ഫ്‌ളോറിഡ വെടിവെയ്പ്പ്; കൊലയാളിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി മുന്‍ഭാര്യ

Posted on: June 13, 2016 5:15 pm | Last updated: June 13, 2016 at 5:24 pm

OMAR WIFEഫ്‌ളോറിഡ: യുഎസിലെ ഒര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബില്‍ വെടിവെയ്പ് നടത്തിയ ഒമര്‍ സാദിഖ് മാറ്റീന്‍ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി മുന്‍ഭാര്യ സിതോറ യൂസിഫിയുടെ വെളിപ്പെടുത്തല്‍. അക്രമസ്വഭാവം കാട്ടിയിരുന്ന സാദിഖ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നെന്നും നിസാര കാര്യങ്ങള്‍ക്കുപോലും മര്‍ദിക്കുമായിരുന്നെന്നും അവര്‍ പറഞ്ഞു.
എട്ടു വര്‍ഷം മുമ്പ് ഓണ്‍ലൈന്‍ വഴി പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തതിന് തുടര്‍ന്നായിരുന്നു ഒമറിന്റെയും സിറ്റോര യൂസിഫിയുടെയും വിവാഹം. ഒമറിന്റെ മാതാപിതാക്കള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസിലേക്ക് കുടിയേറിയവരാണ്. ന്യൂയോര്‍ക്കിലായിരുന്നു ഒമറിന്റെ ജനനം. ഇവരുടെ കുടുംബം പിന്നീട് ഫ്‌ളോറിഡയിലേക്ക് മാറി. വിവാഹത്തിന് ശേഷം ആദ്യനാളുകളില്‍ എല്ലാം സാധാരണപോലെയായിരുന്നു. പിന്നീട് ജീവിതം അസഹനീയമായിരുന്നെന്നും അവര്‍ പറഞ്ഞു.ഒമര്‍ തന്നെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നെന്നും വസ്ത്രം അലക്കിയില്ല എന്ന കാരണം പറഞ്ഞ് പോലും തല്ലുമായിരുന്നെന്നും സിറ്റോര പറയുന്നു. ഒമര്‍ ഒരു കടുത്ത മതവിശ്വാസിയൊന്നുമല്ലായിരുന്നു എന്നാണ് സിറ്റോര പറയുന്നത്. ഒരുമിച്ചു കഴിഞ്ഞ് ഒരിക്കല്‍ പോലും കടുത്ത ഇസ്‌ലാമികത കാട്ടിയിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന ഇയാള്‍ക്ക് ഒരു ചെറിയ തോക്ക് സ്വന്തമായി ഉണ്ടായിരുന്നു.

താന്‍ നാല് മാസം മാത്രമാണ് ഒമറിനൊപ്പം ജീവിച്ചതെന്നും ഉപദ്രവം സഹിക്കാനാതെ ബന്ധം വേര്‍പിരിഞ്ഞതെന്നും സിതോറ കൂട്ടിചേര്‍ക്കുന്നു. തന്റെ വീട്ടുകാരോട് സംസാരിക്കാന്‍ ഒമര്‍ അനുവദിച്ചിരുന്നില്ല. ഒടുവില്‍ ബന്ധുക്കള്‍ എത്തിയാണ് ഒമറില്‍ നിന്നും തന്നെ രക്ഷിച്ചതെന്നും അവര്‍ പറഞ്ഞു. പിന്നീട് ഒമര്‍ പല തവണ പുന:സമാഗമത്തിന് ശ്രമിച്ചെങ്കിലും അവര്‍ തയാറായിരുന്നില്ല.
വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞെങ്കിലും രേഖകള്‍ പ്രകാരം ഇരുവരും വിവാഹമോചിതരല്ല.

omarമതവുമായി ബന്ധപ്പെട്ട് മകന്‍ ഒന്നും ചെയ്യുന്നത് കണ്ടിട്ടില്ലെന്ന് ഒമറിന്റെ പിതാവ് സിദ്ദിഖി മാറ്റീനും പറയുന്നത്. ഒരിക്കല്‍ മിയാമിയില്‍ വെച്ച് രണ്ടു പുരുഷന്മാര്‍ ചുംബിക്കുന്നത് കണ്ട് അസ്വസ്ഥതപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏവരേയുമെന്ന പോലെ മകന്റെ പ്രവര്‍ത്തിയില്‍ തങ്ങളും ഞെട്ടിയിരിക്കുകയാണെന്നും എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും മകന്റെ പ്രവര്‍ത്തിയെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള അറിവ് ഇല്ലായിരുന്നെന്നും പിതാവ് പറഞ്ഞു.