രാജ്യസഭയിലെ ശനിദശ നീങ്ങാതെ ബി ജെ പി; നിര്‍ണായകമായി പ്രാദേശിക പാര്‍ട്ടികള്‍

Posted on: June 12, 2016 11:25 pm | Last updated: June 12, 2016 at 11:06 pm

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ മേല്‍കൈ നേടാനായെങ്കിലും സഭയില്‍ ഭൂരിപക്ഷം ഇല്ലാത്തത് ബി ജെ പിക്ക് ഇനിയും തലവേദനയായി തുടരും. പ്രാദേശിക പാര്‍ട്ടികള്‍ കരുത്താര്‍ജിച്ചതോടെ സുപ്രധാന ബില്ലുകള്‍ സഭയിലെത്തുമ്പോള്‍ ഇവരുടെ നിലപാട് ഏറെ നിര്‍ണായകമാകും. എസ് പി, ഡി എം കെ, ജെ ഡി യു, ആര്‍ ജെ ഡി, ബി എസ് പി തുടങ്ങിയ പാര്‍ട്ടികള്‍ക്ക് 89 സീറ്റുകളാണ് സഭയിലുള്ളത്.

പുതിയ നാല് പേര്‍ ഉള്‍പ്പെടെ സമാജ് വാദി പാര്‍ട്ടിക്ക് 19 അംഗങ്ങള്‍ ഉണ്ട്. ജെ ഡി യു, ആര്‍ ജെ ഡി, തൃണമൂല്‍ കോണ്‍ഗ്രസ്, എ ഐ എ ഡി എം കെ എന്നീ പാര്‍ട്ടികള്‍ക്ക് 12 വീതം അംഗങ്ങളും, ബി എസ് പിക്ക് ആറും അംഗങ്ങള്‍ രാജ്യ സഭയിലുണ്ട്. സി പി എം എട്ട്, ബി ജെ ഡി ഏഴ്, ഡി എം കെക്ക് അഞ്ച് അംഗങ്ങളും രാജ്യസഭയിലുണ്ട്. 245 അംഗ സഭയില്‍ തിരഞ്ഞെടുപ്പ് നടന്നതിന് ശേഷം എന്‍ ഡി എയുടെ അംഗ സംഖ്യ അഞ്ചായി ഉയര്‍ന്ന് 74ല്‍ എത്തി. യു പി എയുടെ അംഗസംഖ്യ 74ല്‍ നിന്ന് മൂന്നായി കുറഞ്ഞ് 71 ആയി കുറയുകയും ചെയ്തു. ഈ മാസം മൂന്ന് 30 അംഗങ്ങളെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. ഇതില്‍ എന്‍ ഡി എയില്‍ നിന്ന് 11 പേരെയാണ് തിരഞ്ഞെടുത്തത്. സഭയില്‍ 12 നോമിനേറ്റഡ് അംഗങ്ങളാണുള്ളത്.

യു പി എയിലെ കക്ഷികളായ കോണ്‍ഗ്രസ് നാല് പേരെയും എന്‍ സി പി ഒരു അംഗത്തിനെയും എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. ജെ ഡി യു(രണ്ട്), ആര്‍ ജെ ഡി(രണ്ട്), എ ഐ എ ഡി എം കെ(നാല്), ഡി എം കെ(രണ്ട്), ബി ജെ ഡി(മൂന്ന്) എന്നീ പാര്‍ട്ടികളില്‍ നിന്നായി 13 പേരും എതിരില്ലാതെ സഭയില്‍ എത്തി. ബാക്കി 27 സീറ്റുകളിലേക്കാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്നത്.