അരിയല്ലൂര്‍ പരപ്പാല്‍ ബീച്ചില്‍ കടലാക്രമണം രൂക്ഷം

Posted on: June 12, 2016 11:58 am | Last updated: June 12, 2016 at 11:58 am

വള്ളിക്കുന്ന്: മഴ കനത്തതോടെ അരിയല്ലൂര്‍ പരപ്പാല്‍ ബീച്ചില്‍ കടലാക്രമണം രൂക്ഷമായി. കടല്‍ഭിത്തി ഇല്ലാത്തതാണ് ഇതിന് കാരണം. മത്സ്യതൊഴിലാളികള്‍ മീന്‍ കയറ്റാന്‍ ഉപയോഗിച്ച സ്ഥലം കഴിഞ്ഞ ദിവസം കടലെടുത്തു. രണ്ടു ദിവസങ്ങളായി കടല്‍ ഇളകി മറിയുകയാണ്. റോഡിന്റെ ഒരു ഭാഗത്തെ ഭിത്തി കഴിഞ്ഞ വര്‍ഷം കടലെടുത്തിരുന്നു. കടല്‍ ക്ഷോഭം ശക്തമായാല്‍ റോഡും നഷ്ടപ്പെടുന്ന സ്ഥിതിയാണ്.
റോഡ് തകര്‍ന്നാല്‍ വെള്ളം താഴ്ന്ന പ്രദേശങ്ങളിലൂടെ പരന്നൊഴുകി പ്രധാന പാതയായ കടലുണ്ടി റോഡിലെത്തും. ഇരുപത് വര്‍ഷം മുമ്പാണ് നിലവിലെ കടല്‍ഭിത്തി നിര്‍മ്മിക്കുന്നത്. പുളിമൂട്ട് നിര്‍മാണത്തിനായി പ്രൊജക്റ്റ് തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു. തത്ക്കാലം ദുരന്ത നിവാരണ സേനയെ ഉപയോഗിച്ച് മണല്‍ചാക്കുകള്‍ നിരത്തി താത്ക്കാലിക ഭിത്തി നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. മഴ മാറുന്നതോടെ സ്ഥിരം സംവിധാനം ഉണ്ടാ ക്കാനാണ് ശ്രമിക്കുന്നത്. നിലവില്‍ കരിങ്കല്‍ ആണികള്‍ നിരത്തുന്നത് ക്ഷോഭത്തിന്റെ ശക്തി കുറക്കാന്‍ കഴിയുമെന്ന അഭിപ്രായവുമുണ്ട്. ഇത് കടലാമ മുട്ടയിടുന്നതിനും തൊഴിലാളികളുടെ തോണിയിറക്കുന്നതിനും സഹായിക്കും. പരപ്പാല്‍ ബീച്ചിലെ കടലാക്രമണ മേഖല എം എല്‍ എ പി അബ്ദുള്‍ ഹമീദ് സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്തംഗം ബക്കര്‍ ചെര്‍ണൂര്‍, പ്രസിഡന്റ് വി എന്‍ ശോഭന, പഞ്ചായത്തംഗങ്ങളായ ഇ ദാസന്‍, നിസാര്‍ കുന്നുമ്മല്‍, ഒ ലക്ഷ്മി, നബീസ കാട്ടിരി, ബിന്ദു കെ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. സംഘം പ്രദേശവാ സികളുമായും പൊതു പ്രവര്‍ത്തകരുമായും ആശയ വിനിമയം നടത്തി.