ആത്മ സംസ്‌കരണത്തിന്റെ നാളുകള്‍

Posted on: June 12, 2016 4:58 am | Last updated: June 15, 2016 at 6:28 pm
SHARE

VRUTHA SHUDHI#സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി
റമസാനിന്റെ ഓരോ ദിനരാത്രങ്ങള്‍ക്കും വ്യത്യസ്തങ്ങളായ പ്രാധാന്യമാണുള്ളത്. ആദ്യത്തെ പത്ത് രാവുകള്‍ അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് പ്രത്യേകമാക്കപ്പെട്ടതാണെന്ന് മഹത്തുക്കള്‍ രേഖപ്പെടുത്തുന്നു. അല്ലാഹുവിന്റ മഹത്തായ കാരുണ്യം എണ്ണിത്തിട്ടപ്പെടുത്താവുന്നതിലുമപ്പുറമാണെന്ന് ഖുര്‍ആന്‍ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.
അനുഗ്രഹം ചോദിക്കുന്നതിനും കരുണയുടെ തിരുനോട്ടം ലഭിക്കുന്നതിനും വിശ്വാസികള്‍ക്ക് പ്രത്യേകമാക്കപ്പെട്ട ദിനങ്ങള്‍. അല്ലാഹുവിന്റെ കാരുണ്യം വിശാലമാണ്. ”അല്ലാഹുവിന് നൂറ് റഹ്മത്തുകളുണ്ട് മനുഷ്യരുടെയും ജിന്നുകളുടെയും മൃഗങ്ങളുടെയുമെല്ലാം ഇടയില്‍ അതിലൊരംശം മാത്രമാണുള്ളത്. അതുകൊണ്ട് അവര്‍ പരസ്പരം മയം ചെയ്യുകയും കാരുണ്യം കാണിക്കുകയും ചെയ്യുന്നു. അത്‌പോലെ മൃഗങ്ങള്‍ അവരുടെ കുഞ്ഞുങ്ങളോട് വാത്സല്യം കാണിക്കുന്നു. 99 റഹ്മത്തുകള്‍ അല്ലാഹു അന്ത്യദിനത്തില്‍ അടിമകള്‍ക്ക് കാരുണ്യം ചെയ്യുന്നതിനു വേണ്ടി പിന്തിച്ചു വെച്ചു(മുസ്‌നദു അഹ്മദ്) അപ്പോള്‍ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വിശാലത എത്രയാണ്.
വിശുദ്ധ റമസാനിനെ സമ്പന്നമാക്കുന്ന കാര്യങ്ങളില്‍ മുഖ്യമായത് മാനവരാശിക്ക് മാര്‍ഗദര്‍ശനം നല്‍കിയ അമാനുഷിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്റെ അവതീര്‍ണമാണ്. ജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗവും സുവ്യക്തമായി ആവിഷ്‌കരിച്ച ആ വിശുദ്ധ ഗ്രന്ഥം മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ സംസ്‌കരണത്തിന് വഴിതുറക്കുന്നു. അതുകൊണ്ട് തന്നെയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വായക്കപ്പെടുന്ന ഗ്രന്ഥങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ പ്രാമുഖ്യം നേടിയത്.
വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിശുദ്ധ റമസാന്‍, ഖുര്‍ആന്‍ പാരായണം അധികരിപ്പിക്കേണ്ട മാസമാണ്. നമുക്ക് മുന്‍കഴിഞ്ഞ മഹത്തുക്കളൊക്കെയും വിശുദ്ധ റമസാനിന്റെ രാപകലുകളെ ഖുര്‍ആന്‍ പാരായണ കൊണ്ട് ധന്യമാക്കിയവരായിരുന്നു.
മഴ ഭൂമിക്ക് വസന്തമായത് പോലെ വിശുദ്ധ ഖുര്‍ആന്‍ വിശ്വാസിക്ക് വസന്തമാണ് മാലിക് ബ്‌നു ദീനാറി (റ) ന്റെ വാക്കുകള്‍ അന്വര്‍ഥമാക്കുന്നത് ഖുര്‍ആനിന്റെ മാസ്മരികതയാണ്. നിരന്തരം ഖുര്‍ആന്‍ പാരായണത്തിലൂടെ ആ ഹൃദയ വസന്തം നാം കരസ്ഥമാക്കണം. ആ ദിവ്യ ദൃഷ്ടാന്തം നമുക്ക് എല്ലാറ്റിനുമുള്ള പരിഹാരണാണ്, ഔഷധമാണ്.
വിശ്വാസികള്‍ക്ക് ആത്മ സംസ്‌കരണത്തിന്റെയും ആരാധനാധന്യതയുടെയും പുത്തനുണര്‍വുകള്‍ സമ്മാനിക്കുന്ന വിശുദ്ധ റമസാനില്‍ നാം കൂടുതല്‍ നന്മകളെക്കൊണ്ട് ധന്യമാക്കണം. ആരാധനകള്‍ക്കും ദാനധര്‍മങ്ങള്‍ക്കും ഒട്ടേറെ പ്രതിഫലം നല്‍കപ്പെടുന്ന ഈ പുണ്യ മാസത്തില്‍ കഷ്ടതയനുഭവിക്കുന്നവന്റെ കണ്ണീരൊപ്പാനും അവരെ സഹായിക്കാനും നാം മുന്നിട്ടിറങ്ങണം. നിങ്ങള്‍ ഒരു കാരക്കച്ചീന്തുകൊണ്ടെങ്കിലും നരകത്തെ കാക്കുക എന്ന പ്രവാചകാധ്യാപനം ദാനധര്‍മങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നു. നന്മകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ തിരുവാക്കുകള്‍ നമുക്ക് പ്രചോദനമാകണം.
തിരുസന്നിധിയില്‍ വന്നു കൂടിയ അനുചരന്മാരോട് പ്രവാചകന്‍ (സ)തങ്ങള്‍ ചോദിച്ചു. നിങ്ങളില്‍ ആരാണിന്ന് നോമ്പ്കാരനായിട്ടുള്ളത്. അവരില്‍ നിന്നും അബൂബക്കര്‍ സിദ്ദീഖ് (റ) എഴുന്നേറ്റു നിന്നു. പ്രവാചകര്‍ വീണ്ടും അവരോട് ചോദിച്ചു നിങ്ങളില്‍ നിന്ന് ആരാണ് ദാനധര്‍മം ചെയ്തവര്‍ അതിനും അവര്‍ തന്നെയാണ് മറുപടിപറയാനുണ്ടായത്. മൂന്നാമതായി നബി(സ) ചോദിച്ചു ആരാണ് ഇന്ന് രോഗിയെ സന്ദര്‍ശിച്ചത് ,അതിനും അബൂബക്കര്‍ സിദ്ദീഖ് (റ) പറഞ്ഞു ഞാന്‍ നബിയേ… ശേഷം നബി(സ) തങ്ങള്‍ പറഞ്ഞു ആരെങ്കിലും ഈ മൂന്ന് കാര്യങ്ങള്‍ ഒരുമിച്ചു കൂട്ടിയാല്‍ അവന്‍ തീര്‍ച്ചയായും സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്(ഹദീസ്)
റമസാന്‍ അര്‍ഥം സൂചിപ്പിക്കുന്നതുപോലെ തിന്മകളും ദുര്‍പ്രവൃത്തികളും കരിച്ച് മനസ്സും ശരീരവും പാപമുക്തമാക്കേണ്ട മാസമാണ്. പുണ്യങ്ങളും പ്രതിഫലനങ്ങളും ധാരാളമായി നല്‍കപ്പെടുന്ന ഈ വിശുദ്ധ രാവിരവുകള്‍ ആരാധനകള്‍ കൊണ്ട് ധന്യമാക്കുക. മനസ്സിനേയും ശരീരത്തേയും ദുര്‍മാര്‍ഗങ്ങളില്‍ തളച്ചിടുന്ന വാക്കുകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും വിട്ടുനില്‍ക്കുക. തിരുനബി(സ) ഉണര്‍ത്തിയതു പോലെ നിങ്ങള്‍ക്ക് വാക്കിലും പ്രവൃത്തിയിലും സൂക്ഷ്മത പുലര്‍ത്താനാവുന്നില്ലെങ്കില്‍ നിങ്ങള്‍ മിണ്ടാതിരിക്കുക. നോമ്പുകാരന്റെ അടക്കവും ഉറക്കവുമെല്ലാം ആരാധനയാണെന്ന് മഹത്തുക്കള്‍ രേഖപ്പെടുത്തുന്നു. വിശുദ്ധിയുടെ വസന്തം പെയ്തിറങ്ങുന്ന ഈ മാസം നമുക്ക് സുകൃതങ്ങളും നന്മകളും കൊണ്ട് ധന്യമാക്കാം. നാഥന്‍ തുണക്കട്ടെ…

LEAVE A REPLY

Please enter your comment!
Please enter your name here