വാണിജ്യ വികസനത്തിന് സാമ്പത്തിക വികസന വകുപ്പ് എട്ട് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു

Posted on: June 12, 2016 3:10 pm | Last updated: June 12, 2016 at 3:10 pm

????????????????????????????????????

ദുബൈ: എമിറേറ്റിലെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനായി സാമ്പത്തിക വികസന വകുപ്പ് എട്ട് പുതിയ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. ഇതോടെ സാമ്പത്തിക വികസന വകുപ്പിന്റെ ആകെയുള്ള പ്രവര്‍ത്തനങ്ങള്‍ 2,125ല്‍നിന്ന് 2,133 ആയി ഉയര്‍ന്നു. പ്രാദേശിക വിപണികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ആവശ്യവും ലഭ്യതയും മനസ്സിലാക്കി വിവിധ വ്യവസായ മേഖലകളില്‍നിന്നുള്ള വാണിജ്യം സുഗമമാക്കുന്നതിനും വാണിജ്യം വികസിപ്പിക്കുന്നതിനാവശ്യമായ വിഭവങ്ങള്‍ ലഭ്യമാക്കുന്നതിനുമായാണ് പുതിയ എട്ടുകാര്യങ്ങള്‍.
ഇന്‍ഡസ്ട്രിയല്‍ റോബോട്ട് അസംബ്ലിംഗ്, നികുതി വിധഗ്‌ദോപദേശം, സെക്യൂരിറ്റി പ്രമാണങ്ങളുടെ അച്ചടി, സൂക്ഷ്മ പരിശോധന, അനിശ്ചിതമായ മാലിന്യ ശേഖരണം നടത്തിപ്പ്, ആരോഗ്യ ഉപദേശം, സാമ്പത്തിക ദല്ലാള്‍, സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളുടെ വികസനവും നടത്തിപ്പും എന്നീ എട്ട് കാര്യങ്ങളാണ് സാമ്പത്തിക വികസന വകുപ്പ് പുതുതായി നടപ്പിലാക്കുന്നത്.
ഈ വര്‍ഷം ഇത് രണ്ടാംതവണയാണ് പുതിയ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത്. വിപണിയിലെ ആവശ്യങ്ങള്‍ സാമ്പത്തിക വികസന വകുപ്പിന്റെ സംഘം നിരന്തരം വിലയിരുത്തുകയും പഴയതും നിലവിലുള്ളതുമായ നിര്‍ദേശങ്ങള്‍ തേടുകയും ചെയ്യുന്നു. പ്രാദേശിക വിപണിയില്‍ ദുബൈയിലുടനീളമുള്ള നിക്ഷേപകരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്ന് സാമ്പത്തിക വികസന വകുപ്പ് ബിസിനസ് രജിസ്‌ട്രേഷന്‍ ആന്‍ഡ് ലൈസന്‍സിംഗ് വിഭാഗം സി ഇ ഒ ഉമര്‍ ബുഷാഹബ് പറഞ്ഞു.
വിദൂര നിയന്ത്രിത റോബോട്ടുകളുടെയോ കമ്പ്യൂട്ടറുകളുടെയോ സഹായത്തോടെ മനുഷ്യര്‍ക്ക് അപകടകരമാകുന്ന തരത്തിലുള്ള സ്‌ഫോടക-റേഡിയേഷന്‍ വസ്തുക്കള്‍ കണ്ടെത്തുന്നതിനുള്ള പ്രത്യേക രൂപകല്‍പന ചെയ്ത വാഹനങ്ങളും ടെലിസ്‌കോപിക് ആയുധങ്ങളും ഉള്‍പെടുന്നതാണ് ഇന്‍ഡസ്ട്രിയല്‍ റോബോട്ട് അസംബ്ലിംഗ്.
പ്രത്യേക മേഖലകളില്‍ വിദേശകമ്പനികള്‍ക്കുള്ള നികുതി സംബന്ധമായ കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കുന്നതിനാണ് നികുതി വിദഗ്‌ധോപദേശം. ഇരട്ട നികുതി അടക്കുന്നതില്‍നിന്ന് അവരെ സഹായിക്കുകയും രാജ്യങ്ങള്‍ തമ്മിലുള്ള നികുതി ഉടമ്പടികള്‍ അറിയിക്കുകയും ചെയ്യും. വാണിജ്യ കരാറുകളില്‍ കള്ളപ്രമാണങ്ങള്‍ ഉണ്ടാക്കുന്നതില്‍നിന്ന് കമ്പനികളെ സംരക്ഷിക്കുന്നതിനാണ് സെക്യൂരിറ്റി പ്രമാണങ്ങളുടെ അച്ചടി സംവിധാനം. ബാലറ്റ് പേപ്പറുകള്‍, ബേങ്ക് നോട്ട്‌സ്, ചെക്കുകള്‍, പാസ്‌പോര്‍ട്, സ്റ്റോക്ക് സര്‍ട്ടിഫിക്കറ്റ്, ഐ ഡി കാര്‍ഡ് എന്നീ ഡോക്യുമെന്റുകള്‍ പരിശോധിക്കാനാണ് സഹായിക്കുക.
വാണിജ്യ കരാറുകളിലെ കൈയെഴുത്ത്, ഉപാധികള്‍, ഡിജിറ്റല്‍ ഇമേജായി ട്രാന്‍സ്മിഷന്‍ ചെയ്യല്‍ എന്നിവ സൂക്ഷ്മപരിശോധന നടത്തും. വാണിജ്യ രൂപകല്‍പനക്ക് ത്രീഡി സ്‌കാനര്‍ സംവിധാനം ഉപയോഗിക്കും.
നിര്‍മിത വസ്തുക്കളുടെ ഖര, ദ്രവ, വാതക മാലിന്യങ്ങള്‍ വേണ്ടവിധം കൈകാര്യം ചെയ്യുന്നതിനാണ് അനിശ്ചിതമായ മാലിന്യ ശേഖരണ നടത്തിപ്പ് സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. ആരോഗ്യം സംരക്ഷണത്തോടൊപ്പം മലിനജലം സംസ്‌കരണത്തിനുള്ള പദ്ധതികളും നടപ്പാക്കും. വാഹനങ്ങളിലെത്തി മാലിന്യങ്ങള്‍ ശേഖരിച്ച് നിശ്ചിത സ്ഥലത്ത് കൊണ്ടുപോയി നിക്ഷേപിക്കും. വിവിധ മേഖലകളില്‍ ആരോഗ്യ മാര്‍ഗ നിര്‍ദേശവും വിദഗ്‌ധോപദേശവും നല്‍കുന്നതിനാണ് ആരോഗ്യ ഉപദേശമെന്ന പ്രവര്‍ത്തനം. വാണിജ്യപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ആരോഗ്യരക്ഷാ സ്ഥാപനങ്ങള്‍ക്ക് ഉപദേശം നല്‍കും. രോഗികളുടെ സുരക്ഷ, രോഗ നിവാരണത്തിനുള്ള കാര്യങ്ങള്‍ നടപ്പാക്കും.
വാണിജ്യാവശ്യങ്ങള്‍ക്കായി വായ്പയെടുത്തവര്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കാനാണ് സാമ്പത്തിക ദല്ലാള്‍. ബേങ്കുകളില്‍നിന്നും മറ്റു വായ്പാ സ്ഥാപനങ്ങളില്‍നിന്നും സുരക്ഷിതമായ രീതിയില്‍ വായ്പയെടുക്കുന്നതിന് സാമ്പത്തിക ദല്ലാള്‍ സഹായിക്കും.
ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യു ട്യൂബ്, ലിങ്ക്ട് ഇന്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ വാണിജ്യവികസനത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിനാണ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളുടെ വികസനവും നടത്തിപ്പും അവതരിപ്പിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇടപെടല്‍ നടത്തി വിപണിയില്‍ വളര്‍ച്ച നേടാനുള്ള കാര്യങ്ങളാണ് ഇതിലൂടെ ചെയ്യുക. പുതിയ തീരുമാനങ്ങള്‍ സാമ്പത്തിക വികസനവകുപ്പിന്റെ പദ്ധതികള്‍ക്ക് കരുത്തേകും. എമിറേറ്റിലെ സേവനങ്ങള്‍ വളര്‍ത്താനും വാണിജ്യ ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കി സ്വകാര്യ മേഖലയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കാനും സാധിക്കും.