Connect with us

Kerala

അതിരപ്പിള്ളി പദ്ധതിക്കായി വൈദ്യുതി ബോര്‍ഡിലെ സി പി എം അനുകൂല സംഘടനകള്‍

Published

|

Last Updated

കോതമംഗലം:അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാറില്‍ സമര്‍ദ്ദം ചെലുത്താന്‍ വൈദ്യുതി ബോര്‍ഡിലെ സി പി എം അനുകൂലസംഘടനകള്‍ ഒരുങ്ങുന്നു. അതിരപ്പിള്ളി പദ്ധതി വീണ്ടും സജീവ ചര്‍ച്ചയാകുകയും ഭരണമുന്നണിയില്‍തന്നെ രണ്ട് അഭിപ്രായം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ജീവനക്കാരുടെ സംഘടനകള്‍ പദ്ധതി നടപ്പാക്കണമെന്നുള്ള ആവശ്യവുമായി രംഗത്ത് വന്നിട്ടുള്ളത്. സംസ്ഥാനം കടുത്ത ഊര്‍ജ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയും 2020 ആകുമ്പോഴേക്കും വന്‍ പ്രതിസന്ധിയെ അതിജീവിക്കേണ്ടി വരികയും ചെയ്യുമെന്ന വിലയിരുത്തലാണ് പദ്ധതി നടപ്പാക്കണമെന്ന ആവശ്യത്തിന് പ്രസക്തിയേറുന്നത്.

വൈദ്യുതി ബോര്‍ഡിലെ മറ്റ് സംഘടനകളുടേയും പിന്തുണ തേടുന്നതിനും ശ്രമം ആരംഭിച്ചിട്ടുണ്ട്. വലിയ പരിസ്ഥിതി ആഘാതം ഇല്ലാതെയാണ് പദ്ധതി നടപ്പാക്കുകയെന്ന് എതിര്‍പ്പുള്ള വിഭാഗങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ബോര്‍ഡിലെ ഉദ്യോഗസ്ഥ സംഘടനകള്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു 6.07 കീ. മി മുകളില്‍ 23 മീറ്റര്‍ ഉയരമുള്ള ചെറിയ ഡാം നിര്‍മിച്ച് 163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള 936 കോടി രൂപ ചെലവു വരുന്ന പദ്ധതിയാണ് വൈദ്യുതി ബോര്‍ഡ് തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ പദ്ധതി ടെന്‍ഡര്‍ നല്‍കാനാകും. ചാലക്കുടി പുഴയിലെ പെരിങ്ങള്‍ക്കുത്ത് ജലവൈദ്യുത പദ്ധതിയുടെ പവര്‍ ഹൗസില്‍ നിന്നും 2.52 കിലോ മീറ്റര്‍ ദൂരെയാണ് പുതിയ ഡാം നിര്‍മിക്കുന്നത്. പെരിങ്ങള്‍ക്കുത്ത് പവര്‍ ഹൗസില്‍ നിന്നും വൈദ്യുതി ഉത്പാദന ശേഷം പുറന്തള്ളുന്ന വെള്ളം അണകെട്ടി സംഭരിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. അണക്കെട്ടില്‍ നിന്നും മൂന്ന് മീറ്റര്‍ വ്യാസമുള്ള തുരങ്കത്തിലൂടെ കണ്ണങ്കുഴിയില്‍ എത്തിച്ചാണ് വൈദ്യുതി ഉത്പ്പാദിപ്പിക്കുക. അതിനുശേഷം ഡാമില്‍ നിന്ന് 7.8 കിലോമീറ്റര്‍ താഴെ ചാലക്കുടി പുഴയിലേക്ക് തന്നെ ഈ വെള്ളം ഒഴുക്കി വിടുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 1.8 കിലോമീറ്റര്‍ താഴെയാണ് ഈ സ്ഥലം. പെരിങ്ങല്‍ക്കുത്ത് പവര്‍ ഹൗസില്‍ 48 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. രാത്രി മാത്രമാണ് മുഴുവന്‍ ജനറേറ്ററും പ്രവര്‍ത്തിക്കുന്നത്.

ഇവിടെ നിന്നും പുറന്തള്ളുന്ന വെള്ളം അതിരപ്പിള്ളി വെള്ളച്ചാടം വഴിയാണ് പുറത്തേക്ക് വിടുന്നത്. പെരിങ്ങല്‍കുത്തില്‍ ശരാശരി എട്ട് മെഗാവാട്ട് ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ പുറത്തേക്കൊഴുകുന്ന അത്രയും വെള്ളം പുതിയ ഡാമിന് താഴെ സ്ഥാപിക്കുന്ന മൂന്ന് മെഗാവാട്ട് നിലയത്തിന് വേണ്ടി പുറത്തേക്ക് വിടുമെന്നാണ് ബോര്‍ഡിന്റെ പ്രോജക്ട് റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇത്തരത്തില്‍ വരുമ്പോള്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം ഇപ്പോഴത്തേത് പോലെ തുടരും. അതിരപ്പിള്ളി പദ്ധതിയുടെ പ്രധാന പവര്‍ ഹൗസില്‍ 80 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററാണ് സ്ഥാപിക്കുക. ഇതില്‍ നിന്നും 163 മെഗാവാട്ട് വൈദ്യുതി ലഭിക്കും. വര്‍ഷം കുറഞ്ഞത് 23.3 കോടി യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള കേന്ദ്ര വൈദ്യുതി അതോറിറ്റി നല്‍കിയിരിക്കുന്നതെങ്കിലും മഴ ലഭിച്ചാല്‍ 60 കോടി യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പാമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിലയിരുത്തല്‍. 2001 ല്‍ അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ 450 കോടിയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. പദ്ധതി നടപ്പാക്കാന്‍ കാലതാമസം നേരിടുന്നത് ഇനിയും ചെലവ് വര്‍ധിക്കാന്‍ കാരണമാകുമെന്നും വൈദ്യുതി ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.