കൊച്ചി മെട്രോയില്‍ പുതിയ പ്രതിസന്ധി; കരാറുകാരായ സോമയെ ഒഴിവാക്കി

Posted on: June 11, 2016 10:03 am | Last updated: June 11, 2016 at 11:07 am
SHARE

kochi metroകൊച്ചി: മഹാരാജാസ് കോളജ് മുതല്‍ സൗത്ത് വരെയുള്ള ഭാഗത്ത് മെട്രോ റെയില്‍ നിര്‍മാണം നടത്താന്‍ സോമ കണ്‍സ്ട്രക്ഷന്‍സുമായുണ്ടാക്കിയ കരാര്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ റദ്ദാക്കി. എസ്റ്റിമേറ്റില്‍ 40 ശതമാനം വര്‍ധന അനുവദിക്കണമെന്ന് സോമ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ ഒഴിവാക്കി പുതിയ ടെന്‍ഡര്‍ വിളിക്കാന്‍ ഡി എം ആര്‍ സി തീരുമാനിച്ചത്. മഹാരാജാസ് മുതല്‍ സൗത്ത് വരെയും വൈറ്റില മുതല്‍ തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷന്‍ വരെയും പുതിയ ടെന്‍ഡര്‍ വിളിച്ച് കരാര്‍ നല്‍കാനാണ് തീരുമാനം. സൗത്ത് മുതല്‍ വൈറ്റില വരെയുള്ള ഭാഗത്ത് സോമ കണ്‍സ്ട്രക്ഷന്‍സ് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനം തുടരും.

സൗത്ത് ഭാഗത്ത് ഭൂമി ഏറ്റെടുത്ത് കൈമാറുന്നത് വൈകിയതിനെ തുടര്‍ന്ന് മഹാരാജാസ് മുതല്‍ സൗത്ത് വരെയുള്ള ഭാഗത്ത് മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനായിട്ടില്ല. നിര്‍മാണം തുടങ്ങാന്‍ വൈകിയതിനാല്‍ നിര്‍മാണ ചെലവിലുണ്ടായിട്ടുള്ള വര്‍ധന കണക്കിലെടുത്ത് എസ്റ്റിമേറ്റില്‍ 40 ശതമാനം വര്‍ധന അനുവദിക്കണമെന്ന സോമയുടെ ആവശ്യം ഡി എം ആര്‍ സി അംഗീകരിച്ചില്ല. കൂടുതല്‍ തുക നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ച ഡി എം ആര്‍ സി ഈ ഭാഗത്തെ നിര്‍മാണത്തില്‍ നിന്ന് സോമയെ ഒഴിവാക്കി റിടെണ്ടറിംഗിന് തീരുമാനിക്കുകയായിരുന്നു. റീടെന്‍ഡറിംഗില്‍ സോമ കണ്‍സ്ട്രക്ഷനും പങ്കെടുക്കാന്‍ തടസ്സമില്ലെന്ന് ഡി എം ആര്‍ സി വൃത്തങ്ങള്‍ പറഞ്ഞു.
നേരത്തെ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കൊച്ചി മെട്രോ ആദ്യ ഘട്ടം പൂര്‍ത്തിയായി സര്‍വീസ് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് മാര്‍ച്ചിലേക്ക് ആദ്യം ഘട്ടം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരും ഡി എം ആര്‍ സിയും ഉദ്ദേശിക്കുന്നത്. അതേസമയം, കൊച്ചി മെട്രോ നിര്‍മാണത്തില്‍ പ്രതിസന്ധിയില്ലെന്ന് ഡി എം ആര്‍ സി വ്യക്തമാക്കി. മാര്‍ച്ചില്‍ പണി പൂര്‍ത്തിയാക്കി മെട്രോ കമ്മീഷന്‍ ചെയ്യും. മഹാരാജാസ് മുതല്‍ സൗത്ത് വരെ സ്ഥലമേറ്റെടുക്കല്‍ വൈകിയതാണ് നിര്‍മാണം ഇഴയാന്‍ കാരണം. ജോലി പൂര്‍ത്തിയാക്കി റെയില്‍വേ സുരക്ഷാ അതോറിറ്റി പരിശോധന നടത്തി അംഗീകാരം നല്‍കിയാല്‍ മാത്രമെ മാര്‍ച്ചില്‍ സര്‍വീസ് തുടങ്ങാനാകൂ. ഇതിന് മുന്നോടിയായി പലതവണ പരീക്ഷണ ഓട്ടം നടത്തേണ്ടതുമുണ്ട്.
അതേസമയം നിര്‍മാണം പുരോഗമിക്കുന്ന മെട്രോ റെയില്‍ പദ്ധതിയില്‍ വന്നിട്ടുള്ള പ്രശ്‌നങ്ങളെ കുറിച്ചും അനുബന്ധ വിഷയങ്ങളെ സംബന്ധിച്ചും സമഗ്രമായ ചര്‍ച്ച നടത്തി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മേയര്‍ സൗമിനി ജെയിന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പ്രശ്‌ന പരിഹാരങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് മേധാവികളെയും ഉള്‍പ്പെടുത്തി അടിയന്തര അവലോകനം യോഗം ചേരുന്നത് അനിവാര്യമാണെന്ന് കത്തില്‍ പറയുന്നു. മെട്രോ നിര്‍മാണം നഗരത്തില്‍ രൂക്ഷമായ ഗതാഗത, വെള്ളക്കെട്ട് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അത് തുടര്‍ന്ന് പോവുന്നത് ജനങ്ങളുടെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തുമെന്ന ആശങ്കയുണ്ട്. അതിനാല്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന അഭ്യര്‍ഥന പരിഗണിക്കണമെന്നും കത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here