മലയാള സര്‍വകലാശാലക്ക് എല്ലാ പിന്തുണയും ഉണ്ടാകും: മന്ത്രി കെ ടി ജലീല്‍

Posted on: June 12, 2016 11:57 am | Last updated: June 12, 2016 at 11:57 am

തിരൂര്‍: മലയാള സര്‍വകലാശാലയെ ഉയരത്തിലെത്തിക്കേണ്ടതുണ്ടെന്നും അതിന് സഹായകമായ എല്ലാ പിന്തുണയും പുതിയ സര്‍ക്കാരില്‍ നിന്നും ഉണ്ടാകുമെന്നും മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ഈ സര്‍വകലാശാല നമ്മുടെ അഭിമാനമാണ്.
അസൂയാവഹമായ പുരോഗതിയാണ് കലാശാല കൈവരിച്ചത്. ഭാഷയുടെ വികാസം സംസ്‌കാരത്തിന്റെ വികാസവുമായി ബന്ധപ്പെട്ടതാണ്. നാടും സമൂഹവും പുരോഗതിയിലേക്ക് വഴിനടക്കുന്നത് ഭാഷയുടെ സഹായത്തോടെയാണ്. വൈകിയാണെങ്കിലും ഭാഷാ സര്‍വകലാശാലക്ക് തുടക്കമിടാന്‍ കഴിഞ്ഞു എന്നത് ചാരിതാര്‍ത്ഥ്യജനകമാണെന്നും സര്‍വകലാശാലയിലെ പുതിയ ലൈബ്രറിക്ക് ശിലയിട്ടുകൊണ്ട് സംസാരിക്കവെ മന്ത്രി പറഞ്ഞു.
സര്‍വകലാശാലയിലെ സംസ്‌കാര പൈതൃക പഠനം, തദ്ദേശ വികസന പഠനം എന്നീ കോഴ്‌സുകള്‍ നിയമനത്തിനുള്ള യോഗ്യതയായി നിശ്ചയിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരുമായും പി എസ് സിയുമായും വിദ്യാഭ്യാസ മന്ത്രിയുമായും ചര്‍ച്ച നടത്തും. കലാശാലയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കലാശാലാ വിദ്യാര്‍ഥി യൂനിയന്‍ ഏര്‍പ്പെടുത്തിയ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു. വാക്കാട് എ എം എല്‍ പി സ്‌കൂളിലെ പി അലി അസ്‌കര്‍, പി മുഹമ്മദ് സിനാന്‍, വെട്ടം എ എം യു പി സ്‌കൂളിലെ വിമല്‍ നാരായണന്‍, അഞ്ജന കൃഷ്ണ, ബഷീറ ബശീര്‍ എന്നിവര്‍ പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി.