റമസാന്‍ ജോലി സമയം ഇളവു നല്‍കിയില്ലെങ്കില്‍ ഒമാനില്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

Posted on: June 12, 2016 7:32 pm | Last updated: June 12, 2016 at 8:43 pm

മസ്‌കത്ത്:റമസാന്‍ വ്രതമാസത്തില്‍ മുസ്‌ലിംകളായ ജീവനക്കാര്‍ക്ക് ജോലി സമയം ഇളവു നല്‍കാത്ത കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാകും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ആറു മണിക്കൂര്‍ ജോലി സമയമാണ് റമസാനില്‍ നിശ്ചയിച്ചിരിക്കുന്നത്. മന്ത്രാലയത്തിന്റെ അറിയിപ്പു പ്രകാരം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മുസ്‌ലിം ജീവനക്കാര്‍ക്ക് ആറു മണിക്കൂറാണ് ജോലി സമയം. സാധാരണ എട്ടു മണിക്കൂറാണ് ജോലി സമയം. ആഴ്ചയില്‍ 30 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കരുതെന്നും നിര്‍ദേശമുണ്ട്. റമസാന്‍ മാസത്തില്‍ മുസ്‌ലിം ജീവനക്കാരെക്കൊണ്ട് കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നുവെങ്കില്‍ മന്ത്രാലയത്തെ അറിയിക്കണമെന്നാണ് നിര്‍ദേശം. തൊഴിലാളിയുടെ സമ്മതപ്രകാരമല്ലാതെ ആറു മണിക്കൂറിലധികം ജോലി ചെയ്യിക്കുന്നുവെങ്കില്‍ പരാതി ലഭിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും.

അതേസമയം, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അഞ്ചു മണിക്കൂറാണ് ജോലി സമയം. ചില സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തൊഴില്‍ സമയം തന്നെ സ്വീകരിച്ചിട്ടുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസത്തെ അവധി അനുവദിച്ചതിനാല്‍ രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ളവരെല്ലാം മതിയായ അവധി ലഭിക്കുന്നുവെന്ന അഭിപ്രായക്കാരാണ്. അതിനിടെ കനത്ത ചൂടില്‍ നിന്നും തൊഴിലാളികള്‍ക്ക രക്ഷേ നേടുന്നതിനായി പ്രഖ്യാപിച്ച് മധ്യാഹ്ന വിശ്രമ നിയമം റസമാനിലും തുടരുകയാണ്. ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയാണ് ഉച്ച വിശ്രമം. നിര്‍മാണ മേഖലയുള്‍പെടെ പുറത്തു ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് ഈ നിയമത്തിന്റെ ആനൂകൂല്യം ലഭിക്കുക. തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം നല്‍കാത്ത കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, റമസാനില്‍ നോമ്പെടുക്കുന്ന തൊഴിലാളികളുടെ സൗകര്യം പരിഗണിച്ച് ചില കമ്പനികള്‍ ഉച്ചക്കു ശേഷമുള്ള ജോലി ഒഴിവാക്കി രാത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ഇത് തങ്ങള്‍ക്ക് ഏറെ ആശ്വാസമാണെന്ന് തൊഴിലാളികള്‍ പറയുന്നു.