ആര്‍ എസ് എസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

Posted on: June 13, 2016 12:35 am | Last updated: June 13, 2016 at 12:19 am
SHARE

pinarayiമഞ്ചേരി:കോണ്‍ഗ്രസിനെയും ആര്‍ എസ് എസിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ചേരി വി പി ഹാളില്‍ നടക്കുന്ന ഇ എം എസിന്റെ ലോകം ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത അദ്ദേഹം ആര്‍ എസ് എസ് എസിനെയും കോണ്‍ഗ്രസിനെയും ശക്തമായി വിമര്‍ശിച്ചു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വര്‍ഗീയ ശക്തികള്‍ മറയില്ലാതെ അഴിഞ്ഞാടുകയാണ്. അസഹിഷ്ണുതയാണ് എല്ലായിടത്തും പ്രകടമാകുന്നത്. ഇറച്ചി സൂക്ഷിച്ചുവെന്ന പേരില്‍ കുടുംബനാഥനെ കൊലപ്പെടുത്തിയിട്ടും പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ആര്‍ എസ് എസ് നയമാണ് മോദി നടപ്പിലാക്കുന്നത്. സര്‍ക്കാറിന്റെ നയപരമായ തീരുമാനങ്ങളെടുക്കുന്നത് ആര്‍ എസ് എസാണ്. ഇന്ത്യ ഏകമതമുള്ള രാജ്യമായി മാറണമെന്നാണ് ആര്‍ എസ് എസ് ആഗ്രഹിക്കുന്നത്. സഹിഷ്ണതുടെ പൈതൃകമുള്ള നമ്മുടെ നാട്ടില്‍ മതസ്പര്‍ധയും അതിലൂടെയുള്ള കലാപങ്ങളുമുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കുന്നു. ഘര്‍വാപസി എന്ന പേരില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടും ഇതിനെതിരെ ശബ്ദിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.

നേമത്ത് ഒ രാജഗോപാലിന്റെ വിജയം ആര്‍ എസ് എസ് എസിന്റെ കരുത്ത് കൊണ്ടോ ബി ജെ പിക്ക് ജനങ്ങളിലുള്ള സ്വാധീനം കൊണ്ടോ ആയിരുന്നില്ല. താത്കാലിക ലാഭത്തിന് വേണ്ടി കോണ്‍ഗ്രസ് സീറ്റ് വിട്ടുകൊടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പോടെ ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഇല്ലാതായി. പല പോളിംഗ് ബൂത്തുകളിലും യു ഡി എഫിന് ബൂത്ത് ഏജന്റുമാര്‍ പോലുമില്ലായിരുന്നു. യു ഡി എഫിന് കെട്ടി വെച്ച കാശുപോലും നഷ്ടപ്പെട്ടതിലൂടെ നാണം കെട്ട പ്രവര്‍ത്തനമാണ് നേമത്ത് കോണ്‍ഗ്രസ് നടത്തിയതെന്ന് വ്യക്തമാണ്. ഒരു ഡസനിലധികം സീറ്റ് നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞത് ആര്‍ എസ് എസുമായുള്ള വോട്ട് കച്ചവടം കൊണ്ട് മാത്രമാണെന്നും പിണറായി ആഞ്ഞടിച്ചു.

അമിത്ഷായും നരേന്ദ്രമോദിയും പല തവണ കേരളത്തിലെത്തി. ഇത്രയധികം തവണ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തുന്നത് ഇതാദ്യമാണ്. ഇടതുപക്ഷം നൂറില്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് പറഞ്ഞിരുന്നെങ്കിലും ഇത് നഷ്ടമായത് കോണ്‍ഗ്രസ്- ആര്‍ എസ് എസ് കള്ളക്കളി കാരണമാണെന്നും അദ്ദേഹം ആരോപിച്ചു. ആറ് സീറ്റ് കിട്ടുമെന്ന് മനക്കോട്ട കെട്ടിയ ആര്‍ എസ് എസ് തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ആഹ്ലാദ പ്രകടനം നടത്തിയത് ആയുധങ്ങളുമായിട്ടാണ്. തന്റെ മണ്ഡലമായ ധര്‍മടത്ത് ബോംബെറിഞ്ഞ് ഒരാളെ കൊലപ്പെടുത്തി. പലയിടത്തും അക്രമങ്ങള്‍ അഴിച്ചുവിട്ടു. വര്‍ഗീയമായി ചേരിതിരിവുണ്ടാക്കി ശക്തിയാര്‍ജിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിനാണ് എസ് എന്‍ ഡി പിയെ കൂടെ കൂട്ടിയതെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അവരുടെ ശക്തി തിരിച്ചറിയാന്‍ കഴിഞ്ഞെന്നും പിണറായി പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്റെ യഥാര്‍ത്ഥ ആശയം അംഗീകരിക്കുന്നവര്‍ ഇതിനൊപ്പം ചേര്‍ന്നില്ലെങ്കിലും ചെറിയൊരു വിഭാഗം ബി ഡി ജെ എസുമായി രംഗത്ത് വന്നത് വലിയ ആപത്താണ്. മതനിരപേക്ഷമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് വര്‍ഗീയതയെ ശക്തമായി എതിര്‍ക്കാന്‍ തയ്യാറാകുന്നില്ല. ആര്‍ എസ് എസ് നയം അംഗീകരിക്കാന്‍ കോണ്‍ഗ്രസിന് ഒരു പ്രയാസവുമില്ലെന്ന് വ്യക്തമാണ്. ന്യൂനപക്ഷ, ഭൂരപക്ഷ വര്‍ഗീയതയെ ഒരു പോലെ ഒറ്റപ്പെടുത്താന്‍ കഴിയണമെന്നും ഇ എം എസ് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here