Connect with us

Kerala

ജിഷാ വധം: കുടുംബാംഗങ്ങളെ വിശദമായി ചോദ്യം ചെയ്യും

Published

|

Last Updated

കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ജിഷയുടെ അമ്മ, പിതാവ്, സഹോദരി എന്നിവരെ ഉടന്‍ ചോദ്യം ചെയ്യാനാണ് നീക്കം. ജിഷയുടെ അമ്മയില്‍ നിന്നും പല തവണ അന്വേഷണ സംഘം മൊഴി എടുത്തിരുന്നുവെങ്കിലും പരസ്പര വിരുദ്ധമായാണ് ഇവര്‍ സംസാരിച്ചത്. ജിഷയുടെ ബന്ധുക്കളെ സംബന്ധിക്കുന്ന വ്യക്തമായ വിവരങ്ങളും കുടുംബാംഗങ്ങള്‍ നല്‍കിയിട്ടില്ല. ഇതേതുടര്‍ന്നാണ് വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമായത്. ജിഷയുടെ അമ്മയേയും സഹോദരിയെയും ചോദ്യം ചെയ്യണമെന്ന് മുന്‍ അന്വേഷണ സംഘവും ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും വിമര്‍ശനം നേരിടാനുള്ള സാധ്യത കണക്കിലെടുത്ത് വേണ്ടെന്ന് വെക്കുകയായിരുന്നു. കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ പോലീസ് വേട്ടയാടുന്നു എന്ന തരത്തില്‍ സംഭവം വഴി തിരിച്ചു വിടാനും സാധ്യതയുണ്ട്. ഇതേ തുടര്‍ന്നാണ് മുന്‍ അന്വേഷണ സംഘം ചോദ്യം ചെയ്യലിന് തയാറാകാതിരുന്നത്.

എന്നാല്‍ പുതിയ സാഹചര്യത്തില്‍ അന്വേഷണ സംഘത്തിന് പല കാര്യങ്ങളിലും വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിനു ചോദ്യം ചെയ്യല്‍ കൂടിയേ തീരൂ. ജിഷയുടെ കൊലപാതകത്തിലേക്ക് വെളിച്ചം വീശുന്ന നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ രാജേശ്വരിക്കും സഹോദരിക്കും കഴിയുമെന്നാണ് പോലീസ് കണക്കാക്കുന്നത്. ജിഷയുമായി അടുപ്പമുണ്ടായിരുന്നവര്‍ ആരൊക്കെയാണെന്നതാണ് ഇതില്‍ പ്രധാനം. മരിച്ച ദിവസം ജിഷ ആരോടൊപ്പമാണ് ഭക്ഷണം കഴിച്ചതെന്ന കാര്യത്തിലും ദുരൂഹത ശേഷിക്കുകയാണ്. മരണ ദിവസം ജിഷ വീട്ടില്‍ ഉണ്ടായിരുന്ന പഴവും ബ്രെഡുമാണ് കഴിച്ചിരുന്നതെന്നാണ് അമ്മ രാജേശ്വരിയുടെ മൊഴി. എന്നാല്‍ ജിഷയുടെ ആമാശയത്തില്‍ ഫ്രൈഡ് റൈസിന്റെയും മദ്യത്തിന്റെയും അവശിഷ്ടം പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ജിഷയുമായി അടുപ്പമുള്ള ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരെ കുറിച്ചും കുടുംബാംഗങ്ങളില്‍ നിന്നും വിവരം ശേഖരിക്കേണ്ടതുണ്ട്.

ജിഷയുടെ അമ്മയും സഹോദരിയും ഇനിയും പൂര്‍ണമായും മനസ്സ് തുറക്കാത്തതാണ് അന്വഷണം മുന്നോട്ടു പോകുന്നതിന് തടസമായി നില്‍ക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പോലീസ് മുറയില്‍ ചോദ്യം ചെയ്താല്‍ ജിഷയുടെ അമ്മയില്‍ നിന്നുണ്ടാകാനിടയുള്ള പ്രതികരണത്തെയും ജനവികാരത്തെയും പോലീസ് ഭയക്കുന്നുണ്ട്. അതിനാല്‍ രഹസ്യ കേന്ദ്രത്തില്‍വച്ചായിരിക്കും ചോദ്യം ചെയ്യല്‍.
പെരുമ്പാവൂരിലെയും പരിസര പ്രദേശങ്ങളിലെയും സി സി ടിവി ദൃശ്യങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണ സംഘം തുടരുകയാണ്. കഴിഞ്ഞ ദിവസം ലഭിച്ച ദൃശ്യങ്ങള്‍ ജിഷയുടേതാണെന്നും അല്ലെന്നും വാദമുണ്ട്. മുഖം വ്യക്തമല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. ഇതിനിടെ ഇന്നലെയും പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടന്നു.

Latest