നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് എതിരെ നാട്ടുകാരുടെ പ്രതിഷേധം

Posted on: June 12, 2016 12:06 pm | Last updated: June 12, 2016 at 12:06 pm

കോഴിക്കോട്: സെപ്റ്റിക് ടാങ്കില്‍ നിന്നുള്‍പ്പെടെയുള്ള മാലിന്യം പൊതുസ്ഥലങ്ങളില്‍ തള്ളിയെന്ന് ആരോപിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം.
ആശുപത്രിയില്‍ നിന്ന് മലിനജനം കൊണ്ടുപോകുന്ന ലോറി നാട്ടുകാര്‍ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ മെഡിക്കല്‍ കോളജ് പോലീസെത്തി അശാസ്ത്രീയമായ രീതിയില്‍ മലിനജലം കൊണ്ടുപോകുകയായിരുന്ന ലോറി കസ്റ്റഡിയിലെടുത്തു. തൊണ്ടയാട് ബൈപാസിലെ കുടില്‍തോട് ജംഗ്ഷനില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച സ്വകാര്യ ആശുപത്രിയിലെ മാലിന്യമാണ് പ്രശ്‌നം സൃഷ്ടിച്ചത്. പ്രദേശത്ത് ഏതാനും ദിവസങ്ങളായി പൊതുസ്ഥലത്ത് മാലിന്യമൊഴുക്കുന്നത് പതിവായിരുന്നു. ചിന്മയറോഡ്, കോട്ടൂളി റോഡ്, പാലാഴി റോഡ് തുടങ്ങിയിടങ്ങളില്‍ റോഡിലും ഓടകളിലും തുറസായ സ്ഥലങ്ങളിലുമെല്ലാം സെപ്റ്റിക് മാലിന്യം പടര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നിരീക്ഷണം നടത്തിവരികയായിരുന്നു.
ആശുപത്രിയിലെ ടാങ്കുകളില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ച് പമ്പിംഗ് നടത്തുന്നുണ്ടെന്നും ഇതുമായി ടാങ്കര്‍ലോറി രാത്രിയില്‍ പല തവണ പുറത്തേക്ക് പോകുന്നുണ്ടെന്നും പരിസരവാസികള്‍ പറഞ്ഞിരുന്നു. പെട്ടെന്ന് തന്നെ തിരിച്ചെത്തുന്നതിനാല്‍ സമീപപ്രദേശത്ത് തന്നെയാണ്് ഇതൊഴുക്കുന്നതെന്ന സംശയത്തിലായിരുന്നു നാട്ടുകാര്‍. ഇതിനിടെയാണ് ഇന്നലെ രാത്രി വൈകി ആശുപത്രിയില്‍ നിന്ന് ടാങ്കര്‍ ഒന്നിലധികം തവണ പുറത്തേക്ക് പോയതായുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് പുലര്‍ച്ചെയോടെ നാട്ടുകാരെത്തി ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് പോകുകയായിരുന്ന വാഹനം ഗേറ്റിന് സമീപം തടയുകയായിരുന്നു. മലിനജലമല്ലെന്നും ടാങ്കില്‍ നിറഞ്ഞ മഴവെള്ളമാണെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ നാട്ടുകാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ വി ബാബുരാജ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. മാലിന്യം പൊതുസ്ഥലത്ത് തള്ളാന്‍ ആരെയും അനുവദിക്കില്ലെന്നും ഇതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മേയര്‍ ഉറപ്പ് നല്‍കി. കൗണ്‍സിലര്‍മാരായ വി ടി സത്യന്‍, കെ ടി സുഷാജ് തുടങ്ങിയവരും സംഭവസ്ഥലത്തുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതായി മെഡിക്കല്‍ കോളജ് പോലീസ് അറിയിച്ചു. അതേ സമയം മാലിന്യവും മലിനജലവും സംസ്‌കരിക്കുന്നതിന് നിയമം അനുശാസിക്കുന്ന എല്ലാ സംവിധാനങ്ങളും ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. നൂതന രീതിയിലുള്ള മലിനജല സംസ്‌കരണ പ്ലാന്റുണ്ട്. ഇത് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കുന്നതിന്റെ ഭാഗമായി ടാങ്കുകള്‍ വൃത്തിയാക്കുന്ന ജോലി പുരോഗമിക്കുകയാണ്. ഇതിനായി സ്വകാര്യ വ്യക്തിക്ക് കരാര്‍ നല്‍കിയിരുന്നു. ടാങ്കില്‍ നിന്നുള്ള വെള്ളം നീക്കം ചെയ്യുന്നതിന്റെ പൂര്‍ണമായ ഉത്തരവാദിത്തം കരാറുകാരനാണ്. ഇയാള്‍ക്ക് വന്ന വീഴ്ചയാണ് പരാതിക്ക് കാരണമെന്നും മാനേജ്‌മെന്റ് പറഞ്ഞു.