ചികിത്സാനുകൂല്യം നിഷേധിച്ച ആശുപത്രികള്‍ക്ക് 600 കോടി രൂപ പിഴ

Posted on: June 13, 2016 1:24 am | Last updated: June 12, 2016 at 11:26 pm

ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്‍കാന്‍ വിസമ്മതിച്ച ഡല്‍ഹിയിലെ അഞ്ച് സ്വകാര്യ ആശുപത്രികള്‍ക്ക് ആം ആദ്മി സര്‍ക്കാര്‍ പിഴയിട്ടു. നിര്‍ധനര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് ആശുപത്രികള്‍ സര്‍ക്കാറിന് നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്ന് ചുണ്ടിക്കാട്ടി 600 കോടി രൂപയാണ് പിഴയിട്ടിരിക്കുന്നത്. പിഴ ഈടാക്കാതിരിക്കാന്‍ ഒരു മാസത്തിനുള്ളില്‍ കാരണം ബോധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസും നല്‍കിയിട്ടുണ്ട്. ആശുപത്രികളുടെ പ്രവര്‍ത്തനം ആരംഭിച്ച 2007 മുതല്‍ക്കുള്ള പിഴയാണ് ഇപ്പോള്‍ ഈടാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്.
ഫോര്‍ട്ടീസ് എസ്‌കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട്, മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ശാന്തി മുകുന്ദ് ഹോസ്പിറ്റല്‍, ധര്‍മശിലാ ക്യാന്‍സര്‍ ഹോസ്പിറ്റല്‍, പുഷ്പവതി സിംഘാനിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ ആശുപത്രികള്‍ക്കെതിരെയാണ് കെജ്‌രിവാള്‍ സര്‍ക്കാറിന്റെ ശ്രദ്ധേയമായ നടപടി. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കാമെന്ന കരാറിന്റെ അടിസ്ഥാനത്തില്‍ സൗജന്യ നിരക്കില്‍ ഈ ആശുപത്രികള്‍ക്ക് നഗരത്തില്‍ സ്ഥലം അനുവദിച്ചിരുന്നു. ഈ സമയത്ത് സര്‍ക്കാറുമായി ഏര്‍പ്പെട്ട കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. പിഴയടച്ചില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരില്‍ 10 ശതമാനം പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ ലഭ്യമാക്കണം, ഒ പി വിഭാഗത്തില്‍ എത്തുന്നവരില്‍ 25 ശതമാനം പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്‍കണം എന്നിവയായിരുന്നു സ്വകാര്യ ആശുപത്രികള്‍ക്കായി സര്‍ക്കാര്‍ ഭൂമി നല്‍കിയപ്പോള്‍ ഉണ്ടാക്കിയ കരാറില്‍ പ്രധാനമായും മുന്നോട്ടുവെച്ച നിബന്ധനകള്‍. 1960 മുതല്‍ 1990 വരെയുള്ള കാലയളവില്‍ ഡല്‍ഹിയിലെ 43 സ്വകാര്യ ആശുപത്രികള്‍ക്കാണ് സര്‍ക്കാര്‍ നിബന്ധനയോടെ ഭൂമി വിട്ടുനല്‍കിയിരുന്നത്.