ഒരു ഡസനിലേറെ സീറ്റുകളില്‍ ബിജെപി-യുഡിഎഫ് ബന്ധമുണ്ടായെന്ന് പിണറായി

Posted on: June 12, 2016 12:20 pm | Last updated: June 12, 2016 at 8:15 pm

pinarayi

മഞ്ചേരി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു ഡസനിലേറെ സീറ്റുകളില്‍ യുഡിഎഫ്-ബിജെപി ബന്ധമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ചേരിയില്‍ ‘ഇഎംഎസിന്റെ ലോകം’ ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ വര്‍ഷങ്ങളേക്കാളുപരിയായി പരസ്യമായ വോട്ട് കച്ചവടമാണ് ബിജെപിയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും കാഴ്ചവെച്ചതെന്നും പിണറായി ആരോപിച്ചു.

ആര്‍എസ്എസ് ആണ് രാജ്യത്തെ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത്. ആര്‍എസ്എസിന്റെ ആജഞയനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് ബിജെപി. രാജ്യത്തെ എല്ലാ കലാപങ്ങള്‍ക്കും നേതൃത്വം കൊടുത്തത് ആര്‍എസ്എസാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് ജനങ്ങളെയാണ് ഇവര്‍ കൊന്നുതള്ളിയത്. ഇന്ത്യ ഏക വിശ്വാസമുള്ള രാജ്യമാകണമെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്.

ആര്‍എസ്എസ് കേരളത്തിലെ വോട്ട് കച്ചവടത്തിന്റെ ദല്ലാളന്‍മാരാണ്. നേമത്ത് ഒ രാജഗോപാലിന്റെ വിജയത്തിനും മറ്റ് ചിലയിടങ്ങളിലെ മത്സരത്തിനും കാരണം ഈ വോട്ട് കച്ചവടമാണ്. നേമത്തും മറ്റ് ചില മണ്ഡലങ്ങളിലും ബിജെപിയെ വിജയിപ്പിക്കുക പകരം മറ്റ് സ്ഥലങ്ങളില്‍ യുഡിഎഫിന് വോട്ട് നല്‍കുക. ഇത്തരത്തിലാണ് ഒരു ഡസനിലേറെ മണ്ഡലങ്ങളില്‍ യുഡിഎഫിന് വിജയിക്കാന്‍ സാധിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു.