അറിവരങ്ങിലേക്ക് വനിതാ വിജ്ഞാന സദസ്സുകളും ഉണര്‍ന്നു

Posted on: June 13, 2016 9:09 am | Last updated: June 13, 2016 at 9:09 am

കോട്ടക്കല്‍: റമസാനിന്റെ ദിനങ്ങളെ അറിവരങ്ങാക്കി വിനിതാ വിജ്ഞാന സദസുകള്‍. സ്ത്രീകളെ ലക്ഷ്യം വെച്ച് നടത്തുന്ന മതപഠന വേദികളാണ് വിവിധയിടങ്ങളില്‍ ആരംഭിച്ചത്. ഓഡിറ്റോറിയങ്ങള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവയിലാണ് പഠന വേദികള്‍ ഒരുക്കിയിരിക്കുന്നത്. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് എന്നിവക്ക് കീഴില്‍ ആരംഭിച്ച ക്ലാസുകളില്‍ സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.
രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന ക്ലാസുകള്‍ ഉച്ച വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. നേരത്തെ തന്നെ പല ഭാഗങ്ങളിലായി നടന്നുവരുന്ന വനിത പഠന വേദികളുടെ തുടര്‍ച്ചയായും ഇത്തരം വേദികള്‍ വിപുലീകരിച്ചിട്ടുള്ളത്. ആഴ്ച്ചയില്‍ ഒരു ദിവസമെന്ന നിലയിലാണ് ചിലത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രമുഖ സ്ഥാപനങ്ങളിലും ക്ലാസുകളുണ്ട്. മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ റമസാന്‍ ക്യാമ്പയിന്റെ ഭാഗമായി രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന വനിതാ വിജ്ഞാന വേദിയുണ്ട്. പ്രമുഖരാണ് ഓരോ വേദികള്‍ക്കും നേതൃത്വം നല്‍കുന്നത്.
കോട്ടക്കല്‍ പി എം ഓഡിറ്റോറിയത്തില്‍ നടക്കുന്ന വനിതാ പഠന ക്ലാസിന് ഇന്നലെ തുടക്കമായി. റമസാനിലെ ഞായറാഴ്ച്ചകളിലാണ് ഇവിടെ പഠന ക്ലാസ്. ഇതിനോടൊപ്പം സര്‍ക്കിള്‍ എസ് വൈ എസ് വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്ന റമസാന്‍ പ്രഭാഷണങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രഭാഷണങ്ങളുടെ ഭാഗമായി പ്രാര്‍ഥനാ വേദികളും ഒരുക്കിയിട്ടുണ്ട്.