Connect with us

Articles

എന്തുകൊണ്ടവര്‍ കൈമുത്താന്‍ തിരക്കു കൂട്ടുന്നു?

Published

|

Last Updated

ഇന്ത്യന്‍ യൂനിയന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണം ഇതിനകം വലിയ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. പ്രഭാഷണത്തിനിടെ കോണ്‍ഗ്രസിലെ അംഗങ്ങള്‍ പലകുറി എഴുന്നേറ്റു നിന്ന് കൈയടിച്ച് പോയി. പ്രഭാഷണാനന്തരം മോദിയദ്ദേഹത്തിന്റെ കൈപിടിക്കാനും തൊട്ടുമുത്താനുമൊക്കെ സായിപ്പന്‍മാര്‍ തിക്കുംതിരക്കും കൂട്ടിയതായും ചിത്ര-ദൃശ്യങ്ങളാല്‍ ഇന്ത്യന്‍ ജനതക്കും മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ ശ്രദ്ധാപൂര്‍വം വീക്ഷിച്ചിരുന്ന ഇതര ജനതകള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. രണ്ടാണ്ട് മുമ്പ് അധികാരത്തിലേറിയ അമ്പത്തിയാറിഞ്ച് നെഞ്ചളവുള്ള പ്രധാനമന്ത്രി ഇതിനകം ലോകരാഷ്ട്രങ്ങളിലൊക്കെ സ്വാധീനം ചെലുത്താന്‍ പാകത്തിലുള്ള നായകനായി വളര്‍ന്നുവെന്നും അതിന്റെ തെളിവാണ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ കണ്ട അപൂര്‍വതകളൊക്കെയെന്നും സംഘ്പരിവാറിന്റെ പ്രവര്‍ത്തകരൊക്കെ അവകാശപ്പെടുന്നുണ്ട്.

അവകാശത്തിന് അര്‍ഹതയില്ലാതില്ല. അധികാരമേറ്റ് രണ്ടാണ്ട് പിന്നിടുമ്പോഴേക്കും ഒരുമാതിരിപ്പെട്ട വിദേശ രാഷ്ട്രങ്ങളിലെല്ലാം നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. ഭൂമിയുടെ, ഇന്ത്യയുള്‍ക്കൊള്ളുന്ന അര്‍ധഗോളത്തിന്റെ മറുപുറത്തുള്ള രാഷ്ട്രങ്ങളിലേതിലേക്കെങ്കിലുമാണ് യാത്രയെങ്കില്‍ പോകും വഴിക്കോ വരും വഴിക്കോ അമേരിക്കയിലിറങ്ങി ശീതീകരിച്ച കോള കഴിക്കാതെ മടങ്ങാറ് പതിവില്ല തന്നെ. അവിടെയിറങ്ങിയാല്‍പ്പിന്നെ വെള്ളക്കൊട്ടാരം കാണാതെ പോരുന്നതെങ്ങനെ? ആകയാല്‍ രണ്ടാണ്ടിനിടെ നാല് തവണ ബരാക് ഒബാമയെ അമേരിക്കയില്‍ വെച്ചു തന്നെ കണ്ടു. ഇതിനിടയില്‍ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് കയറി പ്രസംഗിച്ചു. പ്രസിദ്ധമായ പ്രഭാഷണങ്ങള്‍ വേറെയുമുണ്ടായി, ബ്രിട്ടീഷ് പാര്‍ലിമെന്റിലടക്കം. എന്നിട്ടും അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് കൈയടി വാങ്ങുക എന്ന മോഹം ബാക്കിയായി നിന്നു. ഗുജറാത്ത് വംശഹത്യയുടെയും അതിന്റെ ഇരകള്‍ക്ക് നീതി നിഷേധിക്കുന്നതിന്റെയും ഉത്തരവാദിത്തമുണ്ടെന്ന് ആരോപിച്ച് ദീര്‍ഘകാലം അമേരിക്കന്‍ മണ്ണിലേക്ക് വിസ നിഷേധിച്ച ഭരണകൂടം, ആനയിച്ച് ആദരിച്ച് അവരുടെ പരമാധികാര സഭയില്‍ പ്രസംഗിക്കാന്‍ ക്ഷണിക്കുമ്പോള്‍ ഒരു പകരം വീട്ടലിന്റെ സുഖം ഏതു വൈരാഗിക്കുമുണ്ടാകുമല്ലോ?

ഒരു രാഷ്ട്രത്തിന്റെ പരമാധികാരി മറ്റൊരു രാഷ്ട്രത്തിന്റെ പരമാധികാര സഭയെ അഭിസംബോധന ചെയ്യുമ്പോള്‍ പഴുതില്ലാത്ത മുന്നൊരുക്കമുണ്ടാകും. എന്ത് പറയണം, എങ്ങനെ പറയണം എന്നതിലൊക്കെ കണിശതവരുത്തും. പറയുമ്പോഴുള്ള മുഖഭാവം, കൈകളുടെ ചലനം ഒക്കെ എങ്ങനെ വേണമെന്നതില്‍ വേണമെങ്കില്‍ പരിശീലനവുമാകാം. പുതിയ കാലത്ത് ഇതൊക്കെ പ്രധാനമാണ്. ഇതൊക്കെ ഒരു ജനതയുടെ ആത്മവിശ്വാസത്തിന്റെ പ്രത്യക്ഷ പ്രതീകമായാണ് വിദേശികള്‍ വിലയിരുത്തുക. അതില്‍ നിന്നാണ് അവര്‍ ഇന്ത്യയില്‍ എത്ര കഴഞ്ച് വിശ്വാസം അര്‍പ്പിക്കണമെന്നൊക്കെ തീരുമാനിക്കുക. അതുകൊണ്ട് തന്നെ കെട്ടിലും മട്ടിലുമൊക്കെ ചെറുതല്ലാത്ത ചില കാര്യങ്ങളുണ്ട്. അതു കണ്ടറിഞ്ഞ് കളിക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്. എന്നാല്‍ ഇത് പുതിയ കാര്യമാണോ? അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന മട്ടിലാണ് ചിലരൊക്കെ മോദിയുടെ പ്രഭാഷണത്തെ കാണുന്നത്. ഇത്രയും ധീരമായി അമേരിക്കന്‍ കോണ്‍ഗ്രസില്‍ സംസാരിച്ച മറ്റൊരു ഇന്ത്യന്‍ നേതാവുണ്ടോ?

ഇത്രയേറെ സ്വീകരിക്കപ്പെട്ട (കൈപിടിക്കലും തൊട്ടുമുത്തലും) മറ്റൊരു നേതാവുണ്ടോ? എന്നിത്യാദി ചോദ്യങ്ങളാണ് സംഘ്പരിവാരം തൊടുക്കുന്നത്. ശരിയല്ലേ എന്ന തോന്നല്‍ തൊണ്ടതൊടാതെ വിഴുങ്ങാന്‍ പ്രേരിപ്പിക്കുന്ന ചോദ്യങ്ങള്‍.
തീവ്രവാദത്തിന്റെ വിളനിലവും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രവുമായ പാക്കിസ്ഥാനെ സഹായിക്കുന്ന അമേരിക്കയുടെ നിലപാടിനെ അവരുടെ കോണ്‍ഗ്രസില്‍ വെച്ച് വിമര്‍ശിച്ചതാണ് മോദിയുടെ ധീരപ്രവൃത്തിയില്‍ ഏറ്റം മികച്ചത്. പാക്കിസ്ഥാന്റെ പേരു പറയാതെ കോണ്‍ഗ്രസ് മുമ്പാകെ തീവ്രവാദത്തില്‍ അവരുടെ ഉത്തരവാദിത്തം എടുത്തുകാട്ടിയത് രണ്ടാമത്തേത്. ഭീകരവാദത്തിന് നല്ലത്, ചീത്ത എന്നീ രണ്ട് മുഖങ്ങളില്ലെന്ന് തുറന്നടിച്ച് ഭീകരതയെ നേരിടുന്നതില്‍ അമേരിക്ക പുലര്‍ത്തുന്ന ഇരട്ടത്താപ്പിനെ തുറന്നുകാട്ടിയെന്നതാണ് മൂന്നാമത്തെ ധീരപ്രവൃത്തി.

എന്നാല്‍ ഈ അഭിപ്രായപ്രകടനങ്ങളൊന്നും പുതുമയല്ലെന്ന് അമേരിക്കയുടെ നിലപാടുകളോട് ഇന്ത്യന്‍ നേതാക്കള്‍ കാലാകാലം നടത്തിയ പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാം. 2005ല്‍ അമേരിക്കയുമായി സിവിലിയന്‍ ആണവ സഹകരണ കരാര്‍ ഒപ്പിട്ടതിന് ശേഷം ഡോ. മന്‍മോഹന്‍ സിംഗ് അമേരിക്കന്‍ കോണ്‍ഗ്രസിന് മുമ്പാകെ നടത്തിയ പ്രസംഗത്തിലും ഏതാണ്ട് ഇതേ കാര്യങ്ങളൊക്കെയുണ്ട്. കുറേക്കൂടി മികച്ച നയതന്ത്ര ഭാഷ ഉപയോഗിച്ചിരുന്നുവെന്ന് മാത്രം.

ഭീകരതയുടെ എല്ലാ നാമ്പുകളെയും ഒരുപോലെ കാണണമെന്നും ജനാധിപത്യ രാഷ്ട്രങ്ങള്‍ ഇതുമൂലം നേരിടുന്ന പ്രയാസങ്ങള്‍ ചെളുതല്ലെന്നും അന്ന് മന്‍മോഹന്‍ സിംഗ് പറയുമ്പോഴും അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങള്‍ കൈയടിച്ചിരുന്നു. ഭീകരതക്കെതിരായ നടപടികള്‍ തിരഞ്ഞെടുത്ത ഇടങ്ങളില്‍ മാത്രമായി ചുരുക്കരുതെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞപ്പോള്‍ നല്ലത്, ചീത്ത എന്ന വേര്‍തിരിവ് ഇക്കാര്യത്തിലില്ലെന്നും എല്ലായിടത്തുള്ളതിനെയും ഒരുപോലെ നേരിടണമെന്നും ഭീകരതയെ സഹായിക്കുന്നവരെ സാമ്പത്തികമായി പിന്തുണക്കുന്ന നിലപാട് ശരിയല്ലെന്നുമൊക്കെ തന്നെയാണ് അദ്ദേഹം പറഞ്ഞത്.

അത് മറ്റൊരു ഭാഷയില്‍ ആവര്‍ത്തിക്കുക മാത്രമേ ഇപ്പോഴത്തെ പ്രധാനമന്ത്രി ചെയ്തിട്ടുള്ളൂ. ജാതി, മതം, ഭാഷ ഇവയിലെ വൈവിധ്യം, ഇതിനൊക്കെ അര്‍ഹിക്കുന്ന അംഗീകാരം നല്‍കുകയും എല്ലാവരെയും ഒരുപോലെ കാണുകയും ചെയ്യുന്ന ജനാധിപത്യമുള്‍പ്പെടെ ഇന്ത്യന്‍ യൂനിയന്റെ പ്രത്യേകതകള്‍, അതിന്റെ ഭരണഘടനയുടെ ഗരിമ, ജനങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ ഭരണകൂടം ചെയ്യുന്ന അശ്രാന്തശ്രമങ്ങള്‍ എന്ന് തുടങ്ങി ഇപ്പറഞ്ഞ നേട്ടങ്ങളിലൊക്കെ എത്തുന്നതില്‍ അമേരിക്കന്‍ സമ്പ്രദായം വഹിച്ച പങ്കിനുള്ള പ്രകീര്‍ത്തനം ഒക്കെയുണ്ടായിരുന്നു മന്‍മോഹന്‍ സിംഗിന്റെ പ്രഭാഷണത്തിലും. രാജീവ് ഗാന്ധിയും പി വി നരസിംഹ റാവുവും എ ബി വാജ്പയിയുമൊക്കെ അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങളെ അഭിസംബോധന ചെയ്തപ്പോഴും ഇതൊക്കെ പറഞ്ഞിട്ടുണ്ട്. നരേന്ദ്ര മോദിയും ഇതൊക്കെ തന്നെ പറഞ്ഞു.

രാജീവ് ഗാന്ധി സംസാരിക്കുമ്പോള്‍ ഇന്ത്യാ മഹാരാജ്യം സമ്പത്തിക പരിഷ്‌കരണം ആരംഭച്ചിട്ടേയുണ്ടായിരുന്നുള്ളൂ. നരസിംഹ റാവു സംസാരിക്കുമ്പോള്‍ അതിന്റെ ഗതിവേഗം കൂട്ടിയിട്ടുണ്ടായിരുന്നു. രണ്ടാമത്തെ പൊഖ്‌റാന്‍ പരീക്ഷണത്തിന് ശേഷം ഊര്‍ജാവശ്യത്തിനുള്ള ആണവ പദ്ധതികള്‍ക്ക് വേണ്ട സഹായം തേടാന്‍ ആലോചിക്കുമ്പോഴാണ് എ ബി വാജ്പയി യു എസ് കോണ്‍ഗ്രസില്‍ എത്തിയത്. അതിനുള്ള കരാറില്‍ ഒപ്പുവെക്കുകയും ഉപ്പു തൊട്ടു കര്‍പ്പൂരം വരെ സകല കച്ചവടത്തിലും പങ്കാളിത്തമുണ്ടാകണമെന്ന് പ്രാര്‍ഥിക്കുകയും ചെയ്തുകൊണ്ടായിരുന്നു ഡോ. മന്‍മോഹന്‍ സിംഗിന്റെ പ്രസംഗം.

ഇതൊക്കെ തന്നെയാണ് നരേന്ദ്ര മോദിയും പറഞ്ഞിരിക്കുന്നത്. കച്ചവടത്തിന്റെ സാധ്യതകള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് മുന്നില്‍ കുറേക്കൂടി ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം എന്ന് പറയാം. 2022 ആകുമ്പോഴേക്കും 100 കോടി ജനങ്ങള്‍ക്ക് ബ്രോഡ്ബാന്‍ഡ് സൗകര്യമെത്തിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് നരേന്ദ്ര മോദി അമേരിക്കന്‍ കോണ്‍ഗ്രസില്‍ പറയുമ്പോള്‍ ഇതിന് ആവശ്യമായത്ര ഉപഗ്രഹ/ഭുതല സൗകര്യങ്ങളൊരുക്കുക എന്ന വലിയ ജോലി ഇവിടെ ചെയ്യാന്‍ ബാക്കിയുണ്ട്, അതിലേക്ക് നേരിട്ടോ അല്ലാതെയോ പണമിറക്കിയാല്‍ ലാഭമെടുക്കാന്‍ പ്രയാസമുണ്ടാകില്ലെന്ന് അറിയിക്കുകയാണ്.

100 സ്മാര്‍ട്ട് നഗരങ്ങള്‍ നിര്‍മിക്കുക ലക്ഷ്യമാണെന്ന് പറയുമ്പോള്‍, സ്മാര്‍ട്ടാകുക എന്നതിന് വേണ്ട നിര്‍മാണങ്ങള്‍ക്കൊക്കെ നിങ്ങള്‍ക്ക് പങ്കാളിത്തമുണ്ടാക്കാമെന്നാണ് അര്‍ഥം. റോഡ്, റെയില്‍, തുറമുഖം എന്ന് വേണ്ട അടിസ്ഥാന സൗകര്യമെന്ന നിര്‍വചനത്തിന് കീഴില്‍ വരുന്ന സകലതിലും നിക്ഷേപമിറക്കാന്‍ സ്വാഗതം. ലാഭമെടുക്കാന്‍ വേണ്ട സൗകര്യങ്ങളൊക്കെ ചെയ്യുന്ന ഇടനിലക്കാരന്റെ റോളില്‍ താനുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നു നരേന്ദ്ര മോദി. രാജീവ് ഗാന്ധിയില്‍ തുടങ്ങി മന്‍മോഹന്‍ സിംഗ് വരെയുള്ള പിന്തുടര്‍ച്ചക്കാരൊക്കെ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്ത് തുടങ്ങുകയോ ചെയ്തത് താന്‍ കൂറേക്കൂടി ഭംഗിയാക്കി തരാമെന്ന് പറയുകയാണ് യഥാര്‍ഥത്തില്‍ നരേന്ദ്ര മോദി ചെയ്യുന്നത്. അതില്‍ അമ്പത്തിയാറിഞ്ച് നെഞ്ചിന്റെ ഊക്കിനോ ഭീകരതയുടെ കാര്യത്തില്‍ തുറന്നഭിപ്രായം പ്രകടിപ്പിക്കാന്‍ കാട്ടിയ ധൈര്യത്തിനോ വലിയ സ്ഥാനമൊന്നുമില്ല. ഏത് ഭിന്നാഭിപ്രായത്തെയും ക്ഷമയോടെ കേട്ടിരിക്കുക എന്നതാണ് കച്ചവടത്തിന് നല്ലത് എന്ന് അമേരിക്കക്കാരന്‍ നേരത്തെ തന്നെ പഠിച്ചതാണ്.

കോര്‍പ്പറേറ്റ് ലോബികളുടെ പ്രതിനിധികളാണെന്ന് തുറന്ന് പറയുന്ന അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ എത് ഭിന്നാഭിപ്രായത്തെ സഹിച്ചും തുറന്ന് കിട്ടാനിടയുള്ള വലിയ കമ്പോളത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കാന്‍ കാത്തിരിക്കും. ആ കമ്പോളത്തിലേക്ക് കോട്ടും സ്യൂട്ടുമിട്ടിറങ്ങിയാല്‍ കൈപൊള്ളാതെ തിരികെക്കയറാമെന്ന് ഉറപ്പ് നല്‍കുന്ന നേതാവിന്റെ കൈപിടിക്കാനും കൈമുത്താനും അവര്‍ മത്സരിക്കുകയും ചെയ്യും.

ഇത്ര ആത്മവിശ്വാസത്തോടെ ഇന്ത്യന്‍ കമ്പോളത്തെ അവതരിപ്പിക്കാന്‍ നരേന്ദ്ര മോദിക്ക് സാധിക്കുന്നുവെങ്കില്‍, അതില്‍ വിശ്വാസമര്‍പ്പിക്കാന്‍ അമേരിക്കയിലെ വ്യവസായികളും അവരുടെ പ്രതിനിധികളായ പാര്‍ലിമെന്റംഗങ്ങളും തയ്യാറാകുന്നുവെങ്കില്‍ മോദിയും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ രോമാഞ്ചംകൊള്ളുന്ന സംഘ്പരിവാരവും നന്ദി അറിയിക്കേണ്ടത് ഒന്നും രണ്ടും യു പി എ സര്‍ക്കാറില്‍ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗിനോടാണ്. അമേരിക്കയില്‍ തുടങ്ങി ലോകത്താകെ വ്യാപിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മുരടിപ്പിന് പുറത്തുനിര്‍ത്തിയത് മന്‍മോഹന്‍ സിംഗിന്റെ ബുദ്ധിയായിരുന്നു. കമ്പോളത്തിലും മത്സരത്തിലും അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയെ പിന്തുണക്കുമ്പോള്‍ തന്നെ അതിലെ മാന്ദ്യത്തെ നേരിടണമെങ്കില്‍ പൊതുഖജാനയില്‍ നിന്ന് പണമിറക്കുകയാണ് വേണ്ടതെന്ന് ആദ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചയാള്‍ മന്‍മോഹന്‍ സിംഗായിരുന്നു.

ആ ചിന്തയിലേക്ക് അദ്ദേഹത്തെ നയിച്ചതിന് രാഷ്ട്രീയ കാരണങ്ങള്‍ വേറെയുമുണ്ടാകാം. എങ്കിലും അദ്ദേഹം അതു ചെയ്തതിന്റെ കൂടി ഫലമാണ് ഇന്ന് വലിയ ആത്മവിശ്വാസത്തോടെ വാക്കുകള്‍ പ്രയോഗിക്കാന്‍ നരേന്ദ്ര മോദിയെ പ്രാപ്തനാക്കുന്നത്. 2005ല്‍ മന്‍മോഹന്‍ സിംഗ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തിന്റെ ആശയത്തില്‍ ഒരു മാത്ര വ്യത്യാസമില്ല മോദി അടുത്തിടെ നടത്തിയ പ്രസംഗത്തില്‍. ജനാധിപത്യവും സഹിഷ്ണുതയും 2005ലെ സൗമ്യശബ്ദത്തില്‍ പ്രതിഫലിച്ചിരുന്നുവെങ്കില്‍ 2016ല്‍ അത് അര്‍ഥമില്ലാത്ത വാക്കുകളായി പ്രതിധ്വനിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്ന വലിയ വ്യത്യാസമുണ്ട്. ജനാധിപത്യമെന്നത് അധിനിവേശമോ അധീശത്വത്തെ അംഗീകരിപ്പിക്കലോ ഒക്കെയായി മനസ്സിലാക്കുന്ന ഭരണകൂടത്തിന്റെ മുന്നില്‍ ഈ വ്യത്യാസം അത്ര പ്രസക്തമാകുകയുമില്ല.

 

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest