കെപിസിസി അഴിച്ചു പണിക്ക് ഹൈക്കമാന്റ് തയ്യാറാകണം:കെ സുധാകരന്‍

Posted on: June 11, 2016 3:04 pm | Last updated: June 11, 2016 at 8:12 pm
SHARE

K SUDHAKARANന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കെ.പി.സി.സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ രംഗത്ത്. കെ.പി.സി.സിയില്‍ അഴിച്ചു പണി വേണമെന്നും അതിന് ഹൈക്കമാന്‍ഡ് തയ്യാറാകുമെന്നാണ് താന്‍ കരുതുന്നതെന്നും സുധാകരന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനു നേരെയുണ്ടായ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. കോണ്‍ഗ്രസിന്റെ ഈ വീഴ്ച ബി.ജെ.പി മുതലെടുത്തു. അതിനാലാണ് അവര്‍ നിയമസഭയില്‍ അക്കൗണ്ട് തുറന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങളും ഐക്യവും ഇല്ലാതെയായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഗ്രൂപ്പ് പ്രവര്‍ത്തനം തോല്‍വിക്ക് കാരണമായതായി കരുതുന്നില്ല. മുന്പും കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടായിരുന്നു. ഇരു കേഡറുകളുടേയും ഒരുപോലെ കൊണ്ടുപോവാന്‍ കഴിവുള്ള നേതൃത്വമാണ് വേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.
പിണറായിയെ പോലുള്ള ഒരാളെ നേരിടാന്‍ ചങ്കുറപ്പുള്ള നേതൃത്വമാണ് കെ.പി.സി.സിക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.പലയിടത്തും പാര്‍ട്ടിയുടെ പിന്തുണയില്ലാത്ത സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. ഭൂരിപക്ഷത്തിന്റെ വിശ്വാസം നേടാനായില്ല. ന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസിലുണ്ടായിരുന്ന വിശ്വാസം നിലനിറുത്താനും കഴിയാതെ പോയി. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഐക്യമില്ല. സംഘടനാ പിഴവാണ് തോല്‍വിക്ക് കാരണമെന്നും സുധാകരന്‍ പറഞ്ഞു