ഇന്ത്യയുടെ എന്‍ എസ് ജി അംഗത്വം: നിലപാട് കടുപ്പിച്ച് ചൈന

Posted on: June 12, 2016 11:30 pm | Last updated: June 12, 2016 at 10:47 pm

MODI CHINAബീജിംഗ്/ ന്യൂഡല്‍ഹി: ആണവ വിതരണ ഗ്രൂപ്പി(എന്‍ എസ് ജി)ല്‍ അംഗമാകാന്‍ അമേരിക്ക ഇന്ത്യക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത സാഹചര്യത്തില്‍ ചൈന നിലപാട് കടുപ്പിക്കുന്നു.

ഇന്ത്യക്കൊപ്പം പാക്കിസ്ഥാനും അംഗത്വം നല്‍കണമെന്ന നിലപാടുമായി ചൈന രംഗത്തെത്തിയതിന് പിന്നാലെ ഇന്ത്യ ആണവ നിര്‍വ്യാപന കരാറില്‍ (എന്‍ പി ടി) ഒപ്പു വെച്ചിട്ടില്ലെന്ന വസ്തുത ഉയര്‍ത്തിക്കാണിക്കാനാണ് ചൈനയുടെ ശ്രമം. എന്‍ പി ടിയില്‍ ഒപ്പുവെക്കാത്ത രാജ്യത്തെ എന്‍ എസ് ജി എലൈറ്റ് ക്ലബ്ബില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹോംഗ് ലി പറഞ്ഞു.

കഴിഞ്ഞ ആഴ്ച വിയന്നയില്‍ നടന്ന എന്‍ എസ് ജി യോഗത്തില്‍ ഭിന്നാപ്രായം ശക്തമായിരുന്നുവെന്നാണ് ഹോംഗ് ലി പറയുന്നു. എന്നാല്‍ എന്‍ പി ടി യില്‍ അംഗമല്ലെങ്കിലും ഇന്ത്യ ഉത്തരവാദിത്വമുള്ള ആണവ ശക്തിയാണെന്നാണ് അമേരിക്ക ലോക വേദികളില്‍ പ്രഖ്യാപിക്കുന്നത്. അമേരിക്കയുടെ നിലപാട് ഇന്ത്യക്ക് സഹായകരമാകുമെന്ന ഘട്ടത്തിലാണ് ചൈന എതിര്‍ പ്രചാരണം അഴിച്ചു വിടുന്നത്. ഈ മാസം ഒമ്പതിന് ചേര്‍ന്ന യോഗത്തില്‍ ഇന്ത്യയെയോ മറ്റേതെങ്കിലും രാജ്യത്തെയോ പുതുതായി എന്‍ എസ് ജിയില്‍ ചേര്‍ക്കുന്ന കാര്യം ചര്‍ച്ച ചെയ്തില്ലെന്ന് ഹോംഗ് ലി പറഞ്ഞു. എന്നാല്‍ ഇന്ത്യയെ ചേര്‍ക്കുന്നത് യു എസ് പ്രതിനിധി ശക്തമായി ഉന്നയിച്ചുവെന്നായിരുന്നു നേരത്തേ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

അര്‍ജന്റീന അംബാസിഡര്‍ റാഫേല്‍ മാരിയാനോ ഗ്രോസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് പ്രത്യേക അജന്‍ഡ ഇല്ലായിരുന്നുവെന്നും ഈ മാസം 24ന് സിയൂളില്‍ ചേരുന്ന എന്‍ എസ് ജി പ്ലീനറി മീറ്റിംഗിനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുന്ന കാര്യത്തില്‍ അഭിപ്രായമാരായുക മാത്രമാണ് ചെയ്തതെന്നും ലീ അവകാശപ്പെട്ടു. എന്‍ പി ടിയില്‍ ഒപ്പുവെക്കാത്ത രാജ്യത്തെ എന്‍ എസ് ജിയില്‍ എടുക്കുന്നത് ആണവനിര്‍വ്യാപന ശ്രമങ്ങളെ ദുര്‍ബലമാക്കുമെന്ന് ലീ പറഞ്ഞു.

സമ്പൂര്‍ണ ചര്‍ച്ചക്ക് ശേഷം മാത്രമേ ഇന്ത്യക്ക് അംഗത്വം നല്‍കാവൂ. ഈ ചര്‍ച്ചയില്‍ ചൈന ക്രിയാത്മകമായ പങ്കു വഹിക്കും. ആണവ നിര്‍വ്യാപനത്തിന് ആഗോളമായി തന്നെ എന്‍ പി ടി അസ്ഥിവാരമിടുന്നുണ്ട്. ചൈനയുടെ നിലപാട് ഏതെങ്കിലും ഒരു രാജ്യത്തെ ലക്ഷ്യമിട്ടുള്ളതല്ല. മറിച്ച് എല്ലാ നോണ്‍ എന്‍ പി ടി രാജ്യങ്ങള്‍ക്കും ബാധകമായ നിലപാടാണ് തങ്ങള്‍ക്കുള്ളത്- ലീ വിശദീകരിച്ചു. ന്യൂസിലാന്‍ഡ്, അയര്‍ലാന്‍ഡ്, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ആസ്ട്രിയ തുടങ്ങിയ അംഗരാജ്യങ്ങള്‍ ഇന്ത്യക്കെതിരെ നിലപാട് എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് നിരവധി രാഷ്ട്രങ്ങള്‍ ചൈനയുടെ നിലപാട് പങ്കുവെക്കുന്നുണ്ടെന്ന് ലീ മറുപടി നല്‍കി.

ഇന്ത്യയുടെ എന്‍ എസ് ജി പ്രവേശത്തെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി അംഗരാജ്യങ്ങള്‍ക്ക് കത്തയച്ചിട്ടുണ്ട്. ഈയിടെ അമേരിക്ക സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി യു എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണയാണ് അമേരിക്ക വാഗ്ദാനം ചെയ്തത്.