വിനോദ് കുമാര്‍ കൊലപാതക കേസില്‍ മകന്‍ കൂറുമാറി

Posted on: June 12, 2016 12:03 pm | Last updated: June 12, 2016 at 12:03 pm

വളാഞ്ചേരി: വെണ്ടല്ലൂര്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാര്‍ കൊലപാതക കേസില്‍ മകന്‍ കൂറുമാറി. കൊല്ലപ്പെട്ട വിനോദ്കുമാറിന്റെ ഭാര്യയും ഭാര്യയുടെ സുഹൃത്തും ചേര്‍ന്ന് നടത്തിയ കൊലപാതക കേസിലാണ് മകന്‍ രാഹുല്‍ മൊഴി മാറ്റിയത്. 2015 ഓക്ടോബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വളാഞ്ചേരി വെണ്ടല്ലൂരില്‍ ഗ്യാസ് ഏജന്‍സി നടത്തുകയായിരുന്ന വിനോദ്കുമാറിനെ വെല്ലൂരിലെ വീട്ടില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഭാര്യ ജ്യോതിയെന്ന ജസീന്ത ജോര്‍ജിനെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. സുഹൃത്തായ എറണാകുളം സ്വദേശി മുഹമ്മദ് യൂസഫിനെ കൊണ്ട് ജ്യോതി വിനോദ്കുമാറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.
തുടര്‍ന്ന് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് വിചാരണക്കിടെയാണ് മകന്‍ മൊഴിമാറ്റി പറഞ്ഞത്. മാതാപിതാക്കള്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നില്ലെന്നും പിതാവുമായി വ്യാപാര തര്‍ക്കമുള്ളവരായിരിക്കാം പിതാവിനെ കൊലപ്പെടുത്തിയതെന്നുമാണ് മഞ്ചേരി സെഷന്‍സ് കോടതി മുമ്പാകെ മകന്‍ രാഹുല്‍ പറഞ്ഞ മൊഴി. വിനോദ് കുമാറിന്റെ രണ്ടാം ഭാര്യ രാജി, സഹോദരി ഷൈലജ തുടങ്ങിയവരുടേയും മൊഴികള്‍ കോടതി രേഖപ്പെടുത്തി. അതേ സമയം ഇറ്റാലിയര്‍ പൗരത്വമുള്ള വിനോദ് കുമാറിന്റെ ഭാര്യ ജസീന്ത ജോര്‍ജിന്റെ പേരിലാണ് നിലവിലുള്ള സ്വത്തുക്കള്‍.
വിനോദ് കുമാറിന്റെ രണ്ടാം വിവാഹത്തില്‍ ഒരാണ്‍കുട്ടിയുണ്ട്. അതിനാല്‍ തന്റെ മകന്‍ രാഹുലിന് വിനോദ് കുമാറിന്റെ സ്വത്തുക്കള്‍ നഷ്ടപ്പെടുമെന്ന ഭീതിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അതിനിടെയാണ് മകന്‍ രാഹുലിന്റെ മൊഴി മാറ്റമെന്നത് ശ്രദ്ധേയമാണ്. വിനോദ് കുമാറിന്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ടാണ് ജസീന്ത കൊലപാതകം ആസൂത്രണം ചെയ്‌തെന്നാണ് പോലീസ് നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നത്. അറസ്റ്റിലായ ഇരുവരും എട്ടുമാസമായി റിമാന്‍ഡിലാണ്. വളാഞ്ചേരി സി ഐ. കെ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് 40 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചത്.