപ്കോ, റാസ് ഗ്യാസ്, ഖത്വര്‍ ഗ്യാസ്, ഖത്വര്‍ സ്റ്റീല്‍, ഖത്വര്‍ വിനൈല്‍, കാഫ്കോ തുടങ്ങിയവയിലും പിരിച്ചുവിടല്‍ നടപ്പാക്കി. ജീവനക്കാരെ കുറക്കുന്നതിനൊപ്പം ക്യു കമ്പനികള്‍ ചെലവു ചുരുക്കലും ആരംഭിച്ചിട്ടുണ്ട്. അലവന്‍സുകളും ഗ്രേഡും കുറയ്ക്കുന്നതുള്‍പ്പെടെ കൂടുതല്‍ കര്‍ശന നടപടികളിലേക്കു കമ്പനി നീങ്ങുമോ എന്ന ആശങ്കയിലാണു ജീവനക്കാര്‍.
ക്യു കമ്പനികള്‍ ചെലവുചുരുക്കല്‍ ഏര്‍പ്പെടുത്തിയതോടെ ഇവരുടെ ഉപകരാറുകള്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്ന ഒട്ടേറെ ചെറിയ കമ്പനികളിലും തൊഴില്‍നഷ്ട ഭീഷണിയിലാണ്. ഖത്വത്തര്‍ ഒളിംപിക് കമ്മിറ്റിയില്‍ നിന്നു കഴിഞ്ഞ മാസം മുപ്പതിലധികം ജീവനക്കാരെ ഒഴിവാക്കിയിരുന്നു. മികച്ച ശമ്പളത്തോടെ കുടുംബസമേതം ഇവിടെ കഴിഞ്ഞിരുന്നവരാണു പലരും. എണ്ണവിലയിടിവു സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ മറ്റു പല മേഖലകളില്‍നിന്നും പിരിച്ചു വിടലുണ്ടായി. അല്‍ജസീറ, ഉരീദു, വോഡഫോണ്‍ തുടങ്ങിയ കമ്പനികളിലും ജോലിക്കാരുടെ എണ്ണം കുറച്ചിരുന്നു. ഖത്വര്‍ മ്യൂസിയം ഉള്‍പ്പെടെ സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍നിന്നും പി എച്ച് സി സിയില്‍ നിന്നും ഏറെപ്പേര്‍ പിരിച്ചു വിടപ്പെട്ടു.