ആര്‍ ടി എയുടെ കണ്‍ട്രോള്‍ സെന്ററിന് ശൈഖ് മുഹമ്മദിന്റെ അംഗീകാരം

Posted on: June 12, 2016 3:12 pm | Last updated: June 12, 2016 at 3:12 pm

PHTOO#ഫാസില്‍ അഹസ്ന്‍
ദുബൈ: റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ)യുടെ എന്റര്‍പ്രൈസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ രൂപകല്‍പനക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അംഗീകാരം. ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020യുടെ ഭാഗമായി 33.5 കോടി ദിര്‍ഹം ചെലവിലാണ് കേന്ദ്രം നിര്‍മിക്കുന്നത്. നിര്‍മാണം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനും പ്രവര്‍ത്തനം തുടങ്ങാനും ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കി. കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ എക്‌സ്‌പോയോടനുബന്ധിച്ച് പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താനും സംയോജിത ഭരണനിര്‍വഹണത്തിന് ചലനക്ഷമത കൂട്ടാനും സാധിക്കും. നിര്‍മാണത്തിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി സാങ്കേതികരംഗത്ത് വന്‍കുതിച്ചുചാട്ടം നടത്താനും ശൈഖ് മുഹമ്മദ് നിര്‍ദേശിച്ചു.
ആര്‍ ടി എയുടെ വിവിധ നിയന്ത്രണ കേന്ദ്രങ്ങളെ ഒറ്റ പ്ലാറ്റ്‌ഫോമില്‍ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം നിര്‍മിക്കുന്നത്. ദുബൈ മെട്രോ, ദുബൈ ട്രാം, പബ്ലിക് ട്രാന്‍സ്‌പോര്‍ട്, ടാക്‌സി, ഗതാഗത സംവിധാന നിയന്ത്രണ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഉള്‍കൊള്ളിച്ച ഒരു സംയോജിത നിയന്ത്രണ കേന്ദ്ര സ്ഥാനമായി സെന്റര്‍ മാറും. പ്രാരംഭ ഘട്ടത്തില്‍ തന്നെ ആര്‍ ടി എയുടെ എല്ലാ യൂണിറ്റുകളെയും പരസ്പരം ബന്ധിപ്പിക്കും. പിന്നീട് ആര്‍ ടി എയുമായി ബന്ധപ്പെട്ട മറ്റു ബാഹ്യ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കും. കേന്ദ്രം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മധ്യപൗരസ്ത്യ ദേശത്തെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായി ഇത് മാറും.
6,996 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ആര്‍ ടി എഇയുടെ ഈ കെട്ടിടം ദുബൈയുടെ ഒരു പ്രധാന അടയാളമായി മാറുമെന്ന് ആര്‍ ടി എ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ഓഫ് എക്‌സിക്യുട്ടീവ് ഡയറക്‌ടേഴ്‌സ് ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍ പറഞ്ഞു. ഗ്രൗണ്ട് ഫ്‌ളോറിന്റെയും അഞ്ച് നിലകളുടെയും മൊത്തം വിസ്തീര്‍ണം 10,900 ചതുരശ്ര മീറ്ററാണ്. 430 ചതുരശ്രമീറ്ററില്‍ ഒരുക്കുന്ന സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിന് 13 മീറ്റര്‍ ഉയരമാണുണ്ടാവുക. ഓഫീസ് പ്രവര്‍ത്തിക്കാനാവശ്യമായ സ്ഥലം, ഓഡിറ്റോറിയം, പ്രസ് സെന്റര്‍, മറ്റു ആവശ്യമായ കെട്ടിടങ്ങള്‍ എന്നിവയാണ് കേന്ദ്രത്തില്‍ നിര്‍മിക്കുന്നത്. പൂര്‍ണമായും പരിസ്ഥിതിക്കിണങ്ങിയ രൂപത്തില്‍ നിര്‍മിച്ച് ഗ്രീന്‍ ബില്‍ഡിംഗ് സര്‍ട്ടിഫിക്കേഷന്റെ ഗോള്‍ഡ് റേറ്റിംഗ് യോഗ്യതയുള്ള കെട്ടിടമാക്കി കേന്ദ്രത്തെ മാറ്റുമെന്ന് മതര്‍ അല്‍ തായര്‍ അറിയിച്ചു.
ആഗോളതലത്തില്‍ തന്നെ റോഡ് ഗതാഗത രംഗത്ത് പുതിയ മാതൃകയായി ഇത് മാറും. ഗതാഗതമേഖലയില്‍ ദുബൈയെ ആഗോള സ്മാര്‍ട് സിറ്റിയാക്കി മാറ്റാനുള്ള ആര്‍ ടി എയുടെ ശ്രമങ്ങള്‍ക്ക് വലിയ ഊര്‍ജമാണ് എന്റര്‍പ്രൈസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ യാഥാര്‍ഥ്യമാകുന്നതോടെ ലഭിക്കുക. ഗതാഗത കുരുക്കുകള്‍ ലഘൂകരിക്കാനും യാത്രാ സമയവും ചെലവും കുറക്കാനും ഗതാഗത അപകടങ്ങള്‍ ഒഴിവാക്കാനും എമിറേറ്റ് നേരിടുന്ന ഗതാഗത രംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയായ പരിസ്ഥിതി മലിനീകരണം തടയാനും കേന്ദ്രത്തിന് സാധ്യമാകും. ഉപഭോക്താക്കളുടെ യാത്രാനുഭവങ്ങള്‍ മെച്ചപ്പെടുത്താനും വിവിധ ഗതാഗത മാര്‍ഗങ്ങളില്‍നിന്ന് അവര്‍ക്ക് അനുഭവപ്പെട്ട സന്തോഷം നേരിട്ട് അടായളപ്പെടുത്താനും സാധിക്കും. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് എമിറേറ്റിലെ യാത്രക്കാരുടെ സംതൃപ്തി അളക്കും. നിയന്ത്രണ കേന്ദ്രത്തില്‍നിന്ന് ഉപഭോക്താക്കളെ ബന്ധപ്പെട്ട് സ്മാര്‍ട് ഗതാഗത സംവിധാനങ്ങളെക്കുറിച്ച് അവരുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും. എക്‌സ്‌പോ 2020 വേദിയിലേക്ക് സന്ദര്‍ശകരെ എത്തിക്കാന്‍ ആവശ്യമായ ഗതാഗത സംവിധാനങ്ങള്‍ കേന്ദ്രം ഒരുക്കും.
അന്താരാഷ്ട്ര നിലവാരമുള്ള കേന്ദ്രമായാണ് കെട്ടിടങ്ങളുടെ രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത്. അമേരിക്ക, ഇംഗ്ലണ്ട്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ തുടങ്ങി ഗതാഗത മേഖലയിലെ വികസിത രാജ്യങ്ങളില്‍ ആര്‍ ടി എ ഇതിനായി പഠനം നടത്തിയിട്ടുണ്ട്.