സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന് പീഡനം: അന്വേഷണം ആരംഭിച്ചു

Posted on: June 13, 2016 12:43 am | Last updated: June 12, 2016 at 11:45 pm

കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ബലാല്‍സംഗത്തിനിരയായെന്ന വാര്‍ത്തകളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രമുഖ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റേതടക്കം 10 ദിവസത്തെ സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ചതായാണ് വിവരം. ആശുപത്രിയിലെയും ഐസിയുവിലെയും പ്രധാന രജിസ്റ്ററുകളും പോലീസ് പരിശോധിച്ചു. ഐസിയുവില്‍ കഴിഞ്ഞിരുന്ന രോഗികളുടെ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. ഒപ്പം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ പക്കല്‍ നിന്നും പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് നഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യു എന്‍ എ) സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റോക്ക് പരാതി നല്‍കിയിരുന്നു. ആശുപത്രിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുയര്‍ത്തി കുപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നട്്ത്തുന്നത്.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാക്കെതിരെ നവമാധ്യമങ്ങളില്‍ ഹിന്ദു സംരക്ഷണ വേദി എന്ന പേരില്‍ വര്‍ഗീയ പ്രചരണം ആരംഭിച്ചിട്ടുണ്ട്. യുഎന്‍എ പ്രസിഡന്റ്് എന്ന നിലയില്‍ താനും, ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ജിതിന്‍ ലോഹിയും മറ്റു സഹഭാരവാഹികളും പ്രവര്‍ത്തിക്കുന്നത് ഒരു ജാതിയുടെയും, മതത്തിന്റെയും പേരിലുള്ള താത്പര്യങ്ങള്‍ സംരക്ഷിക്കാനല്ലെന്നും മറിച്ച് മനുഷ്യ വികാരങ്ങള്‍ക്ക് ഇതിനേക്കാളപ്പുറം വില മതിക്കുന്നത് കൊണ്ടാണെന്നും ജാസ്മിന്‍ ഷാ തന്റെ ഫേസ് ബുക്ക് പേജില്‍ പറഞ്ഞു. നീതിക്ക് വേണ്ടിയുള്ള തങ്ങളുടെ പോരാട്ടം തുടരുമെന്നും ജാസ്മിന്‍ ഷാ പറയുന്നു.