ഇന്ത്യയുടെ എന്‍ എസ് ജി പ്രവേശം

Posted on: June 13, 2016 6:22 am | Last updated: June 13, 2016 at 12:23 am

ആണവ വിതരണ ഗ്രൂപ്പില്‍ (ന്യൂക്ലിയര്‍ സപ്ലേ ഗ്രൂപ്പ്- എന്‍ എസ് ജി) അംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമവും അതിന് അമേരിക്ക നല്‍കുന്ന അടിയുറച്ച പിന്തുണയും പുതിയൊരു ശാക്തിക വടംവലിക്ക് കാരണമായിരിക്കുകയാണ്. ഈയിടെ നരേന്ദ്ര മോദി പഞ്ചരാഷ്ട്ര യാത്രയുടെ ഭാഗമായി നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇക്കാര്യത്തില്‍ ആഴത്തില്‍ ചര്‍ച്ചകള്‍ നടന്നു. അടുത്ത 20ന് ചേരുമെന്ന് പ്രതീക്ഷിക്കുന്ന എന്‍ എസ് ജി യോഗത്തില്‍ ഇന്ത്യയുടെ അംഗത്വം ഉറപ്പാക്കുമെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമയടക്കമുള്ളവര്‍ വാഗ്ദാനം നല്‍കുകയും ചെയ്തു. ഇന്ത്യക്കായുള്ള ലോബീംഗിന്റെ ഉത്തരവാദിത്വം അമേരിക്ക ഏറ്റെടുക്കുകയാണ് ചെയ്തത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പു വെച്ചിട്ടില്ലെങ്കിലും ഇന്ത്യ ഉത്തരവാദിത്വമുള്ള ആണവ ശക്തിയായിരിക്കുമെന്നും ഇന്ത്യയുടെ ആണവ പരിപാടികള്‍ തികച്ചും ഊര്‍ജാവശ്യത്തിനുള്ളതായിരിക്കുമെന്നും ലോകത്തെ ബോധ്യപ്പെടുത്താനുള്ള ദൗത്യം അമേരിക്ക സ്വയം ഏല്‍ക്കുന്നു.

ഒരു സാമ്രാജ്യത്വ ശക്തി ഇങ്ങനെ ഉദാരമനസ്‌കത കാണിക്കുമ്പോള്‍ അത് തികച്ചും നിഷ്‌കളങ്കവും ഉഭയകക്ഷി സൗഹൃദപരവും ആയിരിക്കുമെന്ന് ചരിത്രബോധമുള്ള ആരും പ്രതീക്ഷിക്കില്ല. ഗൂഢമായ നിരവധി താത്പര്യങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ടാകും. ഇപ്പോള്‍ തന്നെ മേഖലയില്‍ അമേരിക്കയുടെ തന്ത്രപര പങ്കാളിയായി ഇന്ത്യയെ പ്രഖ്യാപിച്ചു കഴിഞ്ഞു. പശ്ചിമേഷ്യയിലും ഇന്ത്യന്‍ മഹാസുദ്ര മേഖലകളിലും അമേരിക്കന്‍ സൈനിക, നയതന്ത്ര താത്പര്യങ്ങള്‍ക്ക് ഇന്ത്യ കൂട്ടുനില്‍ക്കേണ്ടി വരുമെന്നുറപ്പാണ്. ഏറ്റവും വലിയ ജനാധിപത്യ ശക്തിയെന്ന നിലയില്‍ ഒരു ചേരിയിലും പെടാതെ സമാധാനപരമായ സഹവര്‍ത്തിത്വത്തിന് നേതൃത്വം നല്‍കാനുള്ള ചരിത്രപരമായ ഉത്തരവാദിത്വമാണ് ഇന്ത്യ അടിയറ വെക്കുന്നത്. ആണവ സാമഗ്രികളുടെ വില്‍പ്പനയും വാങ്ങലും എളുപ്പമാക്കുന്നതിനായി ആണവ സപ്ലേ ഗ്രൂപ്പില്‍ അംഗമാകുന്നതിന് ഇന്ത്യക്ക് അര്‍ഹതയുണ്ടെന്നത് വസ്തുതയാണ്. നാം ഉത്തരവാദിത്വമുള്ള ആണവ ശക്തിയാണ് താനും. ആണവ വ്യാപനത്തെയും കിടമത്സരത്തെയും രാജ്യം ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടുമില്ല. എന്നാല്‍ വസ്തുതകള്‍ സ്വയം ലോകത്തെ ബോധ്യപ്പെടുത്താനുള്ള ശേഷിയുണ്ടെന്നിരിക്കെ ഇക്കാര്യത്തില്‍ അമേരിക്കന്‍ സഖ്യം ചേരേണ്ട കാര്യമുണ്ടായിരുന്നോ എന്നതാണ് ചോദ്യം. ഇന്ത്യയുടെ നീക്കത്തോട് ചൈന നടത്തിയ

പ്രതിപ്രവര്‍ത്തനം ഈ ചോദ്യത്തെ പ്രസക്തമാക്കുന്നു.
48 അംഗ എന്‍ എസ് ജിയുടെ വിയന്നയില്‍ നടന്ന ഏറ്റവും ഒടുവിലത്തെ യോഗത്തില്‍ ഇന്ത്യക്കെതിരെ കടുത്ത നിലപാടാണ് ചൈന കൈക്കൊണ്ടത്. എന്‍ എസ് ജി അംഗത്വത്തിനായി അപേക്ഷ നല്‍കിയ ഇന്ത്യയും പാക്കിസ്ഥാനും അടക്കമുള്ള രാജ്യങ്ങളുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതിനെതിരെ ശക്തമായി ചൈന രംഗത്തെത്തിയത്. ഇന്ത്യക്ക് ഉറപ്പായും പ്രവേശനം നല്‍കണമെന്ന് യോഗത്തില്‍ അമേരിക്കന്‍ പ്രതിനിധി വാദിച്ചപ്പോള്‍ അത് ശരിയല്ലെന്ന നിലപാടില്‍ ചൈന ഉറച്ചു നിന്നു. ഇന്ത്യയുടെ അപേക്ഷ അംഗീകരിക്കുകയാണെങ്കില്‍ പാക്കിസ്ഥാനെയും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തണമെന്നാണ് ചൈനയുടെ വാദം. സത്യത്തില്‍ പാക് പ്രവേശത്തോട് അംഗരാജ്യങ്ങളില്‍ നല്ലൊരു ശതമാനത്തിന് വിയോജിപ്പുണ്ട്. ആണവ രഹസ്യങ്ങള്‍ ഉത്തര കൊറിയക്കും ഇറാനും വിറ്റുവെന്നതടക്കമുള്ള പാക്കിസ്ഥാനെതിരായ ആരോപണങ്ങളാണ് ഈ എതിര്‍പ്പിന്റെ ആധാരം. പാക്കിസ്ഥാന് വേണ്ടി ചൈന ശക്തമായി രംഗത്ത് വരികയും ഇസ്‌ലാമാബാദ് സ്വന്തം നിലക്ക് നടത്തിയ ചില ഇടപെടലുകള്‍ ഫലം കാണുകയും ചെയ്തതോടെ എന്‍ എസ് ജിയില്‍ കടുത്ത അഭിപ്രായ ഭിന്നത ഉടലെടുത്തിരിക്കുകയാണ്. പാക് വിദേശകാര്യ മന്ത്രി സര്‍താജ് അസീസ് റഷ്യയും ദക്ഷിണ കൊറിയയുമടക്കമുള്ള എന്‍ എസ് ജി അംഗരാജ്യങ്ങളെ ഫോണില്‍ ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. ചൈനക്ക് പുറമേ ന്യൂസിലാന്‍ഡ്, അയര്‍ലാന്‍ഡ്, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ആസ്ട്രിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയെ എതിര്‍ക്കുന്നതെന്നാണ് നയതന്ത്രജ്ഞര്‍ പുറത്ത് വിടുന്ന വിവരം.
സംഭവിക്കുന്നത് കൃത്യമായ ചേരി തിരിയലാണ്. യു എസ് ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങുമ്പോള്‍ ചൈന പാക്കിസ്ഥാന് വേണ്ടി കരുക്കള്‍ നീക്കുന്നു. അമേരിക്കയും ചൈനയും തമ്മില്‍ മേഖലയില്‍ തുടക്കം കുറിച്ച ശാക്തിക വടം വലിയിലേക്ക് ഇന്ത്യയെയും പാക്കിസ്ഥാനെയും എടുത്തെറിയുകയാണ് ചെയ്യുന്നത്. എന്‍ എസ് ജിക്ക് പുറമേ മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ സംഘ(എം ടി സി ആര്‍)ത്തിലും ഇന്ത്യക്ക് അംഗത്വം വാങ്ങിത്തരാമെന്ന് വൈറ്റ് ഹൗസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. എം ടി സി ആറില്‍ അംഗത്വം നേടുന്ന 35ാമത്തെ രാജ്യമായി ഇന്ത്യ മാറുന്നതോടെ മിസൈലുകള്‍ വില്‍ക്കാനും ഡ്രോണുകള്‍ വാങ്ങാനുമുള്ള സാധ്യതകളാണ് തുറന്നുകിട്ടുക. ഈ അംഗത്വങ്ങളെല്ലാം പാക്കിസ്ഥാന് വാങ്ങിക്കൊടുക്കാന്‍ ചൈന അരയും തലയും മുറുക്കും. പാക്കിസ്ഥാന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ ചൈന നടത്തുന്ന മുതല്‍ മുടക്ക് ശതകോടികളാണ്. അങ്ങനെ മേഖലയിലെ ആയുധ പന്തയത്തില്‍ വന്‍ ശക്തികള്‍ നിഴല്‍ യുദ്ധം നടത്തുമ്പോള്‍ ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ ശാശ്വത സമാധാനത്തിനായി നടക്കുന്ന ശ്രമങ്ങള്‍ വാടിക്കരിഞ്ഞു പോകും. ആയുധക്കച്ചവടക്കാര്‍ക്ക് അതാണ് വേണ്ടത്. ശത്രുതകള്‍ എക്കാലവും പച്ച പിടിച്ച് നില്‍ക്കണം. സൂപ്പര്‍പവറിനായുള്ള മത്സരത്തില്‍ റഷ്യയെ വിട്ട് ചൈനയെ പിടിക്കുന്ന അമേരിക്കക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. ഇന്ത്യ എന്‍ എസ് ജിയുടെ എലൈറ്റ് അംഗത്വം നേടുമ്പോള്‍ ഈ ലക്ഷ്യങ്ങള്‍ കൂടിയാണല്ലോ സഫലീകരിക്കുന്നത് എന്നതാണ് ദുഃഖകരം.