Connect with us

Malappuram

മങ്കടയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു; വന്‍ ദുരന്തം ഒഴിവായി

Published

|

Last Updated

മങ്കട : മലപ്പുറം മങ്കടയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു. അവധി ദിവസമായതിനാല്‍ വന്‍ ദുരന്തമൊഴിവായി. ഇന്നലെ രാവിലെ പത്തോടെയാണ് മങ്കട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന് ക്ലാസ് മുറികള്‍ ഉള്‍ക്കൊള്ളുന്ന ഹൈസ്‌കൂള്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം തകര്‍ന്നു വീണത്. വെള്ളിയാഴ്ച വരെ ഈ കെട്ടിടത്തില്‍ ക്ലാസുകള്‍ നടന്നിരുന്നു.

തകര്‍ന്നു വീണ കെട്ടിടത്തിനോട് ചേര്‍ന്ന് എം എല്‍ എ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം നടക്കുന്നുണ്ട്. ഇവിടെ പില്ലര്‍ സ്ഥാപിക്കാനായി മാസങ്ങള്‍ക്ക് മുമ്പ് കുഴിയെടുത്തിരുന്നു. പില്ലര്‍ നിര്‍മാണം പൂര്‍ത്തിയായിട്ടും ഈ കുഴി യഥാസമയം മണ്ണിട്ട് മൂടാതെ നിലനിര്‍ത്തിയതാണ് അപകടത്തിന് മുഖ്യ കാരണം.
ഈ കുഴികളില്‍ മഴപെയ്ത് വെള്ളം നിറഞ്ഞതിനാല്‍ കെട്ടിടത്തിന്റെ അടിത്തറ ഈ കുഴിയിലേക്ക് പതിക്കുകയായിരുന്നു. പ്രവൃത്തി ദിവസമാണെങ്കില്‍ നൂറ്റി ഇരുപതിലധികം കുട്ടികള്‍ അപകടത്തിനിരയാകുമായിരുന്നു. മൂവായിരത്തിലധികം വിദ്യാര്‍ഥികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സമയം കിട്ടിയിരുന്നുവെങ്കിലും കരാറുകാരന്റെയും പി ടി എ കമ്മിറ്റിയുടെയും അനാസ്ഥയാണ് നിര്‍മാണം ദീര്‍ഘിപ്പിക്കുന്നതിനും കെട്ടിടത്തിന്റെ തകര്‍ച്ചക്കും കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ജില്ലാ പഞ്ചായത്ത് അംഗം ടി കെ റശീദലിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്‌കൂള്‍ തകര്‍ന്ന് വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ഏറെ വൈകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Latest