സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ശുദ്ധീകരിക്കണം

Posted on: June 12, 2016 5:20 am | Last updated: June 11, 2016 at 11:50 pm

കായികമന്ത്രി ഇ പി ജയരാജനും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജും തമ്മില്‍ കഴിഞ്ഞ തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ച സംബന്ധിച്ച വിവാദം തുടരുകയാണ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഇബ്‌റാഹീം കുട്ടിയുമൊന്നിച്ചുള്ള കൂടിക്കാഴ്ചക്കിടെ മന്ത്രി തന്നോട് തട്ടിക്കയറിയെന്നും അപമാനിച്ചുവെന്നുമൊക്കെയാണ് അഞ്ജു ആരോപിക്കുന്നത്. താന്‍ ആരെയും അധിക്ഷേപിക്കുകയോ അവമതിക്കുകയോ ചെയ്തിട്ടില്ലെന്നും കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന കാലത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നടന്ന ചില അനധികൃത നിയമനങ്ങളെയും ക്രമക്കേടുകളെയും സംബന്ധിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രിയും പറയുന്നു. കാള പെറ്റെന്ന് കേട്ടപ്പോള്‍ കയറെടുത്തുവെന്ന ചൊല്ലിനെ അന്വര്‍ഥമാക്കും വിധം വാര്‍ത്ത പുറത്തുവന്ന പാടെ രാഷ്ട്രീയ പ്രതിയോഗികള്‍ കായിക മന്ത്രിക്കെതിരായ പ്രസ്താവനകളുമായി രംഗത്തെത്തുകയും ചെയ്തു.
മന്ത്രിയും അഞ്ജുവും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ മന്ത്രി പറഞ്ഞതെന്തായാലും സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നടക്കുന്ന ക്രമക്കേടുകളും അഴിമതികളും പുറത്തു കൊണ്ടുവരാന്‍ അത് സഹായകമായിട്ടുണ്ട്. കായിക കേരളത്തിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും പരിഗണിച്ചു നടത്തേണ്ട സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ നിയമനങ്ങളില്‍ ഈ വശം പാടേ അവഗണിച്ചു മറ്റു താത്പര്യങ്ങളാണ് മുഴച്ചു നിന്നതെന്ന് കൂടിക്കാഴ്ചാ വിവാദത്തെ തുടര്‍ന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ബോധ്യപ്പെടുത്തുന്നു. അഞ്ജുവിന്റെ നിയമനം തന്നെ സ്‌പോര്‍ട്‌സ് മേഖലക്ക് സഹായകമല്ല. മുഴുസമയ പ്രവര്‍ത്തനത്തിന് സജ്ജമായ ആളായിരിക്കണം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പദവി കൈയാളേണ്ടത്. ബെംഗുളുരുവില്‍ കസ്റ്റംസ് ഉദ്യോഗസ്ഥയായ അഞ്ജു മിക്ക ദിവസങ്ങളിലും അവിടെത്തന്നെയാണ് ചെലവഴിക്കുന്നത്. ഇതിന് പുറമേ ദേശീയ അത്‌ലറ്റിക് ക്യാമ്പിന്റെ കോ-ഓര്‍ഡിനേറ്റര്‍ പദവി കൂടി വഹിക്കുന്നുണ്ട് അവര്‍. കസ്റ്റംസില്‍ ഡെപ്യൂട്ടേഷനില്‍ നിന്നാണ് ഈ പദവിയിലെത്തുന്നത്. അത്‌ലറ്റിക് ക്യാമ്പിന്റെ കോ-ഓര്‍ഡിനേറ്റര്‍ പദവി വഹിക്കുന്നയാള്‍ മുഴുവന്‍ സമയവും ക്യാമ്പിലുണ്ടായിരിക്കണമെന്നാണ് ചട്ടം. ഈ നിയമം ലംഘിച്ചു അവര്‍ ബെംഗുളുരുവില്‍ സ്വന്തമായി ഒരു സ്‌പോര്‍ട്‌സ് അക്കാദമി നടത്തുന്നുമുണ്ട്. ഈ തിരക്കുകള്‍ക്കിടയില്‍ കിട്ടുന്ന ചുരുങ്ങിയ സമയം ഉപയോഗപ്പെടുത്തി വല്ലപ്പോഴുമൊക്കെയാണ് അവര്‍ കേരളത്തില്‍ വന്നു പോകുന്നത്. കഴിഞ്ഞ നവംബര്‍ 17ന് കൗണ്‍സില്‍ അധ്യക്ഷയായി നിയമിതയായ ശേഷം നാല് തവണ മാത്രമാണത്രേ അഞ്ജു ഓഫീസില്‍ വന്നത്. ഇത്തരമൊരാള്‍ കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നത് കൊണ്ട് കേരളത്തിലെ കായിക മേഖലക്ക് എന്താണ് ഗുണം?
അഞ്ജുവിന്റെ സഹോദരന്‍ അജിത്ത് മാര്‍ക്കോസിനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അസി. സെക്രട്ടറി (ടെക്‌നിക്കല്‍) സ്ഥാനത്ത് നിയമിച്ചതും എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ്. കായിക വിദ്യാഭ്യാസത്തില്‍ ബിരുദാനന്തര ബിരുദം, കായിക പരിശീലനത്തിനുള്ള എന്‍ ഐ എസ് ഡിപ്ലോമ, സ്‌പോര്‍ട്‌സ് രംഗത്തെ മികച്ച അനുഭവ സമ്പത്ത്, രാജ്യാന്തര ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യല്‍ തുടങ്ങിയവയാണ് ഈ തസ്തികയിലെ നിയമനത്തിന് മാനദണ്ഡം. എന്നാല്‍, കോയമ്പത്തൂര്‍ മഹാരാജ എന്‍ജിനീയറിംഗ് കോളജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലുള്ള യോഗ്യതയല്ലാതെ കായിക രംഗത്തെ ബിരുദമോ അനുഭവ സമ്പത്തോ അജിത്ത് നല്‍കിയ ബയോഡാറ്റയില്‍ കാണിച്ചിട്ടില്ല. ഇക്കാരണത്താല്‍ പത്മിനി തോമസ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരിക്കെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20ന് അജിത്ത് ഈ തസ്തികയിലേക്ക് നല്‍കിയ അപേക്ഷ നിരസിക്കപ്പെടുകയാണുണ്ടായത്. പിന്നീട് അഞ്ജു പ്രസിഡന്റ് പദവിയിലത്തിയ ശേഷം കഴിഞ്ഞ മാര്‍ച്ച് നാലിനാണ് അജിത്തിന് 80,000 രൂപ ശമ്പളത്തില്‍ അന്നത്തെ കായിക യുവജന മന്ത്രി നിയമനം നല്‍കുന്നത്. ജോലിയില്‍ പ്രവേശിച്ച ഈ സൗകര്യമുപയോഗിച്ചു സര്‍ക്കാര്‍ ചെലവില്‍ പല വിദേശ യാത്രകള്‍ നടത്തുകയാണദ്ദേഹം. യൂറോപ്പില്‍ നടക്കുന്ന വിവിധ മത്സരങ്ങള്‍ കാണാനുള്ള അനുമതിയും ഇതുവഴി സമ്പാദിക്കുകയുണ്ടായി.
പ്രശ്‌നത്തില്‍ മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചും അഞ്ജുവിനെ പിന്തുണച്ചും ചിലപ്രതിപക്ഷ നേതാക്കള്‍ നടത്തിയ പ്രതികരണം ശരിയായില്ല. അഴിമതിയും ക്രമക്കേടും കാണിക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുകയല്ല, അതിനെതിരെ പ്രതികരിക്കുകയായിരുന്നു അവര്‍ ചെയ്യേണ്ടത്. കിട്ടുന്ന ഏതു വടിയും രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വിനിയോഗിക്കുന്ന പ്രവണത അവസാനിപ്പിച്ച് സംഭവങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാനുള്ള രാഷ്ട്രീയ സംസ്‌കാരത്തിലേക്ക് ഉയര്‍ന്ന് വരേണ്ടതുണ്ട് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍. ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പിരിച്ചുവിടാനും കൗണ്‍സിലിലേക്ക് അംഗങ്ങളെയും ഭാരവാഹികളെയും നോമിനേറ്റ് ചെയ്യുന്ന രീതിക്ക് പകരം ഭരണ സമിതിയെ തിരഞ്ഞെടുക്കുന്ന രീതി കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം. ജനാധിപത്യ മാര്‍ഗേണ കൗണ്‍സില്‍ പുനഃസംഘടിപ്പിക്കാനുള്ള നീക്കം സ്വാഗതാര്‍ഹമാണ്. നോമിനേറ്റ് സമ്പ്രദായമാണ് പലപ്പോഴും ക്രമക്കേടുകള്‍ക്ക് സൗകര്യമൊരുക്കുന്നത്. കായിക രംഗത്തെ പദവികളില്‍ അവരോധിക്കപ്പെടുന്നവര്‍ കിട്ടിയ അവസരമുപയോഗിച്ചു വിദേശയാത്ര നടത്തുകയും പണം ധൂര്‍ത്തടിക്കുകയും ചെയ്യുന്ന പ്രവണതയും അവസാനിപ്പിക്കേണ്ടതുണ്ട്.